യോഗത്തിന്റെ അവസാനത്തെ പടിയാണ് (എട്ടാമത്തെപടി) സമാധി. അദ്ധ്യാത്മികാനന്ദത്തിന്റെ ന്റെ പമമമായ ഉറവിടം. ശ്രീരാമകൃഷ്ണന് മൂന്നുതരം ആനന്ദത്തെപ്പറ്റി പറയുന്നു. ആദ്യത്തേത് വിഷയേന്ദ്രിയസംയോഗത്താലുണ്ടാവുന്ന വിഷയാനന്ദം. രണ്ടാമത്തേത് ജപധ്യാനങ്ങളാലുണ്ടാവുന്ന ഭജനാനന്ദം. അവസാനം സമാധിയില്‍ അനന്തചൈതന്യസാക്ഷാത്കാരത്തിലുണ്ടാവുന്ന പരമാനന്ദമാകുന്ന ബ്രഹ്മാനന്ദം. ബ്രഹ്മാനന്ദ പ്രാപ്തി വിഷമമാണ്. കഠിനപ്രയത്നത്തിന്റെയും ഈശ്വരകാരുണ്യത്തിന്റെയും അന്തിമഫലമാണത്. എന്നാല്‍ അതിന് മുന്‍പുതന്നെ നമുക്ക് ഭജനാനന്ദം അനുഭവിക്കാം. അത് നമുക്കെല്ലാവര്‍ക്കും പ്രാപിക്കുന്നതാണ്. ജപംകൊണ്ടും ഈശ്വരന്റെ ആനന്ദമയസ്വരൂപം ധ്യാനിക്കുന്നതുകൊണ്ടും കൈവരുന്ന ആനന്ദമാണ്. നമ്മോടൊപ്പം ആദ്ധ്യാത്മസാധന ചെയ്യുന്നവരുമായി നമുക്കീ ആനന്ദം പങ്കിടുക. അതുകൊണ്ടാണ് ഇത്തരം ആദ്ധ്യാത്മഭാവനയുടെ സാധകര്‍ മേളിക്കുന്ന സ്ഥലത്ത് അവര്‍ ഈശ്വരനാമം ജപിക്കുകയും കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുന്നത്. തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ലൗകിക ക്ലേശങ്ങള്‍ മറക്കുന്നു. മനസ്സ് ഒരുതലത്തില്‍ വിഹരിക്കുന്നു, പരമാത്മാവിന്റെ ആനന്ദത്തിന്റെയും ശാന്തിയുടെയും ഒരംശം നമ്മുടെ മനസ്സില്‍ വന്നുചേരുന്നു.
ജീവിതത്തില്‍ നാമോരുത്തരും ആദ്ധ്യാത്മ ജീവിതം നയിക്കേണ്ടത്, ആത്മസാക്ഷാത്കാരം നേടി ബന്ധവിമുക്തരാവുന്നതരത്തില് മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമം വര്‍ധിപ്പിക്കാന്‍ കഴിവേകുന്ന രീതിയിലും കൂടി ആവണം. നമ്മുടെ അന്തരാത്മാവില്‍ ഈശ്വരനെ സാക്ഷാത്കരിക്കണം. പിന്നെ നമുക്കവിടുത്തെ സര്വ്വഭൂതാവാസനായി അനുഭവിക്കണം. സ്വാമിജിക്ക് ഈ പൂര്‍ണ്ണദര്‍ശനം സിദ്ധിച്ചിരിക്കുന്നു; ഈ സാക്ഷാത്കാരമാണ് വൈദ്യസഹായം, വിദ്യാഭ്യാസ സേവനം, തത്ത്വപ്രചാരം, പ്രസിദ്ധീകരണം എന്നിങ്ങനെയുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ വിവിധ രൂപത്തിലുള്ള സേവനത്തിന്റെ പ്രചോദനവും അടിസ്ഥാനവും. മനുഷ്യരിലുള്ള ഈശ്വരനെ സേവിക്കുകയാണാദര്ശനം. നാം സ്വതന്ത്രരാവാന്‍ ശ്രമിക്കുന്നതുപോലെ നാം മറ്റുള്ളവരെ സ്വതന്ത്രരാവാന്‍ സഹായിക്കാനും ശ്രമിക്കണം. ഇതാണ് പൂര്ണത്വമാര്ന്ന മാര്‍ഗം. നാമെല്ലാം അഭ്യസിക്കാന്‍ ശ്രമിക്കുന്ന സമന്വയമാര്‍ഗം.
– ശ്രീ യതീശ്വരാനന്ദ സ്വാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: