പൂര്‍വ്വപുണ്യം ഉള്ളവര്‍ ജന്മപ്രാരാബ്ദത്തില് ഇരുന്നാലും പ്രകൃതിയുടെ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ജതീവിതം നയിക്കുന്നു. ഈശ്വരോന്മുഖരായി ജീവിക്കുന്നവര്‍ക്കും ദുഃഖവും ദുരിതവും അനുഭവിക്കേണ്ടിവരുന്നത് നാം കാണാറുണ്ടല്ലോ. പക്ഷേ, അതില്‍ തളരാതെ തന്റെ ലക്ഷ്യം മനസ്സില്‍ ഉറപ്പിച്ച് സഞ്ചരിക്കുന്നവരാണ് യഥാര്‍ത്ഥ ധീരന്മാര്. അല്ലാത്തവര്‍ കര്മ്മലോകത്ത് ചുറ്റിത്തിരിഞ്ഞ് കൂടുതല്‍ പ്രാരാബ്ദങ്ങളെ സമ്പാദിച്ചുകൂട്ടി ജന്മം വൃഥാവിലാക്കി തീര്‍ക്കുന്നു. തന്റെ ജന്മോദ്ദേശ്യത്തെ മനസ്സില്‍ ഉറപ്പിച്ച് ജീവിതത്തില്‍ വന്നുപോകുന്ന സുഖദുഃഖങ്ങളുടെ അനുഭവങ്ങളിലൂടെ സ്ഥിരബുദ്ധിയോടെ കടന്നുപോകുന്ന ജാവന്മാര്‍ അവരുടെ ലക്ഷ്യത്തെ പ്രാപിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് നമുക്ക് സിദ്ധിക്കണമെങ്കില് സംസ്കരണം എന്ന ഒരു അവസ്ഥയിലൂടെ നാം കടന്നുപോയിട്ടുണ്ടായിരിക്കണം.
ആത്മസാധകന്മാര്‍ ജീവിതയാത്രയില്‍ കടന്നുവരുന്ന ദുഃഖങ്ങളേയും പ്രതിബന്ധങ്ങളേയും ഭയപ്പെടരുത്. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ നാം ശുദ്ധീകരിക്കപ്പെട്ട് സത്യത്തോട് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്.
ശരീരത്തിന് രോഗം ബാധിച്ചാല്‍ നാം ചികിത്സിക്കാറുണ്ടല്ലോ. അതുപോലെ ജന്മസംസ്കാരവേദി വൈകല്യങ്ങളുടെ സ്വാധീനത്താല്‍ രോഗഗ്രസ്തമായിത്തീര്ന്ന നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സംസ്കരണം. അതൊരു ചികിത്സ തന്നെയാണ്. മാലിന്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ചികിത്സയുടെ ദൈര്‍ഘ്യവും സ്വഭാവവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇവിടെ നമ്മെ ചികിത്സിക്കുന്ന വൈദ്യന് ആചാര്യനാണ്. ആചാര്യന്റെ നിര്‍ദ്ദേശങ്ങളെ ആത്മാര്‍ത്ഥമായും സത്യസന്ധമായും പാലിക്കുന്നവര്‍ക്ക് വേഗത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.
സംസ്കാരത്തിന്റെ ആവശ്യകതയെ സംബന്ധിച്ചും അതിനുള്ള ഉപായങ്ങളെ സംബന്ധിച്ചും നാം നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. വസ്ത്രത്തില്‍ ചെളിപുരണ്ടാല്‍ കഴുകി കളയുന്നതുപോലെ നമ്മുടെ ശരീരപ്രാണമനസ്സുകളിലും ജീവനിലും പതിഞ്ഞ കറകളെ ശുദ്ധീകരിക്കുന്നതിന് ചില അനുഷ്ഠാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അനുഷ്ഠാനങ്ങളെപ്പറ്റി ചന്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യങ്ങളേയും ചുറ്റുപാടുകളേയും നല്ലവണ്ണം മനസ്സിലാക്കിയിട്ടുവേണം എന്തു ചെയ്താലാണ് സംസ്കരണം സാധ്യമായിത്തീരുക എന്ന് നാം കണ്ടെത്തേണ്ടത്. ഗൗരവമുള്ള രോഗങ്ങള്‍ക്ക് മരുന്നിനോടൊപ്പം പഥ്യവും അത്യാവശ്യമായി വരുന്നതുപോലെ അനുഷ്ഠാനങ്ങളോടൊപ്പം ശരിയായ ജീവിതരീതിയും കൂടി പരിശീലിച്ചാല്‍ മാത്രമേ ഇന്നത്തെ കാലത്ത് സംസ്കരണം ഫലവത്തായിത്തീരുകയുള്ളൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: