കായംകുളം: വിശന്നിട്ടും തളര്‍ന്നിട്ടും സത്യന് ആ പണത്തില്‍ നിന്ന് ചില്ലി കാശുപോലും എടുത്തില്ല. നടന്നുതന്നെ അവന് വീട്ടിലേക്ക് മടങ്ങാറാണ് പതിവ്. തളര്‍വാതം പിടിപെട്ട് കിടപ്പിലായ അച്ഛന് മരുന്നുവാങ്ങാന്‍ താന്‍ ഭിക്ഷതേടി സ്വരുക്കൂട്ടിയ പണമാണ്. ഇതില്‍ നിന്ന് ഭക്ഷണത്തിനായി ചിലവഴിക്കാന്‍ അവന് മനസ് വരാറില്ല. ശൂരനാട് പാറക്കടവ് കാര്‍ത്തിക ഭവനത്തില്‍ ശരവണ (45)ന്റെ മകന് ഏഴാംക്ലാസുകാരന്‍ സത്യനാണ് അച്ഛന്റെ രോഗശമനത്തിന് പണം കണ്ടെത്താന്‍ ഭിക്ഷയാചിക്കുന്നത്.
കൂലിപ്പണിക്കാരനായ ശരവണന് അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കിടെ തളര്‍ന്നു വീഴുകയായിരുന്നു. അന്നുമുതല്‍ മരുന്നിനും ചികിത്സക്കുമായി വളരെയധികം പണം ചിലവാക്കി. ആകെയുള്ള രണ്ടുസെന്റ് വസ്തുവില്‍ ഓലമേഞ്ഞ വീട്ടിലാണ് ശരവണന്റെയും കുടുംബത്തിന്റെയും താമസം. 2007ല്‍ ശരവണന്റെ കുടുംബത്തിന്റെ നിസഹായാവസ്ഥ കണ്ട് നാട്ടുകാര്‍ വീടിന് ഷീറ്റ് ഇട്ട് നല്‍കിയിരുന്നു. ആഴ്ചയില്‍ മരുന്നിനായി 500 രൂപ വേണ്ടിവരും. കൂടാതെ നിത്യചിലവിനായി വേറെയും. ഇത്രയും പണം ഈ നിര്‍ധന കുടുംബത്തിന് തരപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ ചന്ദ്രിക വീട്ടുജോലിക്കുപോയി. ഇതില്‍ നിന്നും കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് ദാരിദ്ര്യം അകറ്റാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മകന് സത്യന് അച്ഛന്റെ ചികിത്സക്ക് പണം തേടിയിറങ്ങിയത്.
ശൂരനാട് ഗവ. എച്ച്എസ്എസിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിയായ സത്യന് അവധി ദിവസങ്ങളില്‍ കിലോമീറ്ററുകളോളം താണ്ടി കായംകുളം, കരുനാഗപ്പള്ളി, ഹരിപ്പാട്, മാവേലിക്കര പ്രദേശങ്ങളില്‍ വഴിയാത്രക്കാരില്‍ നിന്നും കടകളില്‍ നിന്നുമായി പണം കണ്ടെത്തുവാന്‍ ശ്രമിക്കും. ദിവസം 300 രൂപ വരെ ഇങ്ങനെ സത്യന് സമാഹരിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ വിശന്നാല്‍ പോലും അതില്‍ നിന്ന് കാശ് എടുക്കില്ല. ക്ഷീണമുണ്ടെങ്കിലും മിക്കവാറും നടന്നായിരിക്കും സത്യന് തിരികെ വീട്ടിലെത്തുക. പഠനത്തിലും സത്യന് മുന്നിലാണ്.
ജി.ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: