കൊച്ചി: ഇന്നലെ രാത്രി അന്തരിച്ച മന്ത്രി ടി.എം ജേക്കബിന്റെ മൃതദേഹം പിറവത്തേയ്ക്ക് കൊണ്ടുപോയി. നാളെ രാവിലെ പത്ത് മണിക്ക് കൂത്താട്ടുകുളം കാത്തൂര് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്കാരം നടത്തും. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
തൃപ്പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി, ആരക്കുന്നം വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേര് വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വിലാപയാത്ര പിറവത്ത് എത്തുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്.
രാവിലെ ഒമ്പത് മണിയോടെയാണ് ജേക്കബിന്റെ മൃതദേഹം ലേക്ഷോര് ആശുപത്രിയില്‍ നിന്നും എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് മൃതദേഹം ലേക്ഷാര് ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത്. ടൗണ്‍ഹാളില്‍ രാഷ്ട്രീയ, ഭരണ, സാമൂഹിക രംഗങ്ങളിലെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെ രാത്രി 10.32നാണ് ടി.എം ജേക്കബ് അന്തരിച്ചത്. ഭാര്യ ഡെയ്സിയും മകന് അനൂപും മരണസമയത്ത് അടുത്തുണ്ടായിരുന്നു. ഈ മാസം 17നാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ്വ രോഗമായിരുന്നു ജേക്കബിന് ഉണ്ടായിരുന്നത്. 18 വര്‍ഷമായി രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം.
രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് നല്ല ബോദ്യമുണ്ടായിരുന്നു ടി.എം ജേക്കബിന്. വിദേശത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ചികിത്സയാണ് കൊച്ചിയിലും നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: