കൊച്ചി മെട്രോ റെയില്‍ പദ്ധതി സത്യത്തില്‍ കേരളം കാത്തിരുന്ന സ്വപ്ന പദ്ധതിയാണ്. മറ്റു സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ വന്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാകുമ്പോള്‍ എന്നെങ്കിലും കേരളത്തിനും ഇത്തരം ഒരു പദ്ധതി ലഭിക്കുമെന്ന് സംസ്ഥാന ജനത ആശിച്ചുപോയിരുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാകുമ്പോള്‍ കേരളത്തിലെ മറ്റു വന്‍കിട പദ്ധതികളും ഈ രീതിയില്‍ മാതൃകാപരമായി നടപ്പാക്കാനാകും എന്ന മഹത്തായ സന്ദേശമാണ് സംസ്ഥാനത്തിന് നല്‍കുക. 2005 ല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കൊപ്പം പരിസ്ഥിതി ആഘാത പഠനം നടന്ന ബാംഗ്ലൂര്‍ “നമ്മ മെട്രോ” പദ്ധതി യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. അതുപോലെ കൊച്ചി മെട്രോ കൊച്ചി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന ഒരു പദ്ധതിയായിരിക്കും. എറണാകുളം നഗരത്തിലെ വാഹനപ്പെരുപ്പം ട്രാഫിക് ബ്ലോക്കിനും രൂക്ഷമായ വായുമലിനീകരണത്തിനും യാത്രാക്ലേശത്തിനും കാരണമായിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. എറണാകുളത്ത് പ്രതിവര്‍ഷം 4.65 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. രജിസ്ട്രേഷന് ഓരോ വര്‍ഷവും പതിനൊന്നു ശതമാനംകണ്ട് വര്‍ധിക്കുകയാണ്. റോഡുയാത്ര ദുസ്സഹമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെട്രോ റെയില്‍ പദ്ധതി കൊച്ചിക്ക് ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 24.7 കി.മീ. നീളത്തില്റോഡിലെ മീഡിയന് മുകളിലൂടെ 988 തൂണുകളിലാണ് മെട്രോ റെയില്‍ സ്ഥാപിക്കപ്പെടുക. ഓരോ തൂണിനും 20 മീറ്റര്‍ താഴോട്ടും 5.5 മുതല്‍ 8.5 മീറ്റര്‍ ഉയരവുമുണ്ടാകും. തൂണിന്റെ വ്യാസം 1.5 മീറ്ററാണ്. ഒരു കി.മീ.മെട്രോ റെയില്‍ തീരണമെങ്കില്‍ 90 കോടി രൂപയെങ്കിലും ആവശ്യമായിത്തീരും. ആലുവയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ 24 സ്റ്റേഷനുകള്‍ ഉണ്ടാകും. എറണാകുളത്ത് എംജി റോഡിലൂടെയായിരിക്കും മെട്രോ റെയില്‍ കടന്നുപോകുക. മൂന്നു കോച്ചുകളടങ്ങിയ ഇലക്ട്രിക് ട്രെയിനുകളായിരിക്കും പാളത്തിലൂടെ ഓടുക. ട്രെയിനിന് പരമാവധി മണിക്കൂറില്‍ 80 കി.മീ. വേഗതയുണ്ടാകും. നഗരമദ്ധ്യത്തില്‍നിന്നും രാത്രി 11 മണിവരെയും ട്രെയിന്‍ ലഭ്യത ഉണ്ടാകും. നഗരത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സ്റ്റോപ്പ് ഉണ്ടാകും. കുറഞ്ഞ സമയത്തിലും വേഗതയിലും സുരക്ഷിതവുമായ യാത്ര മെട്രോ റെയില്‍ ഉറപ്പുതരുന്നു. ഇത് റോഡിലെ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാതെ ഒരുക്കുന്ന പൊതു യാത്ര സംവിധാനമാണ്. വാഹനപകടങ്ങള്‍ കുറയും. റോഡിന്റെ അറ്റകുറ്റപ്പണികള്‍ കുറയ്ക്കാനാകും. എറണാകുളത്ത് വെള്ളക്കെട്ടുമൂലം മെട്രോ റെയില്‍ യാത്ര മുടങ്ങില്ല. റോഡിന്റെ 2 സൈഡുകളിലേയ്ക്കും ഇറങ്ങുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. ട്രാഫിക് ബ്ലോക്ക് ഒഴിവാകുമ്പോള്‍ വാഹനങ്ങളുടെ ഇന്ധന ക്ഷമത വര്‍ധിക്കും. ഇലക്ട്രിക് ട്രെയിനായതിനാല്‍ വാഹന മലിനീകരണം ഒഴിവാക്കാനാകും.
മെട്രോ റെയില്‍ പദ്ധതി ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് നടപ്പാക്കാന്‍ തുനിയുന്നത് പരിസ്ഥിതി സൗഹൃദമായാണ്. അതിനായി മുട്ടത്ത് മാലിന്യ സംസ്ക്കരണ പ്ലാന്റും യാര്‍ഡും സ്ഥാപിതമാകും. ഈ യാര്‍ഡിന്റെ ചുറ്റും ഗ്രീന്‍ ബല്‍റ്റ് സ്ഥാപിക്കും.റെയിലിന്റെ അഞ്ചു മീറ്റര്‍ ഇരുവശങ്ങളിലും നില്ക്കുന്ന ഉദ്ദേശം 477 മരങ്ങള്‍ മുറിക്കേണ്ടിവരും. മാവ്, പ്ലാവ്, മഴമരം, പെല്റ്റാഫോറം, തെങ്ങ്, തേക്ക് തുടങ്ങിയ മരങ്ങളാണിവ. 477 മരങ്ങള്‍ക്കും കൂടി 90 ടണ്‍ ബയോമാസ് കണക്കാക്കിയിട്ടുണ്ട്. ഈ മരങ്ങളില്‍ അതേപടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടാനാവുന്നവ അങ്ങനെ നടാനും അല്ലാത്തവയ്ക്ക് പകരം ഒരു മരത്തിന് 10മരം എന്ന കണക്കില്‍ 4770 മരതൈകള്‍ മംഗള വനത്തോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലത്ത് നടുവാനാണ് പരിസ്ഥിതി ആഘാതപഠനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇതിനായി 4.7 ഹെക്ടര്‍ സ്ഥലം സര്‍ക്കാരില്‍നിന്നും വിട്ടു കിട്ടേണ്ടതായിട്ടുണ്ട്. ഭാരത് പെട്രോളിയം ഇരുമ്പനത്തേയ്ക്ക് മാറിയപ്പോള്‍ ഒഴിവുവന്നിട്ടുള്ള ഈ സ്ഥലത്ത് ഹെക്ടറിന് 1000 മരം എന്ന കണക്കിന് നട്ടുപിടിപ്പിച്ച് നഗരമധ്യത്തില്‍ നഗരത്തിന് ഒരു ശ്വാസകോശമായി വന്മരങ്ങളുടെ ഒരു ആര്‍ബൊറേറ്റം സൃഷ്ടിക്കുകയെന്ന ഒരു മഹത്തായ പദ്ധതിയും മെട്രോ റെയില്‍ പദ്ധതിയോടൊപ്പം നടപ്പാക്കേണ്ടതുണ്ട്. 2010 ലെ ട്രീ സെന്‍സ് വഴി മനസ്സിലാക്കിയതനുസരിച്ച് കൊച്ചി നഗരത്തിലെ ജനസാന്ദ്രതയ്ക്ക് ആനുപാതികമായി മരങ്ങളില്ലെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നഗരാസൂത്രണ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മരങ്ങളുടെ ലഭ്യത കൊച്ചി നഗരത്തില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് മെട്രോ പദ്ധതി വഴി നടപ്പാക്കുക. നഗരവാസികള്‍ക്ക് അവശ്യം വേണ്ട പ്രാണവായു ലഭ്യത ഉണ്ടാകണം. അതിനായി മെട്രോ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആര്‍ബൊറെറ്റം പദ്ധതി നടപ്പിലാക്കണം. മെട്രോ പദ്ധതി നടപ്പാവുകയും ആര്‍ബൊറെറ്റം പദ്ധതി നടപ്പാക്കാതിരിക്കുകയും ചെയ്താല്‍ അത് ഒരു ജനദ്രോഹപരമായ നടപടിയായിരിക്കും.
ബാംഗ്ലൂര്‍, മുംബൈ, ദല്‍ഹി, കല്‍ക്കത്ത, മദ്രാസ്, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം നഗരവല്‍ക്കരണത്തോടൊപ്പം വനവല്‍ക്കരണവും ഹരിതവല്‍ക്കരണവും നടപ്പാക്കികഴിഞ്ഞു. കൊച്ചിയില്‍ മാത്രം ഹരിത നഗരം പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യം നഗരസഭ നല്കുന്നില്ലെന്നത് ഭരണത്തിന്റെ കെടുകാര്യസ്ഥതയായി മാത്രമേ കണക്കാക്കാനാകൂ. മെട്രോ റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാകണമെങ്കില്‍ ആര്‍ബൊറേറ്റം പദ്ധതിയും നടപ്പിലാകണം. ഇതിനായി പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ ഒരു മരം നട്ടുപിടിപ്പിക്കുവാന്‍ 400 രൂപ നിരക്കില്‍ 214650 രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മരങ്ങള്‍ മുറിക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്നതിന് 135350 രൂപയും നീക്കിവെച്ചിട്ടുണ്ട്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. ഇതുകൂടാതെയാണ് 10 ഹെക്ടര്‍ കൃഷി നടത്താത്ത കൃഷിയിടം മെട്രോ റെയില്‍ ഡിപ്പോ ആയി നാഷണല്‍ ഹൈവേയുടെ ഓരത്ത് ഒഴിപ്പിച്ചെടുക്കുക. ഇവിടെ വായു മലിനീകരണവും ജലമലിനീകരണവും തടയുവാന്‍ ഗ്രീന്‍ബെല്‍റ്റ് വച്ചുപിടിപ്പിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി നാലര ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 24 സ്റ്റേഷനുകളും പൂങ്കാവനമാക്കുമെന്നും റെയിലിന്റെ താഴെ ഗ്രീന്‍ റിബണ്‍ വച്ചുപിടിപ്പിക്കുമെന്നും മെട്രോ റെയില്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗ്രീന്‍ ബല്റ്റും ഗ്രീന്‍ റിബണും മാനേജ് ചെയ്യാനും പ്രത്യേകം തുക റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങളുടെ ഹെര്‍ബല്‍ ഗാര്‍ഡണ്‍ ഉണ്ടാക്കുവാനാണ് ഗ്രീന്‍ റിബണ്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പരിസ്ഥിതി സംരക്ഷണ സംഘം, ആലുവ പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടാനും നിര്‍ദ്ദേശമുണ്ട്.
ആര്‍ബൊറെറ്റം, ഗ്രീന്‍ ബല്‍റ്റ്, ഗ്രീന്‍ റിബണ്‍ എന്നീ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ആര്‍ബൊറെറ്റം, ഗ്രീന്‍ബല്‍റ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാനുള്ള സമയമായി. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് പരിസ്ഥിതി സൗഹൃദ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാനും ശ്രദ്ധ നല്‍കണം. സാധാരണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പണം മുഴുവന്‍ നിര്മാണപ്രക്രിയയ്ക്കും കമ്മീഷന് നല്‍കുന്നതിനും മറ്റുമായി വിനിയോഗിക്കും. അവസാനം പരിസ്ഥിതി ആഘാതപഠന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുവാന്‍ പണമില്ലാതാവുകയും നടപ്പിലാക്കാതിരിക്കുകയുമാണ് പതിവ്. കേരളത്തില്‍ നിര്‍മിച്ച 40 ഓളം ജലസേചന, ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കിയപ്പോഴും നശിച്ചും സംഭരണികളിലെ ജലത്തിനകത്ത് അകപ്പെട്ടുപോയ വനത്തിനു പകരം വനമേഖല വച്ചുപിടിപ്പിക്കാമെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയവും സംസ്ഥാന വൈദ്യുത ബോര്‍ഡും തമ്മിലുള്ള കരാറുകള്‍ നാളിതുവരെ നടക്കാതെ പോയത് നമ്മുടെ മുന്നിലുണ്ട്. ഓരോ ജലവൈദ്യുത പദ്ധതി നടപ്പാക്കുമ്പോഴും നടത്തുന്ന പരിസ്ഥിതി ആഘാതപഠനത്തിന്റെ വെളിച്ചത്തില്‍ നടപ്പാക്കേണ്ട തുടര്‍പദ്ധതികള്‍ പണത്തിന്റെ ദൗര്‍ലഭ്യം പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാത്തതാണ് കേരളചരിത്രം. മെട്രോ റെയില്‍ പദ്ധതിയിലെ പരിസ്ഥിതി സൗഹൃദ പദ്ധതികളും ഇതുപോലെ നടക്കാതെ പോകരുത്. പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ അതിനെ എതിര്‍ക്കുന്നത് ഇത്തരത്തില്‍ പദ്ധതി നിര്‍വഹണം പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പാലിക്കാത്തതുമൂലവുമാണ്. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദ പദ്ധതിയായി നടപ്പാക്കിക്കാണിച്ച് കേരളത്തിന് മാതൃകയാകണം. വികസനം സുസ്ഥിതവും പ്രകൃതിയ്ക്കിണങ്ങിയതുമാകണം. എങ്കില്‍ മാത്രമേ വരുംതലമുറകൂടി അതിന്റെ ഗുണഭോക്താക്കളായി മാറുകയുള്ളൂ. വികസന പ്രവര്‍ത്തികള്‍ പുതിയ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയായിരിക്കരുത്. എറണാകുളത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാകണം കൊച്ചി മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. ഈ പദ്ധതി കൊച്ചിയെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനും വ്യവസായ-വ്യാപാര വളര്‍ച്ചയ്ക്കും തൊഴില്‍ ലഭ്യതയ്ക്കും കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. 8 മണിക്കുശേഷം രാത്രി ഉറങ്ങുന്ന കൊച്ചി രാത്രി വൈകിയും പ്രവര്‍ത്തന നിരതമാകുമ്പോള് നഗരത്തിലെ ജനസാന്ദ്രത ഇനിയും വര്‍ധിക്കും. അതുകൊണ്ടുതന്നെപരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും നടപ്പിലാകണം. നഗരം ജനവാസ യോഗ്യമാകണം ഒപ്പം സ്ഥലവിലയുടെ കാര്യം പറഞ്ഞ് ആര്‍ബൊറെറ്റം പദ്ധതി നടപ്പിലാക്കുന്നതില്‍നിന്നും സര്‍ക്കാരും ഡിഎംആര്‍ഡിയും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും പിന്നോക്കം പോകരുത്. നിര്‍മാണ സമയം കുറയ്ക്കുകയും നിര്‍മാണ വേളയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ചെയ്ത് മെട്രോ റെയില്‍ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. ഒപ്പം പരിസ്ഥിതി ആഘാതപഠനത്തിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുകയും വേണം. സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും പുനരധിവാസവും നിയമത്തിന്റെ നൂലാമാലകളില്പ്പെടാതെയും മനുഷ്യത്വപരമായും തീര്‍പ്പാക്കണം. വികസനം അവകാശപ്പെട്ട ജനങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്ന വീട്ടുകാരും വ്യാപാരികളും. അവരുടെ പ്രശ്നങ്ങളും ന്യായമായി പരിഹരിക്കപ്പെടണം. വികസന കുതിച്ചുചാട്ടത്തിന് വെമ്പല്‍ കൊള്ളുന്ന കൊച്ചിനഗരം കൊച്ചി മെട്രോയുടെ വരവിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: