മരട്: മാരിടൈം സര്‍വകലാശാലക്കുവേണ്ടി കുമ്പളത്ത് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒളിച്ചുകളി നടത്തിയെന്നാരോപിച്ച് കുമ്പളം പഞ്ചായത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. ജനവാസകേന്ദ്രത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാരോപിച്ച് കുമ്പളത്ത് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിലെതന്നെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജനങ്ങളെ സംഘടിപ്പിച്ച് സമരവുമായി രംഗത്തിറങ്ങിയത്.
കോണ്‍ഗ്രസിലെതന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുത്തതും, ഏറ്റെടുക്കല്‍ തടസപ്പെടുത്തലും നടന്നതെന്നാണ് പഞ്ചായത്തിലെ പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉപേക്ഷിച്ചതായി സംസ്ഥാന എക്സൈസ് തുറമുഖവകുപ്പ് മന്ത്രി കെ.ബാബുവിന്റെ ഓഫീസില്‍നിന്നും ബുധനാഴ്ച അറിയിച്ചു.
സര്‍വകലാശാലക്കുവേണ്ടി 80 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതനുസരിച്ച് കുമ്പളത്തെതന്നെ കായല്‍തീരത്തുള്ള ജനവാസമില്ലാത്ത പ്രദേശമാണ് ഇതിനായി കണ്ടെത്തിയിരുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചപ്പോഴാണ് എതിര്‍പ്പുമായി കോണ്‍ഗ്രസിലെതന്നെ ഒരുവിഭാഗം രംഗത്തുവന്നത്.
ഭൂ മാഫിയയുമായി ബന്ധമുള്ള പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.എ.സിജീഷ് കുമാറും ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ സര്‍വീസില്‍നിന്നും പിരിച്ചുവിട്ട മുന്‍ പോലീസുകാരനും ചേര്‍ന്നാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് ആക്ഷേപം. ഇയാള്‍ എറണാകുളം സൗത്ത് പോലീസ്സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയും വ്യാജരേഖ ചമച്ചതിന് കോടതിയില്‍ കേസുള്ള ആളുമാണ്. അറസ്റ്റ് ഭയന്ന് കുറച്ചുനാള്‍ ഒളിവില്‍ കഴിഞ്ഞ മുന്‍ പോലീസുകാരന് അടുത്തിടെയാണ് രംഗത്ത് സജീവമായിരിക്കുന്നത്.
കുമ്പളത്ത് ഗുണ്ട-മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലെ ചിലരാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: