തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്.ബാലകൃഷ്ണ പിള്ളയെ സര്‍ക്കാര്‍ മോചിപ്പിച്ചു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിള്ള മോചിപ്പിക്കപ്പെട്ടത്. ഇടമലയാര്‍ കേസിലെ പിള്ളയുടെ കൂട്ടുപ്രതിയും കരാറുകാരനുമായ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.കെ.സജീവടക്കം 138 തടവുകാരാണ് ഇന്നലെ മോചിതരായത്. ആകെ 2500 പേര്‍ക്കാണ് ശിക്ഷായിളവിന്റെ പ്രയോജനം ലഭിക്കുന്നത്.
ഇതിനിടെ, ആര്.ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചത് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പിള്ളയെ വിട്ടയച്ചതിനെതിരെ ഹര്‍ജി നല്കാന് വി.എസ്.അച്യുതാനന്ദന് അനുമതി നല്‍കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആര്.ബാലകൃഷ്ണപിള്ളയെ വിട്ടയച്ച വിവരം അദ്ദേഹത്തെ കഠിന തടവിന് ശിക്ഷിച്ച സുപ്രീംകോടതി ബഞ്ചിനെ വിഎസിന്റെ അഭിഭാഷകന് അറിയിച്ചപ്പോഴാണ് നടപടിക്രമമനുസരിച്ച് ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയത്. ഹര്‍ജി പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോയെന്ന് വിലയിരുത്താമെന്ന് ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് ബി.എസ്.ചൗഹാന് എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ഇതനുസരിച്ചാണ് വിഎസ് ഹര്‍ജി സമര്‍പ്പിച്ചത്. ബാലകൃഷ്ണപിള്ളയുടെ മോചനം ചട്ടവിരുദ്ധമാണെന്നു വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിള്ളയുടെ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഭരണാഘടനാചുമതല നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ പിള്ളയ്ക്ക് ചികിത്സ നല്‍കാതെ സ്വകാര്യ ആശുപത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ കോടതിവിധി അട്ടിമറിച്ചു, ജയിലില്‍ മൊബെയില്‍ഫോണ്‍ ഉപയോഗിച്ചതു വഴി ജയില്‍ നിയമങ്ങളും ചട്ടങ്ങളും പിള്ള ലംഘിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി നല്കിയ ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഈ ചുമതല നിറവേറ്റാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി ശിക്ഷ വിധിച്ച ശേഷമുള്ള 251 ദിവസക്കാലയളവില്‍ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. അസുഖത്തിന്റെ പേരില്‍ നക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് ബാലകൃഷ്ണപിള്ള കഴിഞ്ഞത്. കുടുംബത്തോടൊപ്പം ആശുപത്രിയില്‍ കഴിഞ്ഞത് സുപ്രീംകോടതിവിധിയുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. മാത്രമല്ല പിള്ള ജയില്‍ചട്ടവും പരോള്ചട്ടങ്ങളും ലംഘിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ കാലാവധി ശിക്ഷയായി കാണരുതെന്നും വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലകൃഷ്ണപിളളയെ മോചിപ്പിച്ച നടപടി സര്‍ക്കാര്‍ റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഴിമതി കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ച പിള്ളയെ മോചിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. എന്നാല്‍ ബാലകൃഷ്ണ പിള്ളയെ ജയിലില്‍ നിന്നു മോചിപ്പിച്ചത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിള്ളയെ ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി പോലീസ് കസ്റ്റഡി പിന്‍വലിച്ചു മോചിപ്പിക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ട് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ സ്വകാര്യ വാഹനത്തിലെത്തി പിള്ളയെ വിവരം അറിയിച്ചു. പിളള മോചന ഉത്തരവ് ഒപ്പിട്ടു വാങ്ങി. എന്നാല്‍ ചികിത്സ നടക്കുന്നതിനാല്‍ പിള്ള ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരുമെന്നാണറിയുന്നത്.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി: കെ. ലക്ഷ്മണയ്ക്ക് ഒരു വര്‍ഷത്തെ ഇളവു ലഭിക്കുമെങ്കിലും തടവില്‍ തുടരേണ്ടിവരും. ഗവര്‍ണറുടെ അനുമതിയോടെയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണു പരമാവധി ഇളവ്. പിള്ളയ്ക്കു നേരത്തെ പലപ്പോഴായി 75 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞത് 69 ദിവസം മാത്രമാണ്. ബാക്കി 87 ദിവസം ആശുപത്രിയിലായിരുന്നു.
ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ ശിക്ഷ ലഭിച്ചവര്‍ക്ക് സര്‍ക്കാര്‍ രണ്ടു മാസം വരെ ഇളവു നല്‍കിയിട്ടുണ്ട്. ഈ ആനുകൂല്യത്തിലാണു പിള്ള മോചിതനായത്. മൂന്നു മാസം ശിക്ഷിക്കപ്പെട്ടവര്‍ക്ക് 15 ദിവസത്തെ ഇളവ്. മൂന്നു മുതല്‍ ആറു മാസം വരെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒരു മാസത്തെ ഇളവ്. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ തടവ് അനുഭവിക്കുന്നവര്‍ക്കു മൂന്നു മാസമാണ് ഇളവ്. ജീവപര്യന്തം തടവുകാര്‍ക്ക് ഒരു വര്‍ഷത്തെ ഇളവുണ്ട്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പിള്ള 2011 ഫെബ്രുവരി 18നാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. മന്ത്രിയായിരിക്കെ ഇടമലയാര്‍ ജലസേചന പദ്ധതിയില്‍ രണ്ടു കരാര്‍ ജോലികള്‍ ഉയര്‍ന്നതും ക്രമാതീതവുമായ നിരക്കില്‍ അനുവദിച്ച് സര്‍ക്കാരിനു രണ്ടു കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇത്തരത്തില്‍ നാലു പ്രാവശ്യം ശിക്ഷായിളവു നല്കി തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചിരുന്നു. 1991 സപ്തംബറില്‍ ഡോ. അംബേദ്കര്‍ ജന്മശതാബ്ദി പ്രമാണിച്ചു യുഡിഎഫ് സര്‍ക്കാരും പിന്നീട് മൂന്നു തവണ എല്‍ഡിഎഫ് സര്‍ക്കാരും (2000 ഏപ്രിലില്‍ സഹസ്രാബ്ദ ആഘോഷം, 1997 സപ്തംബറില്‍ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം, ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 18ന് വിഎസ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ) തടവുകാരെ വിട്ടയച്ചിരുന്നു. ആകെ ഏഴായിരത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: