ഇംഫാല്‍: മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന പരിപാടിയുടെ ഭാഗമായി യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 40 ഓളം ഭീകരര്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചു. ഈ നടപടി മേഖലയില്‍ സുസ്ഥിരതയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുമെന്ന് 46 ആസ്സാം റൈഫിള്‍സ് കമാന്‍ഡര്‍ കേണല്‍ വികാസ് ചൗള അഭിപ്രായപ്പെട്ടു. തീവ്രവാദി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും അക്രമം ഉപേക്ഷിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനുമുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സംഘടന രൂപീകൃതമായത്. എന്നാല്‍ അക്രമത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞ് സമാധാനത്തിന്റെ മാര്ഗ്ഗത്തിലെത്താനുള്ള അവരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ചൗള പറഞ്ഞു.
കീഴടങ്ങിയ ഭീകരവാദികള്‍ക്ക് ശിഷ്ടജീവിതം സമാധാനപരമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബൂബി സിംഗ് വെളിപ്പെടുത്തി.
കീഴടങ്ങല്‍ ചടങ്ങില്‍ സര്‍ക്കാര്‍ വടക്കു കിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗങ്ങളെ ഭാരതസര്‍ക്കാര്‍ മറന്നതായാണ് താന്‍ കരുതിയതെന്ന് ഉട്ല പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടക്കം മുതല്‍ തങ്ങള്‍ക്ക് അവഗണന അനുഭവിക്കേണ്ടിവന്നുവെന്നും വടക്കുകിഴക്കന്‍ മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഒന്നടങ്കം രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയും പല തീവ്രവാദികളും കീഴടങ്ങാനുണ്ടെന്നും വൈകാതെ അവരെല്ലാം സമാധാനത്തിന്റെ പാതയിലേക്ക് വരുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഗ്രൂപ്പ് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ 50 ഓളം ഭീകരര്‍ കീഴടങ്ങിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യധാരയിലേക്ക് തീവ്രവാദികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും മുന്നോട്ടു വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: