തിരുവനന്തപുരം: അഴിമതി നിരോധന നിയമപ്രകാരമല്ല ആര്.ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടമലയാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട നടപടികളാണ് ഉണ്ടായതെങ്കിലും പിള്ള ശിക്ഷിക്കപ്പെട്ടത് മറ്റു വകുപ്പുകള്‍ പ്രകാരമാണ്. സുപ്രീംകോടതിയുടെ വിധിന്യായം നോക്കിയാല്‍ ആര്‍ക്കും ഇക്കാര്യം മനസിലാകും. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളില്‍ കഴിയുമ്പോഴും ഒരാളെ കുത്തിക്കൊലപ്പെടുത്തിയ ആളെ മോചിപ്പിക്കാന്‍ മടികാണിക്കാത്തവരാണ് ടെലിഫോണ്‍ വിളിച്ചതിന്റെ പേരില്‍ ആനുകൂല്യം നല്‍കാനാവില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിധേയമായാണ് പിള്ളയെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിള്ളക്ക് അനര്‍ഹമായ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഇതിന്റെ തെളിവാണ് ടെലിഫോണ്‍ വിളിയുടെ പേരില്‍ നാലുദിവസം ശിക്ഷ നീട്ടിയത്. അര്‍ഹമായ 75ദിവസത്തെ പരോളാണ് നല്‍കിയത്. അതില്കൂടുതല് ഒരു ദിവസം പോലും നല്‍കിയില്ല. പിള്ളയെ മോചിപ്പിച്ചതില്‍ ചട്ടലംഘനമുണ്ടായിട്ടില്ല. പിള്ളക്ക് നിയമപരമായി കിട്ടേണ്ട ആനുകൂല്യം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനം കേട്ട് ഒളിച്ചോടിപ്പോകാന്‍ സര്‍ക്കാര്‍ തയാറല്ല. നിയമപരമായി പ്രശ്നമില്ലെങ്കിലും കെ.ബി.ഗണേഷ്കുമാര് ഉള്‍പ്പെട്ട മന്ത്രിസഭ ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ആ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ കെ.ബി.ഗണേഷ്കുമാര് പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിള്ളക്ക് സര്‍ക്കാര്‍ അനര്‍ഹമായി ആനുകൂല്യം നല്കിയെന്നു പറയുന്നവര്‍ നല്കിയ പരോളിന്റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ രേഖകളിലുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. നിയമപരമായി സര്‍ക്കാരിനുള്ള അധികാരം ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ ശരിയായ കാര്യം മാത്രമാണ് ചെയ്തത്.
ബാലകൃഷ്ണപിള്ളക്കുവേണ്ടി മാത്രം എടുത്ത തീരുമാനമല്ല. കഴിഞ്ഞ സര്‍ക്കാരുകളും ഇതേപോലെ തീരുമാനമെടുത്തിട്ടുണ്ട്. പിള്ള എന്ന ഘടകം മാത്രം പരിഗണിച്ചായിരുന്നെങ്കില്‍ ഇതിനു മുമ്പ് തീരുമാനമെടുക്കാനാവുമായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഇത്തരമൊരു അപേക്ഷ സര്‍ക്കാരിന്റെ മുന്നില്‍ വന്നിരുന്നതാണ്. തടവുകാര്‍ക്ക് ലഭിക്കേണ്ട സാധാരണ ആനൂകൂല്യങ്ങള്‍ നിഷേധിക്കാനാവില്ല. ഇതുമൂലം 2500 ക്രിമിനലുകള്ക്കല്ലേ ഇളവ് ലഭിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ആ രീതിയില്‍ വ്യാഖ്യാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: