എഴുപതുകളുടെ മധ്യം. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനും ശിവശങ്കരന് മാഷും എത്തിയതായിരുന്നു.
അത്യാവശ്യം താടിമീശയും ഒതുക്കിയാലും ഒതുങ്ങാത്ത കോലന്‍മുടിയുമുള്ള ഒരു ചെറുപ്പക്കാരന് കൈവീശി ധൃതിപിടിച്ച് എതിരെ നടന്നുവരുന്നു. ഒപ്പം ഒരു സ്ത്രീയുമുണ്ട്.
“അതാണ് സാക്ഷാല്‍ കവി മുല്ലനേഴി…”
ശിവശങ്കരന് മാഷ് പറഞ്ഞു.
വാല്യുവേഷന് ക്യാമ്പുകളില്‍വെച്ച് അവര്‍ എന്നേ പരിചയക്കാരാണ്.
“ആര്യന് തനി കുട്ടിയാണ് അല്ലേ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ വായിച്ചപ്പോള്‍ കുറെക്കൂടി പ്രായം ആയിട്ടുണ്ടാവും എന്നാണ് കരുതിയത്.”
പരിചയപ്പെടുമ്പോള്‍ ആദ്യത്തെ പ്രതികരണം തന്നെ എന്നിലുള്ള എഴുത്തുകാരനുള്ള അംഗീകാരമായിരുന്നു.
മുല്ലനേഴിയും ഭാര്യ സാവിത്രിയും അവിടെ ഒരു നാടകം അവതരിപ്പിക്കാന്‍ വന്നതായിരുന്നു. (കുടുംബത്തോടെ വന്നുള്ള നാടകാഭിനയം, എന്‍.എന്‍.പിള്ളയെ അന്നു കേള്‍ക്കാതിരുന്ന എനിക്ക്, അത്ഭുതമായിരുന്നു.)
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്നത് വി.ടിയുടെ “അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്” എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ചായിരുന്നു. എന്നെ മറന്നിട്ടുണ്ടായിരുന്നില്ല. (ഒരിക്കല്‍ പ്രിയനന്ദന് എന്നോടു പറഞ്ഞു. “മുല്ലനേഴി മാഷടെ അത്ര ഓര്‍മശക്തി ആര്‍ക്കും ഉണ്ടാവില്യാ… ദിവസംതോറുംപുതിയ പുതിയ ആള്‍ക്കാരുമായി പരിചയപ്പെടുകയല്ലേ. എന്നാലും ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മതി. മറക്കുകയേ ഇല്ല…..”)
ക്യാമ്പ് ഏറെ സ്ട്രിക്ട് ആയിരുന്നു. നാടകം ആദ്യം അവതരിപ്പിച്ചതില്‍നിന്നും കടുകിട മാറാതെ തന്നെ അവതരിപ്പിക്കണമെന്ന് ഏവര്‍ക്കും നിര്‍ബന്ധമായിരുന്നു. (ഓത്തു ചൊല്ലി പഠിക്കുന്ന നിഷ്കര്‍ഷയോടെ ഞങ്ങള്‍ നാടകം പഠിച്ചു)
അപൂര്‍വം വീണു കിട്ടുന്ന ഇടവേളകള്‍ മുല്ലനേഴിക്കവിതകള്‍ കൊണ്ട് ധന്യമായി. സ്വന്തം കവിതയാണെങ്കിലും മറ്റുള്ളവരുടെ കവിതയാണെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കുവാനും ആത്മാവ് ചോര്‍ന്നുപോകാതെ അവതരിപ്പിക്കുവാനും മുല്ലനേഴിക്കുള്ള കഴിവ് അപാരമായിരുന്നു. (ഓര്‍മയില്‍ നില്‍ക്കാത്തതുകൊണ്ട് പദ്യം എഴുതാതെ പരീക്ഷകള്‍ പാസായ എനിക്ക് ഉള്ളില്‍ അല്‍പ്പം അസൂയയും തോന്നാതിരുന്നില്ല.)
താടിയും മീശയും മാറത്തെ രോമവും വടിച്ച് (ക്ഷുരകന്റെ കത്തിയും എന്റെ നിണവും എന്ന് ഉയരുന്ന വിലാപമ്ാമുന്നില്‍ എത്തിയ മുല്ലനേഴിയെ ‘ചെറുമി’യാക്കി മാറ്റാന്‍, മേക്കപ്പ്മാന് കെ.പി.ആറങ്ങോടന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.
“പണ്ട് ‘മുല്ലമംഗല’മായിരുന്നു ചെറുമിയുടെ വേഷം കെട്ടിയിരുന്നത്. ഇപ്പൊ മുല്ലനേഴി ആയി. മുല്ലാംഗലത്തിനേയും മുല്ലനേഴിയേയും കൂടി തട്ടിച്ചു നോക്കിയാല്‍ ആരാരാകേമമ്ന്ന് പറയാന്‍ പറ്റില്ല…”
പഴയ കൂറ്റുകാരായ പ്രായം ചെന്ന കാണികള്‍ നാടകം തീര്‍ന്നപ്പോള്‍ മുല്ലനേഴിയെ ഏറെ അഭിനന്ദിച്ചു.
മുല്ലനേഴിയുടെ ഒപ്പം അഭിനയിക്കുമ്പോള്‍, ഒരുതരം ഊര്‍ജം നമ്മളിലേക്ക് പ്രസരിക്കുന്നതായി അനുഭവപ്പെടും. ഞാനത് ഏറെ അനുഭവിച്ചിട്ടുണ്ട്.
അഭിനയം അധികം നന്നായാലും അബദ്ധം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ ‘ആപ്പീസ്’ എന്നുപറഞ്ഞൊരു നാടകം ഉണ്ടായിരുന്നു. അതിലെ കൈക്കൂലിക്കാരനായ ആപ്പീസറുടെ ഭാഗമായിരുന്നു മുല്ലനേഴിക്ക്. മുല്ലനേഴിയുടെ അഭിനയത്തില്‍ ആകൃഷ്ടനായ ഒരു വൃദ്ധന് പറഞ്ഞുപോലും “ഓന് പത്തുരൂപ കൈക്കൂലി വാങ്ങിയാലും കൊഴപ്പം ഒന്നും ഇല്ല്യാ ഓനെ ഇയ്ക്ക് അത്രയ്ക്ക് ഇഷ്ടായി..”
ഒരു കാലത്ത് കവിസമ്മേളനങ്ങള്‍ക്ക് ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാന്‍ തുടങ്ങി. അക്കാലങ്ങളില്‍ മുല്ലനേഴി രചിച്ച ഒട്ടുമിക്ക കവിതകളും എനിക്ക് നേരില്‍ കേട്ട് ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
ഏതോ വിദ്യാലയത്തിലെ ഒഴിഞ്ഞ ക്ലാസുമുറി. അവിടെയിരുന്ന് എന്നും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അതിന്റെ മുഴുവന്‍ വികാരത്തോടുകൂടി ആദ്യമായി ചൊല്ലി കേള്‍പ്പിച്ചുതന്നത് എന്റെ മാത്രം സ്വകാര്യ സമ്പാദ്യമായി ഇന്നും ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു.
പിന്നെ അതേ വിദ്യാലയത്തിലെ സാഹിത്യ സമ്മേളനത്തില്‍ ഞാന്‍ സംസാരിക്കുന്നതിനിടയില്‍ ‘കഷണ്ടി’ എന്ന കവിതയില്‍നിന്നും ഏതാനും വരികള്‍ ഓര്‍മയില്‍നിന്നും ഉദ്ധരിച്ചു. സ്റ്റേജില്‍ ഉണ്ടായിരുന്ന മുല്ലന് ഈറ്റപ്പുലിപോലെ ചാടി എഴുന്നേറ്റു.
“തനിക്കാരടോ കെജിഎസ്സിന്റെ കവിത തിരുത്താന്‍ അവകാശം തന്നത്?”
മുല്ലനേഴി എന്റെ കയ്യില്‍നിന്നും മൈക്ക് തട്ടിപ്പറിച്ച് കഷണ്ടി മുഴുവനും മനോഹരമായി അവതരിപ്പിച്ചു. (അന്നത്തോടുകൂടി മനസ്സില്‍നിന്നും കവിത ഓര്‍മിച്ചെടുത്തു ചൊല്ലുന്ന വിദ്യ ഞാന്‍ നിര്‍ത്തുകയും ചെയ്തു.)
സ്വന്തം കവിതകളില്‍ മുല്ലനേഴിക്ക് ഏറെ ആത്മവിശ്വാസമുണ്ടായിരുന്നു. പുറമേനിന്നുള്ള ചെറിയ തിരുത്തുപോലും സഹിക്കാന്‍ കഴിയുമായിരുന്നില്ല. മുല്ലനേഴി ഇടയ്ക്ക് എന്നെ വിളിക്കും-ഒന്നൂല്യ തന്റെ ശബ്ദം കേട്ടിട്ട് കുറേ ദിവസമായി.
സ്നേഹത്തിന്റെ കടലാണ് മുല്ലന്റെ ഹൃദയം പക്ഷെ എപ്പോഴാണ് അതില്‍നിന്നും നുരയും പതയും പൊന്തി വന്‍ തിരകള്‍ വരികയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ചെറിയ ഒരു കാര്യം മതി പൊട്ടിത്തെറിക്കാന്‍. സ്നേഹത്തില്‍നിന്നും കലാപത്തിലേക്കുള്ള പെന്റുലത്തിന്റെ ചാഞ്ചാട്ടമാണ് മുല്ലന്റെ മനസ്സ്. അതുതിരിച്ച് ചാടാനും അത്രയൊക്കെ സമയമേ വേണ്ടൂ!
എറണാകുളത്ത് പിച്ചക്കാരെ ഓടിച്ചിട്ടു പിടിച്ച് മര്‍ദ്ദിച്ച് ഇടിവണ്ടിയില്‍ കേറ്റിക്കൊണ്ടു പോകുന്നതു കണ്ടുനില്ക്കാന് മുല്ലനേഴിയുടെ മനസ്സ് സമ്മതിച്ചില്ല. അതിലിടപെട്ട് രൂക്ഷമായി പ്രതികരിച്ചു. നെല്ലും പതിരും തിരിച്ചറിയാത്ത പോലീസ് മുല്ലനേഴിയേയും പൊക്കി ലോക്കപ്പില്‍ ഇട്ടു. (ഒരു അനീതി കണ്ടാല്‍ തനിയേ പ്രതികരിച്ചു പോകും. അതിന്റെ ഫലമായി എന്തൊക്കെ നഷ്ടം വന്നാലും. അതും സാംസ്ക്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു.)
എനിക്ക് മുല്ലനേഴി എന്നും സ്വന്തം സഹോദരനെപ്പോലെയായിരുന്നു. (ആ സ്നേഹത്തിന്റെ കാന്തിക വലയത്തില്‍ പെട്ടുപോയാല്‍ പിന്നെ ആര്‍ക്കാണ് രക്ഷപ്പെടാന്‍ കഴിയുക?)
~ഒരു ശനിയാഴ്ച. തൃശ്ശൂര്‍ ‘തണല്‍’ സംഘടനയുടെ ഒരു ക്യാമ്പില്‍ ‘എഴുത്തിന്റെ രസതന്ത്ര’ത്തെക്കുറിച്ച് ക്ലാസെടുക്കാന്‍ കേച്ചേരിയില്‍ എത്തിയതായിരുന്നു ഞാന്‍. തിരിച്ചുപോരാന്‍ കാലത്ത് മുല്ലനേഴിയുടെ ഫോണ്‍ “ഞാന്‍ കേച്ചേരിക്കുവരുന്നുണ്ട്. കണ്ടിട്ടേ പോകാവൂ…” (ഒരുപാടു നേരം കാത്തപ്പോള്‍) മുല്ലന് എത്തി. താടിവടിച്ചിരിക്കുന്നു.
“കറണ്ടുപോയപ്പോള്‍ ബാര്‍ബര്‍ നിര്‍ത്തി.” മീശ പിരിച്ചുകൊണ്ട് മുല്ലന് കളി പറഞ്ഞു.
“എന്തിനാ കാത്തു നില്ക്കാന് പറഞ്ഞത്?”
“തന്നെ ഒന്നു കാണണം എന്നു തോന്നി. അത്ര തന്നെ.”
ആ മുഖത്ത് നിഷ്ക്കളങ്കമായ ചിരി പടര്‍ന്നു.
ബഡായി പറഞ്ഞ് പിരിയുമ്പോള്‍ മുല്ലന് ഓര്‍മപ്പെടുത്തി. “ഇടയ്ക്കൊക്കെ കാണണം” പക്ഷെ അടുത്ത ശനിയാഴ്ച ചിരിയും കളിയും കവിതയും കലാപവും എല്ലാം അവസാനിപ്പിച്ച് ഒരു ചില്ലു കൂട്ടില്‍, വെളുത്ത കോടി പുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന മുല്ലനേഴിയേയാണ് കണ്ടത്.
ഇപ്പോഴും ഫോണ്‍ ശബ്ദിച്ചാല്‍ ഞാന്‍ ആശിച്ചുപോകും. അത് 9495 246030 ല്‍ നിന്നാവണേ. ബട്ടന് അമര്‍ത്തിയാല്‍ ആ സ്വരം കേള്‍ക്കണേ…..
ടി.ആര്യന് കണ്ണനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: