ആലുവ: അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ പിടികൂടുന്നതിനായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബിനാനിപുരം മേഖലയിലും അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം തൃശൂര്‍ വാടാനപ്പള്ളിയില്‍നിന്നും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് ബിനാനിപുരം മേഖലയില്‍ നിരവധി പേര് തമ്പടിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
ബംഗ്ലാദേശികള്‍ക്കൊപ്പം ആലങ്ങാട് സ്വദേശിയായ മൊയ്തീന്‍കുഞ്ഞ് എന്നയാളും പിടിയിലാകുകയുണ്ടായി. ഇയാളാണ് ബംഗ്ലാദേശികളെ ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നതെന്നും വെളിപ്പെട്ടു. ബംഗ്ലാദേശികള്‍ ബംഗാളികളാണെന്ന വ്യാജസര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കിയിരുന്നു. എവിടെയാണ് ഇത്തരം വ്യാജരേഖകള്‍ തയ്യാറാക്കുന്നതെന്നതും അന്വേഷിക്കുന്നുണ്ട്.
ബംഗ്ലാദേശില്‍നിന്നും ഇവരെ റിക്രൂട്ട് ചെയ്യുന്നത് ബംഗാളികളായ ചിലരാണ്. ഇവരില്‍നിന്നുമാണ് കേരളത്തിലെ ഏജന്റുമാര്‍ ഇവരെ ഏറ്റുവാങ്ങുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ പലരും കൂലി ഏകപക്ഷീയമായി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇവരെ നേരിടുന്നതിനായാണ് ബംഗ്ലാദേശികളെ കൂടുതലായി കൊണ്ടുവരുന്നത്.
അതിര്ത്തിരക്ഷാസേനക്ക് മൂവായിരം രൂപ നല്കിയാല് ഇവരെ ബംഗാളിലേക്ക് കടത്തിവിടും. അവിടെനിന്നും ട്രെയിനിലാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവിടുത്തെ ഏജന്റുമാര്‍ തൊഴില്‍സ്ഥാപനങ്ങളില്‍ നിന്നും 350 രൂപ വരെ കൂലി ഈടാക്കുമ്പോള്‍ പലപ്പോഴും ഇവര്‍ക്ക് നല്‍കുന്നത് 150 രൂപവരെ മാത്രമാണെന്ന് വെളിപ്പെട്ടു. പലരും ബംഗ്ലാദേശിലെ ദാരിദ്ര്യത്തെത്തുടര്ന്നാണ് ഇവിടേക്ക് തൊഴില്‍ തേടിയെത്തുന്നത്.
അടുത്തിടെ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചില അന്വേഷണങ്ങളില്‍ പാക്കിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ബംഗ്ഗാദേശികളായവരെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ക്ഷേമനിധി വരെ ഏര്‍പ്പെടുത്തിയിട്ടുപോലും ഇവിടെ തങ്ങുന്നവരില്‍ പത്ത് ശതമാനം പോലും ഇതില്‍ ചേരുവാന്‍ തയ്യാറാകുന്നില്ല.
അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുവാനും കഴിയാത്ത അവസ്ഥയാണുള്ളത്. ഇവരുടെ വരവ് നിയന്ത്രിച്ചാല്‍ പല തൊഴില്‍മേഖലയും പൂര്‍ണമായി സ്തംഭിക്കും. ഇപ്പോള്‍ വീട്ടുജോലിക്കുവരെ പലയിടങ്ങളിലും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് എത്തുന്നത്. ചില പ്രദേശങ്ങളില്‍ ഇവര്‍ കുടുംബസമേതം താമസവും തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും ഇവര്‍ക്കുവേണ്ടി പ്രത്യേക കോളനികളും സ്ഥാപിക്കേണ്ടതായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: