ശബരിമല: ശങ്കരാചാര്യ പത്മപാദ പരമ്പരയിലെ എണ്‍പതാമത്തെ മൂപ്പില്‍ സ്വാമിയാരായ ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.
ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നിരുന്ന 25നാണ് സ്വാമികള്‍ സന്നിധാനത്തെത്തിയത്.
ശങ്കരാചാര്യ പരമ്പരയില്‍പെട്ട ആചാര്യന്മാരില് ശബരിമല ദര്‍ശനത്തിന് എത്തുന്ന ആദ്യത്തെ സന്യാസി ശ്രേഷ്ഠനാണ് ഇദ്ദേഹം. എണ്പതു വയസ്സുള്ള സ്വാമികള്‍ സമ്പ്രദായ പ്രകാരം നടന്നാണ് സന്നിധാനത്ത് എത്തിയത്. ഇദ്ദേഹത്തോടൊപ്പം തെക്കേമഠം മാനേജര്‍ സി.പി.രാമസ്വാമി, ബ്രഹ്മസ്വം മഠത്തിലെ പ്രധാന ആചാര്യന് ഒറവങ്കര ദാമോദരന്‍ നമ്പൂതിരി, ഗുരുവായൂര്‍ ക്ഷേത്ര ഓതിക്കന് പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി, തെക്കേമഠം കോര്‍ഡിനേറ്റര്‍ നാരായണന് ഭട്ടതിരിപ്പാട്, കൊല്ലോറ്റ നന്ദി നമ്പൂതിരി, വേദ വിദ്യാര്‍ത്ഥികളടക്കം പതിനേഴംഗ സംഘവും മല ചവിട്ടി അയ്യപ്പദര്‍ശനം നടത്തി.
മുംബൈയില്‍ ദേവിഭാഗവത സത്രം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ സ്വാമികള്‍ ശബരിമല മേല്‍ശാന്തി എഴിക്കാട് ശശി നമ്പൂതിരിയുടെ ക്ഷണപ്രകാരമാണ് സന്നിധാനത്ത് എത്തിയത്. മുംബൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ സ്വാമികള്‍ കാലടിയിലെ തെക്കേമഠംവക ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിനുള്ള അനുജ്ഞ നല്കിയ ശേഷമാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ അയ്യപ്പദര്‍ശനത്തിന് ശേഷം അദ്ദേഹവും സംഘവും മലയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: