ഈ കഥയില്‍ സാധകര്‍ പുറമെനിന്ന് സദ്ഗുരുവിനെ സ്വീകരിച്ച് സമര്‍പ്പണം ചെയ്യേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് വേദവ്യാസഭഗവാന്‍ വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ശിഷ്യനെ ഏതവസ്ഥയിലും കൂടെ നടന്ന് രക്ഷിക്കാന്‍ കഴിവുള്ളയാളെയാണ് സദ്ഗുരു എന്നുപറയുന്നതെന്ന് അമ്മ (മാതാ അമൃതാനന്ദമയീദേവി) പറയുന്നു.
ദേവേന്ദ്രന് അശ്രദ്ധമൂലം സംഭവിച്ച തെറ്റിന് ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ഉഗ്രശാപത്താല്‍ ഇന്ദ്രന്‍ ഉള്‍പ്പെടെ സകലദേവകളും ജരാനരകള്‍ ബാധിച്ച് വൃദ്ധരായിത്തീരുന്നു. ദേവേന്ദ്രന്റെ സങ്കടംകണ്ട് ദയതോന്നിയ മഹര്‍ഷിശാപമോക്ഷത്തിന് പാലാഴി കടഞ്ഞ് അമൃതെടുത്തു സേവിച്ചാല്‍ വാര്‍ദ്ധക്യം മാറി കൂടുതല്‍ ഊര്‍ജ്ജസ്വലരായിത്തീരുമെന്ന് അനുഗ്രഹിച്ചിരുന്നു. രാജാവിന് തെറ്റുപറ്റിയാല്‍ അത് ജനങ്ങളെ എത്രമാത്രം ബാധിക്കുമെന്ന് സൂചന. അമൃത് കിട്ടുവാന്‍ വേണ്ട പ്രയത്നം ചെയ്യുമ്പോള്‍ വേണ്ടതെല്ലാം ഒത്തുവരുമെന്ന് മഹര്‍ഷി അറിയിക്കുന്നു. ആ മഹായജ്ഞത്തിന് ത്രിമൂര്‍ത്തികളും ഒന്നിച്ച് സദ്ഗുരുക്കന്മാരായി വര്‍ത്തിക്കുന്നു. സ്വപ്രയത്നം സാദ്ധ്യമല്ലാത്ത അനേകം ഘട്ടങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴെല്ലാം ഗുരുകൃപകൊണ്ട് രക്ഷകിട്ടുന്നതായി എടുത്തുകാണിക്കുന്നു.
ഈ കഥയില്‍ പറയുന്ന പാലാഴി മനുഷ്യമനസ്സാണ്. സദ്ഗുരുവില്‍ നിന്നും ലഭിക്കുന്ന മന്ത്രജപമാകുന്ന കടകോല്‍ കൊണ്ട് മനസ്സിനെ നന്നായി മഥനം ചെയ്തപ്പോള്‍ ഘോരവിഷമാകുന്ന ക്രോധം ആദ്യം പുറത്തേക്കുവരുന്നു. വാസുകിയേയും മന്ഥരപര്‍വ്വതത്തേയും ഉപയോഗിച്ച് കടക്കോലാക്കി പാലാഴി മഥനം ചെയ്തപ്പോള്‍ ലോകം മുഴുവന്‍ ഭസ്മീകരിക്കുവാന്‍ പോന്ന ഉഗ്രവിഷം വമിക്കാന്‍ തുടങ്ങുന്നു. ലോകരക്ഷാര്‍ത്ഥം ശ്രീപരമേശ്വരന്‍ വിഷപാനം ചെയ്തപ്പോള്‍ ദേവിഭഗവാന്റെ രക്ഷയ്‌ക്കെത്തുന്നു. വിഷം കീഴോട്ടിറങ്ങാതെ കണ്ഠത്തില്‍ ഉറപ്പിച്ചുനിര്‍ത്തി നീലകണ്ഠനാക്കിത്തീര്‍ക്കുന്നു. മഥനം തുടര്‍ന്നപ്പോള്‍ പര്‍വ്വതം ബന്ധത്തില്‍ നിന്നും വേര്‍പെട്ട് ആഴിയിലേക്ക് താഴുന്നതറിഞ്ഞമഹാവിഷ്ണു കൂര്‍മ്മാവതാരം സ്വീകരിച്ച് പര്‍വ്വതത്തെ ഉയര്‍ത്തിനിര്‍ത്തുന്നു. കൂടുതല്‍ ഉയരുന്നതുകണ്ടപ്പോള്‍ ഒരുപക്ഷിയായി വിഷ്ണുഭഗവാന്‍ പര്‍വ്വതത്തിന്റെ മുകളിലിരുന്ന് സമനില പാലിക്കുന്നു. സാധകനും മന്ത്രജപം തുടരാന്‍ സാധിക്കാതെ വരുന്നഘട്ടത്തില്‍ സദ്ഗുരു വേണ്ട സഹായം ചെയ്യുന്നു. സാധകന്റെ മനസ്സ് ദോഷവിമുക്തമാകുന്നതനുസരിച്ച് ലോകത്തിന് പല നന്മകളും ഉണ്ടാകുന്നു.
ഇതുപോലെ പാലാഴി മഥനം തുടര്‍ന്നപ്പോള്‍ പല നല്ല വസ്തുക്കളും പൊങ്ങിവരികയും അവയെല്ലാം യോഗ്യതയനുസരിച്ച് ഓരോരുത്തര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഐരാവതത്തേയും ഉച്ചൈശ്രവസ്സിനേയും ദേവേന്ദ്രനും, കല്‍പകവൃക്ഷത്തേയും അപസ്രസുകളേയും ദേവന്മാരും സ്വീകരിക്കുന്നു. സുരഭിയെ മഹര്‍ഷിമാര്‍ യാഗാദികര്‍മ്മങ്ങള്‍ക്കായി സ്വീകരിക്കുന്നു. ശ്രീപരമേശ്വരന്‍ ചന്ദ്രക്കലചൂടുകയും, മഹാവിഷ്ണു കൗസ്തുഭം ധരിക്കുകയും ചെയ്യുന്നു. പിന്നീട് വന്ന മദ്യകുംഭം അസുരന്മാര്‍ എടുക്കുന്നു. ആര്‍ക്കും വേണ്ടാത്ത ജ്യേഷ്ഠ വന്നപ്പോള്‍ മഹാവിഷ്ണു ആ ജേഷ്ഠയ്‌ക്ക് താമസിക്കാന്‍ യോഗ്യമായ ആവാസസ്ഥലങ്ങള്‍ കല്‍പിച്ചുനല്‍കുന്നു. അങ്ങനെ സാധകന്റെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഐശ്വര്യദേവത വിളയാടുന്നു. അതാണ് പാല്‍ക്കടല്‍ നടുവില്‍ നിന്ന് ശ്രീമഹാലക്ഷ്മി വരണമാല്യവുമായി പൊന്‍താമരപ്പൂവില്‍ ആവിര്‍ഭവിക്കുകയും സാത്വികഗുണത്തിന്റെ ഇരിപ്പിടമായ മഹാവിഷ്ണുവിനെ വരണമാല്യം ചാര്‍ത്തി സ്വീകരിച്ചെന്നും പറയുന്നത്. വിവാഹാഘോഷത്തില്‍ ദേവന്മാരും പങ്കുചേരുന്നു. ആ അവസരത്തില്‍ അമൃതകുംഭവുമായി പാല്‍ക്കടലില്‍ നിന്ന് അവതരിച്ചുവന്ന ധന്വന്തരി ദേവനെ ദേവകള്‍ കാണുന്നില്ല. ആ തക്കം നോക്കി അസുരന്മാര്‍ അമൃതു തട്ടിയെടുത്ത് കടന്നുകളയുന്നു. ദുഷ്ടരെകൂട്ടുപിടിക്കേണ്ടവന്നാല്‍ എപ്പോഴും ജാഗ്രത വേണമെന്ന് ഇത് സൂചിപ്പിക്കുന്നു. സാധകന് ഐശ്വര്യം വര്‍ദ്ധിച്ചപ്പോള്‍ മനസ്സ് സംസാരസുഖത്തില്‍പ്പെട്ടുപോകുന്നു. ലക്ഷ്യത്തിലെത്താറായ സമയത്തുപോലും മായയില്‍പ്പെട്ട് അധഃപതനം സംഭവിക്കാനിടവരുന്നു. ശ്രീമഹാഭാഗവത്തില്‍ ഭരതമുനിക്കും ഇങ്ങനെ സംഭവിക്കുന്നു. അദ്ദേഹം ഒരു സദ്ഗുരുവില്‍ സമര്‍പ്പണം ചെയ്ത് ഗുരു ഉപദേശം അനുസരിച്ചാണ് തപസ്സുചെയ്തിരുന്നതെങ്കില്‍ മൃഗജന്മത്തിനിടവരാതെ വേണ്ടസമയത്ത് ഗുരുരക്ഷിക്കുമായിരുന്നു. എന്നാല്‍, ഇവിടെ മഹാവിഷ്ണു ചതിമനസ്സിലാക്കി മോഹിനീവേഷം ധരിച്ച് അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവന്ന് ദേവന്മാര്‍ക്ക് കൊടുക്കുന്നു. എന്നാല്‍ ദേവകള്‍ കഴിക്കാന്‍ ആരംഭിച്ച സമയത്ത് ഒരസുരന്‍ വൃദ്ധബ്രാഹ്മണവേഷം ധരിച്ച് ദേവന്മാരില്‍ നിന്നും ഓഹരി യാചിച്ചുവാങ്ങി കഴിക്കാന്‍ തുടങ്ങുന്ന ആ സമയം സൂര്യചന്ദ്രന്മാര്‍ ചതി മനസ്സിലാക്കി മഹാവിഷ്ണുവിനെ അക്കാര്യം അറിയിക്കുകയും ഭഗവാന്‍ തല്‍ക്ഷണം ചക്രം കൊണ്ട് അവന്റെ കണ്ഠം ഛേദിച്ചെങ്കിലും മരണപ്പെടാതെ ഗതികെട്ടവനായി തീരുന്നു. അവന്‍ സൂര്യചന്ദ്രന്മാരോട് പകപോക്കുന്നതിനെ ഗ്രഹണമെന്ന് അറിയപ്പെടുന്നു. ഇതേപോലെയാണ് സദ്ഗുരു സാധകന്റെ മനസ്സിലെ സകലമാലിന്യങ്ങളും നീ അക അകറ്റുകയും ആ ദോഷങ്ങളൊന്നും ലോകത്തിനെ ബാധിക്കാത്തവണ്ണം ലോകരക്ഷചെയ്യുകയും ചെയ്ത് അവസാനം ഗുരുകൃപയാല്‍ ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.
ഈ കലികാലത്തെ മഹാഗുരുവായിട്ടുള്ള അത്ഭുതകരമായ പരാശക്തിയുടെ അവതാരലീലയാണ് ‘അമ്മ’ നടത്തുന്നത്.
അമ്മിണി അമ്മ.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: