ന്യൂദല്‍ഹി: സായുധസേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കരസേന മേധാവി ജനറല്‍ വി.കെ.സിങ്ങ് അറിയിച്ചു. ഇത് ആഭ്യന്തരകാര്യവകുപ്പിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും തങ്ങള്‍ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും കരസേന മേധാവി പത്രലേഖകരോട് പറഞ്ഞു.
ഇന്‍ഫന്ററി ഡേ ആഘോഷങ്ങള്‍ക്കിടെയാണ് സിങ് ഇങ്ങനെ അറിയിച്ചത്. ഒക്ടോബര്‍ 25 ന് ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനം സൈന്യം തന്നെ ആസൂത്രണം ചെയ്തതാണെന്ന് മുസ്തഫ കമാലിന്റെ അഭിപ്രായം പ്രതികരണയോഗ്യമല്ലെന്ന് അദ്ദേഹം മറുപടി നല്കി. ജമ്മുകാശ്മീരില്‍ പ്രത്യേക നിയമം നിലനിര്‍ത്തണമെന്നും അത് ഭീകരവാദികളെ നേരിടാന്‍ ആവശ്യമാണെന്നുമാണ് സൈന്യത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈ നിയമം പിന്‍വലിക്കുന്നതായി കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച അറിയിച്ചിരുന്നു. ഇത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ജമ്മുകാശ്മീരില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൈന്യം സജീവമായി സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീരിലെ ചില പ്രദേശങ്ങളില്‍നിന്ന് സൈന്യത്തിന്റേയും കേന്ദ്ര പാരാമിലിട്ടറിയുടേയും അറിവോടെയായിരിക്കും ഈ നിയമത്തില്‍ അയവു വരുത്തുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
ഇങ്ങനെ നിയമം പിന്‍വലിച്ച പ്രദേശങ്ങളിലെ സുരക്ഷയെക്കുറിച്ച് പുനരവലോകനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യവും സംസ്ഥാന സര്‍ക്കാരും വ്യത്യസ്ത രീതികളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരും സൈന്യത്തിന്റെ ആത്മവിശ്വാസത്തെ കുറക്കാന്‍ ശ്രമിക്കുന്നില്ലെന്നും അത് പ്രത്യേക രീതിയില്‍ ചില മാനദണ്ഡങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: