ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ തടവില്‍ കഴിയുന്ന രണ്ട് മുന്‍ ബിജെപി എംപിമാരെയും അദ്വാനിയുടെ മുന്‍ സെക്രട്ടറി സുധീന്ദ്ര കുല്‍ക്കര്‍ണിയെയും ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് സന്ദര്‍ശിച്ചു. ദീപാവലി ആഘോഷത്തിന്റെ ഈ ഉത്സവവേളയില്‍ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട നിരപരാധികള്‍ ജയിലഴിക്കുള്ളിലാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും ഭരണത്തില്‍ തുടരുന്നു, ജയിലില്‍ പ്രവേശിക്കുന്നതിന് മുമ്പ് സുഷമ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍ ബിജെപി എംപിമാരായ മഹാവീര്‍ ഭഗോറയും ഫാഗന്സിംഗ് കുലസ്തെയും കുല്കര്ണിയോടൊപ്പം ദല്‍ഹി പോലീസാണ് അറസ്റ്റുചെയ്തത്. 2008 ജൂലൈ 22 ന് ലോക്സഭയില്‍ വിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യാന്‍ എംപിമാര്‍ക്ക് പണം നല്‍കിയെന്നതാണ് കേസ്. തങ്ങളെക്കുറിച്ച് ഉല്ക്കണ്ഠപ്പെടേണ്ടതില്ലെന്ന് ജയിലിനുള്ളില്‍ കഴിയുന്നവര്‍ പറഞ്ഞതായി സുഷമാസ്വരാജ് അറിയിച്ചു. തങ്ങള്‍ നിരപരാധികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്ന അംഗങ്ങളെയാണ് പ്രതികളാക്കിയിരിക്കുന്നതെന്നാണ് ബിജെപി നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: