കേരളം ഭീകരവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രം ലഷ്കറെ തൊയ്ബ ലക്ഷ്യമിടുന്നുവെന്നും ഇടതുപക്ഷ തീവ്രവാദികള്‍ കേരളത്തില്‍ തമ്പടിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ദുബായ് പോര്‍ട്ട്സ് നിയന്ത്രിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കള്ളക്കടത്തു മാഫിയയുടെ വിഹാരകേന്ദ്രമാകുന്നു എന്ന വാര്‍ത്ത ആശങ്ക ജനിപ്പിക്കുന്നതാണ്. ഇൗ കണ്ടെയ്നര്‍ ടെര്‍മിനല്‍ രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു ഘടകമായി മാറുകയാണ്. രാജ്യത്തെ ആദ്യ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ദുബായ് പോര്‍ട്ട്സിന്റെ നിയന്ത്രണത്തിലാണ്. ഇവിടെനിന്നും ഒരു കോടി 37 ലക്ഷത്തിന്റെ ചന്ദനമുട്ടികള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച വിവരമാണ് ഈ ആശങ്കയ്ക്കടിസ്ഥാനം.
സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരപ്രകാരം ആയിരക്കണക്കിന് കോടിയുടെ കള്ളക്കടത്തുകള്‍ ഇതില്‍ക്കൂടി നടക്കുന്നതായാണ് വിവരം. പക്ഷെ ഇവിടെ കസ്റ്റംസ് പരിശോധന അനുവദിക്കില്ല എന്ന ധിക്കാരപരമായ നിലപാടാണ് ദുബായ് പോര്‍ട്സ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
വെല്ലിംഗ്ടണ്‍ ഐലന്റില്‍ കസ്റ്റംസ് പരിശോധിച്ച് അടച്ചുപൂട്ടിയ കണ്ടെയ്നറിന്റെ വാതില്‍ പൊളിച്ച് നീക്കിയാണ് ചന്ദനമുട്ടികള്‍ നിറച്ചത്. ദുബായിയില്‍നിന്നും ഹോങ്കോംഗ് വഴി ചൈനയിലേക്ക് കടത്താനായിരുന്നു ഈ ചന്ദനമുട്ടികള്‍ ആന്ധ്രയില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയില്‍നിന്ന് ശേഖരിച്ചത്. ചന്ദനമുട്ടി കടത്തിയതില്‍ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നില്‍ രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ മലയാളി കണ്ണികളെന്ന് കരുതുന്ന തലശ്ശേരി സ്വദേശി ഷാഹുല്‍ ഷഫീക്കിനെയും ചെന്നൈ സ്വദേശി ഷാഹുല്‍ ഹമീദിനെയും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള പണമിടപാട് ഹവാല വഴിയാണെന്നും വ്യക്തമാകുന്നു. സെസ് നിയമത്തിലെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ദുബായ് പോര്‍ട്ട്സ് പരിശോധന നിഷേധിക്കുമ്പോള്‍ വല്ലാര്‍പാടത്തെക്കുറിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിനകത്ത് മറ്റൊരു രാജ്യം എന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ കസ്റ്റംസ് തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന നിലപാടിലാണ്. ഇക്കാര്യം അധികാരികളുടെ സത്വര ശ്രദ്ധയില്‍ വരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: