പ്രത്യേക സാമ്പത്തിക മേഖലയെന്ന പദവി ലഭിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്നാണ് വല്ലാര്‍പാടം സംഭവം തെളിയിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ് പരിശോധന ഉള്‍പ്പെടെ ഒന്നും നടത്താന്‍ പാടില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം ഗള്‍ഫിലേക്ക് കടത്താന്‍ വന്ന ഒരു കണ്ടെയ്നര്‍ പരിശോധിക്കാനുള്ള നീക്കമാണ് അപകടകരമായ അവസ്ഥയെ കുറിച്ച് സൂചന വന്നത്. ഒരു കണ്ടെയ്നര്‍ നിറയെ രക്തചന്ദനമായിരുന്നു കടത്താനെത്തിയതെന്ന് ഏറെ തര്‍ക്കങ്ങളും ബലാബലങ്ങള്‍ക്കും ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു. വിവാദ പോലീസ് ഉദ്യോഗസ്ഥന് ടോമിന് ജെ.തച്ചങ്കരിയുടെ അടുത്ത ബന്ധുവിന്റേതാണ് ചരക്ക്. ഇയാള്‍ നേരത്തെ തോക്ക് ഇറക്കുമതി ചെയ്ത് വിവാദമായെങ്കിലും അതു സംബന്ധിച്ച തുടരന്വേഷണങ്ങളെന്തായി എന്നതിനെ കുറിച്ചാരും വേവലാതിപ്പെടുന്നില്ല. തുറമുഖത്ത് കടന്ന് കണ്ടെയ്നര്‍ പരിശോധിക്കാന്‍ വിടില്ലെന്ന വാശിയാണ് സ്വകാര്യ കണ്ടെയ്നര്‍ ഉടമസ്ഥര്‍ക്ക്. എന്നാല്‍ അത് വകവച്ചു കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കസ്റ്റംസ് അധികൃതര്‍ക്കുള്ളത്. അത് ന്യായമാണെന്നേ ആര്‍ക്കും പറയാനൊക്കൂ.
സ്വതന്ത്രമായി എന്തും ഇറക്കുമതി ചെയ്യാനും കയറ്റുമതി നടത്താനും ഒരു വ്യക്തിക്കും അവകാശവും സ്വാതന്ത്ര്യവുമില്ല. എല്ലാറ്റിനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അതില്‍ ഏതെങ്കിലും കാരണവശാല്‍ അയവു നല്കിയാല് എന്തൊക്കെ ഇറക്കുമതി ചെയ്യുമെന്നോ കയറ്റുമതി നടത്തുമെന്നോ ആര്‍ക്കും പറയാനാകില്ല.
പ്രത്യേകിച്ചും കൊച്ചിയില്‍. കള്ളനോട്ടുകളും മയക്കുമരുന്നുകളും ഇറക്കുമതി ചെയ്യുന്നത് കൊച്ചി തുറമുഖത്താണെന്ന പരാതി ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഭീകരരുടെ ലക്ഷ്യസ്ഥാനമായി മാറിയ കൊച്ചിയില്‍ നാളെ സ്ഫോടക വസ്തുക്കള്‍ കൊണ്ടിറക്കില്ലെന്നാരു കണ്ടു. ദുബായ് പോര്‍ട്ട് അധികൃതരാണ് പ്രത്യേക സാമ്പത്തിക മേഖലയെന്ന പരിഗണന ദുരുപയോഗം ചെയ്ത് എന്തും ചെയ്യാനൊരുങ്ങുന്നത്. മറ്റൊരു രാജ്യത്തും ലഭിക്കാത്ത സൗകര്യങ്ങളും സൗജന്യങ്ങളും വിദേശികള്‍ക്ക് അനുവദിച്ചു നല്കുമ്പോള് അപകടപ്പെടുന്നത് രാജ്യസുരക്ഷയാണെന്ന ബോധം എല്ലാവര്ക്കും വേണം. അതനുസരിച്ചുള്ള നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: