കുംരു (കര്‍ണാടക): മന്‍മോഹന്‍സിംഗ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ തളര്‍വാതം പിടിച്ച് കിടപ്പാണെന്നും അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അശക്തമാണെന്നും ബിജെപി നേതാവ് എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി. ജനചേതനയാത്രക്ക് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കഴിവുകേടിനെ അദ്വാനി കടന്നാക്രമിച്ചത്. ഇപ്പോള്‍ രാജ്യത്തെമ്പാടും ചര്‍ച്ച ചെയ്യുന്നത് അഴിമതിയെക്കുറിച്ചാണ്. ഈ അഴിമതികളെ ജനങ്ങള്‍ സഹിക്കുമോയെന്ന് ചോദിച്ച അദ്വാനി അവര്‍ ദുഃഖിതരും അസ്വസ്ഥരുമാണെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യ അഴിമതിയുടെ രാജ്യമാണെന്ന ആരോപണത്തെ അദ്വാനി നിരസിച്ചു. “ദല്‍ഹിയിലെ നേതാക്കള്‍ അഴിമതിക്കാരായിരിക്കാം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കാം. എന്നാലും ഇന്ത്യ ഒരു അഴിമതി രാജ്യമല്ല. ഇന്ത്യയിലെ ജനങ്ങള്‍ ഏറിയകൂറും സത്യസന്ധരാണ്. കഠിനാധ്വാനം നടത്തി സമ്പാദിക്കുന്നവരാണ്”, അദ്വാനി അഭിപ്രായപ്പെട്ടു.
വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ 25 ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം വീണ്ടെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗെന്ന് അദ്വാനി കുറ്റപ്പെടുത്തി. കള്ളപ്പണം തിരിച്ചുകൊണ്ടുവരാമെന്ന് 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തുതന്നെ മന്മോഹന് ഉറപ്പ് നല്‍കിയതാണ്.
വികസിത രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം സ്വിസ് ബാങ്ക് ഒരു നിയമം കൊണ്ടുവന്നിരുന്നു. കള്ളപ്പണം തിരിച്ചെടുക്കുന്നതിന് സഹായകമായ നിയമമാണിത്. അമേരിക്ക, ജര്‍മ്മനി, ചില ചെറിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ സ്വന്തം രാജ്യത്തുനിന്നുള്ള കള്ളപ്പണം ഈ നിയമപ്രകാരം വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ത്യമാത്രം ഒന്നും ചെയ്തിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് അദ്വനി ചോദിച്ചു.
ഈ അന്താരാഷ്ട്ര നിയമപ്രകാരം സര്‍ക്കാര്‍ എന്ത് നേട്ടമുണ്ടാക്കിയെന്ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ചോദിക്കുമെന്ന് അദ്വാനി പറഞ്ഞു. വന്‍തോതിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല് ഇന്ത്യയുടെ മുഖഛായ മാറ്റാനാവുമെന്ന് അഭിപ്രായപ്പെട്ട അദ്വാനി കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: