ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെയും മറ്റും ജാമ്യഹര്‍ജികളില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ 3 ന് വിധി പറയും. കഴിഞ്ഞ മെയ് 20 ന് അറസ്റ്റിലായ കനിമൊഴി അന്നുമുതല്‍ ജയിലിലാണ്. കഴിഞ്ഞദിവസം പ്രത്യേക സിബിഐ കോടതി ഇവര്‍ക്കെല്ലാം കുറ്റപത്രം നല്‍കിയതോടെയാണ് ജാമ്യാപേക്ഷ നല്കാന് വഴിതെളിഞ്ഞത്. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ കീഴ്ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിയില്‍ കനിമൊഴിക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക സിബിഐ കോടതി മുമ്പാകെ കനിമൊഴി നല്കിയ ജാമ്യഹര്‍ജിയെ സിബിഐ എതിര്‍ത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ജാമ്യം കിട്ടിയേക്കുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാര്‍, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവരുടെ ജാമ്യഹര്‍ജികളിലും 3 ന് വിധിപറയും.
നേരത്തെ ജാമ്യംതേടി വിചാരണക്കോടതി, ദല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവയെ കനിമൊഴി സമീപിച്ചെങ്കിലും വിഫലമായിരുന്നു. കുറ്റപത്രം കിട്ടിയശേഷം കനിമൊഴിക്കും മറ്റുള്ളവര്‍ക്കും ജാമ്യാപേക്ഷ നല്‍കാവുന്നതാണ,് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി അറിയിക്കുകയായിരുന്നു. സ്വാന് ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വ, മുതിര്‍ന്ന ഡിഎംകെ നേതാവും ടെലികോം മന്ത്രിയുമായിരുന്ന എ.രാജയുടെ മുന്‍ സെക്രട്ടറി ആര്.കെ.ചന്ദോളിയ എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തിട്ടുണ്ട്.
രാജക്കും കനിമൊഴിക്കും മറ്റ് 15 പ്രതികള്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റപത്രം നല്കിയ സാഹചര്യത്തില്‍ അടുത്തമാസം 11 മുതല്‍ വിചാരണ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: