നാട്ടിലെ ഗവ. എല്‍പിഎസിന്റെ ശതാബ്ദിവര്‍ഷമാണ്. ആഘോഷപരിപാടികള്‍ നിശ്ചയിക്കാന്‍ വിളിച്ചുകൂട്ടിയ ആദ്യയോഗത്തില്‍ വച്ചാണ് രാമന്‍ നായരെ കണ്ടത്. യോഗനടപടികളിലെ ആദ്യ ഇനം ഈശ്വരപ്രാര്‍ത്ഥന. ഞങ്ങളുടെ പഴയ മലയാളം പള്ളിക്കൂടത്തിന്റെ ഈശ്വരപ്രാര്‍ത്ഥന ഇംഗ്ലീഷിലായിരുന്നു. അധ്യക്ഷപ്രസംഗത്തില്‍ ഹെഡ്മാസ്റ്റര്‍ അതിനെ പുകഴ്‌ത്തുന്നതും കേട്ടു. കുട്ടികളെ കിട്ടാനില്ല. കുട്ടികള്‍ വരണമെങ്കില്‍ നയം മാറ്റണം, എല്ലാം ഇംഗ്ലീഷാക്കണം. പുതിയൊരു പദ്ധതികൂടി നടപ്പാക്കിയിട്ടുണ്ട്. സ്കൂളില്‍ കുട്ടികള്‍ ഇംഗ്ലീഷിലേ സംസാരിക്കാവൂ…. ഈ സമയത്താണ് തൊഴിലുറപ്പ് പദ്ധതിയുടെ പണിക്കുപോയിരുന്ന ഒരു സ്ത്രീ നേരം വൈകി ഹാളിലേക്ക് കടന്നുവന്നത്. ആലോചനാ യോഗത്തെ പിന്‍ബെഞ്ചിലിരുന്ന് കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഒന്നാംക്ലാസുകാരന്‍ മമ്മീ എന്ന് വിളിച്ചുകൊണ്ട് ഓടിച്ചെല്ലുന്നതും ആ സ്ത്രീ വാരിയെടുക്കുന്നതും കണ്ടു. ഹെഡ്മാസ്റ്ററുടെ പദ്ധതി വിജയിച്ചിരിക്കുന്നു. സൗന്ദര്യം കുറയുമെന്ന് പറഞ്ഞ് മുലയൂട്ടല്‍ ഇല്ലാതായി. ഇപ്പോള്‍ ‘അമ്മേ’ എന്ന കിളിപ്പാട്ടും നഷ്ടമായിരിക്കുന്നു! “അമ്മ മലയാളം” പടിയിറങ്ങുകയാണ്…. ആയിരങ്ങള്‍ക്ക് ‘ഹരിശ്രീ’ പകര്‍ന്ന സരസ്വതീക്ഷേത്രം മൂകസാക്ഷി!
മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം. ഏറ്റവും നല്ലത് എന്നുവച്ചാല്‍ ഏറ്റവും വലിയ ശമ്പളമുള്ള ജോലി കിട്ടുന്ന വിദ്യാഭ്യാസം അഥവാ ഏറ്റവും കൂടിയ വിലയ്‌ക്ക് വില്‍ക്കാവുന്ന വിദ്യാഭ്യാസം. രക്ഷിതാക്കളുടെ ഈ ആര്‍ത്തിയില്‍നിന്നാണ് സ്വകാര്യ വിദ്യാഭ്യാസക്കച്ചവടക്കാര്‍ കൊയ്യുന്നത്. മലയാളത്തിന് ചന്തയില്‍ ഡിമാന്റില്ല. കടല്‍ കടന്നുവന്ന ‘ഇംഗ്ലീഷ് ആയ’യുടെ മാറത്ത് പറ്റിപ്പിടിച്ചിരുന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ സ്വന്തം പെറ്റമ്മയുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടാന്‍ പഠിച്ചിരിക്കുന്നു. പടിഞ്ഞാറിന്റെ തൊലിവെളുപ്പ് കണ്ട് മാതൃസംസ്ക്കാരത്തെയും അമ്മമലയാളത്തെയും ചവിട്ടിപ്പുറത്താക്കുന്നവര്‍, നാളെ പെറ്റമ്മയെത്തന്നെ പശുത്തൊഴുത്തിലോ പട്ടിക്കൂട്ടിലോ കൊണ്ടടച്ചാല്‍ അതൊരു സ്വാഭാവിക പരിണാമം മാത്രമാണ്.
വിദ്യാഭ്യാസ വിചക്ഷണനെന്ന് സ്വയം അഭിമാനിക്കുന്ന ഒരു ദേഹമാണ് പിന്നീട് സംസാരിച്ചത്. അദ്ദേഹം അറിവിന്റെ ഭാണ്ഡം തുറന്നു. കുട്ടികള്‍ കുടുംബത്തില്‍ നിന്നല്ല പഠിക്കേണ്ടത് പരിഷ്കൃത രാജ്യങ്ങളിലൊക്കെ കൊച്ചായിരിക്കുമ്പോള്‍ മുതല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ എന്താ ഒരു ശാസ്ത്രസാങ്കേതിക വളര്‍ച്ച! വീട്ടില്‍ നിന്നാല്‍ കുട്ടികള്‍ മുരടിക്കും…. എനിക്കും ദുഃഖം തോന്നി. പടിഞ്ഞാറിന്റെ ശാസ്ത്രസാങ്കേതിക വളര്‍ച്ച മാത്രമേ ആ സുഹൃത്ത് കാണുന്നുള്ളല്ലോ. മറുവശത്ത് സാമൂഹ്യബന്ധങ്ങളിലുള്ള ഭീമമായ തകര്‍ച്ച അദ്ദേഹം വിലയിരുത്തുന്നില്ലല്ലോ-കുടുംബസങ്കല്‍പ്പം തകരുന്നു; കൊലപാതകങ്ങളും ലൈംഗികാരാജകത്വവും പെരുകുന്നു; ബന്ധങ്ങള്‍ ഉപചാരങ്ങള്‍ മാത്രമാകുന്നു; കൗമാരപ്രസവങ്ങള്‍, കുട്ടിക്കുറ്റവാളികളില്‍ വന്‍ധന…… ഊഷ്മളമായ കുടുംബബന്ധങ്ങളില്‍നിന്ന് കുട്ടിക്കാലത്തേ പറിച്ചുമാറ്റപ്പെടുന്നവര്‍ മനസ്സില്‍ നന്മയുടെ മാര്‍ദവമില്ലാത്ത തോന്യാസ സംസ്ക്കാരത്തിനടിമകളായി സാമൂഹ്യ ജീവിതത്തെ കലുഷമാക്കുന്നു- ഒരമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തകന്റെ കണ്ടെത്തലുകള്‍ എവിടെയോ വായിച്ചതോര്‍ത്തുപോയി. സ്വൈര്യമായി ജീവിക്കാനാവില്ലെങ്കില്‍പ്പിന്നെ ആര്‍ക്കുവേണ്ടിയാണീ ‘യന്ത്രവളര്‍ച്ച’?
യോഗം കഴിഞ്ഞപ്പോള്‍ വൈകി. വീട്ടില്‍ കയറിയിട്ടേ പോകാവൂ എന്ന് പഴയ സഹപാഠിക്ക് നിര്‍ബന്ധം. കാല്‍മുട്ട് മടങ്ങാത്തതുകൊണ്ട് സാവകാശത്തിലായിരുന്നു നടത്തം. ഒരു ചെറിയ വീടാണ് രാമന്‍ നായരുടേത്. വയ്‌ക്കോല്‍ മാറ്റി, മേച്ചില്‍ ഓടാക്കിയിട്ടുണ്ടെന്നതാണ് പുരയ്‌ക്ക് ആകെ കണ്ട മാറ്റം. അതിര്‍ത്തിവേലി പഴയതിലും ചുരുങ്ങി മുറ്റത്തോളമെത്തിയിരിക്കുന്നു. കറണ്ടുണ്ട്. ഒരു പഴയ 14″ ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയുടെ മുമ്പില്‍ കട്ടിലിട്ട് രാമന്‍നായരുടെ മകന്‍ ചന്ദ്രശേഖരന്‍ നായരെന്ന ചന്ദ്രന്‍. കട്ടിലിന് സമീപം ചാരിവച്ചിരിക്കുന്ന ഊന്നുവടികള്‍….
രണ്ട് മക്കളായിരുന്നു രാമന്‍ നായര്‍ക്ക്. മൂത്തവള്‍ സരള ഇറച്ചിവെട്ടുകാരന്‍ പരീതിന്റെ കൂടെ ഒളിച്ചോടിയത് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാമന്‍ ചന്ദ്രനെ ഒരു നായര്‍ പെണ്‍കുട്ടിയെത്തന്നെ കല്യാണം കഴിപ്പിച്ചു. സമീറയായിത്തീര്‍ന്ന പെങ്ങള്‍ സരളക്ക് നാലാണ് കുട്ടികള്‍. മൂത്തവളുടെ നിക്കാഹ് കഴിഞ്ഞു. ഇളയതുങ്ങള്‍ പഠിക്കുന്നു. ഇഷ്ടംപോലെ പഠിക്കാല്ലോ-ന്യൂനപക്ഷ സ്കോളര്‍ഷിപ്പുണ്ട്, മുസ്ലീം പെണ്‍കുട്ടി സ്കോളര്‍ഷിപ്പുണ്ട്. പഠിത്തം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലിക്ക് സംവരണം കിട്ടും. രാമന്‍നായര്‍ പറഞ്ഞു- “രാവിലെ അവളുടെ വീട്ടിലായിരുന്നു. അവര്‍ കെട്യോനും കെട്യോളും ഹജ്ജിന് പോവുകയാണ്. സര്‍ക്കാര്‍ ക്വാട്ടയിലായതുകൊണ്ട് രണ്ടുപേര്‍ക്കും കൂടി ഒന്നരലക്ഷത്തോളം കിട്ടും ഖജനാവില്‍നിന്ന്. പിന്നെ പോകരുതോ”. നഗരത്തിലെ വന്‍കിട ഇറച്ചിവിതരണക്കാരനാണ് പരീത്.
ചന്ദ്രന്റെ കാര്യമാണ് കഷ്ടം. കൂലിപ്പണിക്കിടെ മരത്തില്‍നിന്ന് വീണ് കാലൊടിഞ്ഞു. ഒടിഞ്ഞ കാലം മുറിക്കേണ്ടി വന്നു. നടക്കാന്‍ ഊന്നുവടി വേണം. പണിക്കുപോകാന്‍ വയ്യ. ഭാര്യയാണെങ്കില്‍ ആസ്ത്മാ രോഗി. ആകെയുള്ള വരുമാനം അമ്പലത്തിലെ അടിച്ചുതളി.
രണ്ട് പെണ്‍മക്കളാണ്. ഒരു സര്‍ക്കാരും ഒന്നും തരാനില്ല. തെണ്ടിയും പിരിവെടുത്തും കുറേ പഠിപ്പിച്ചു. സമീറയുടെ മക്കള്‍ സഹപാഠികളായതുകൊണ്ട് ഉച്ചയ്‌ക്ക് അവരുടെ ചോറിന്റെ പങ്കുപറ്റിയാണ് പലപ്പോഴും ഇരുവരും വിശപ്പടക്കിയിരുന്നത്. അവര്‍ തമാശക്ക് പറയാറുണ്ടത്രേ- “ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകൊണ്ട് വാങ്ങിയ അരിയാ. ഹിന്ദുക്കുട്ടികള്‍ക്ക് വിശപ്പടക്കാന്‍ കൊടുത്തെന്ന് സെക്കുലര്‍ സര്‍ക്കാരറിഞ്ഞാല്‍ കുഴപ്പമാ…” മൂത്തവള്‍ പഠിത്തം നിര്‍ത്തി. കറിയാച്ചന്‍ മുതലാളിയുടെ മകള്‍ പ്രസവാവധിക്ക് നാട്ടിലുണ്ട്, അവരുടെ കുഞ്ഞിനെ നോക്കാന്‍ പോകുന്നു. വല്ലതും തരാതിരിക്കില്ല…
“സുമിത്രാ ചന്ദ്രശേഖരന്‍ നായരുടെ” വക ഒരുഗ്ലാസ് കട്ടന്‍കാപ്പി. ഊതിക്കുടിക്കുമ്പോള്‍ ചുറ്റും വിഷണ്ണമായ കുറേ മുഖങ്ങള്‍… ടിവിയില്‍ ചര്‍ച്ച തകര്‍ക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരി അലമുറയിടുന്നു-“പത്മനാഭക്ഷേത്രത്തിലെ നിധി ജനങ്ങളുടെ നികുതിപ്പണമാണ്. അത് പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് നല്‍കണം”. ളോഹയിട്ടാല്‍ തനി അച്ചനാണെന്ന് തോന്നിക്കുന്ന താടിക്കാരന്‍ യുക്തിവാദിയുടെ ഉപദേശം- “ചരിത്രം പഠിക്കണം… ചരിത്രം പഠിക്കണം…”
“സമര്‍പ്പിച്ചത് അന്നത്തെ ഭരണക്കാരായതുകൊണ്ട് അതില്‍ കുറേ പൊതുസ്വത്തുണ്ടാകാമെന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. രാജാധിപത്യം പോയി ജനാധിപത്യവും മതേതരത്വവും വന്നിട്ടും ഇന്നും പൊതുജനത്തിന്റെ നികുതിപ്പണം ചോര്‍ത്തി ക്രിസ്ത്യാനിക്കും മുസ്ലീമിനും കൊടുക്കുന്നുണ്ടല്ലോ. അതിനെതിരെ ചെറുവിരലനക്കാന്‍പോലും ഈ വര്‍ത്തമാനകാല നപുംസകങ്ങള്‍ക്ക് കഴിയുന്നുണ്ടോ? പഴയ ഭരണക്കാര്‍ ഹിന്ദുക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വത്തിനുവേണ്ടി ചിതല് പിടിച്ച ചരിത്രവും പൊക്കിക്കാട്ടി തുണിയഴിച്ചിട്ട് തുള്ളുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്, ശുദ്ധ പിതൃശൂന്യത….!” ചോര തിളച്ചിട്ടോ എന്തോ ചന്ദ്രന്‍ ചാനല്‍ മാറ്റി. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തി പട എന്ന് പറഞ്ഞതുപോലെ, അവിടെ വാര്‍ത്തയാണ്- പെരുമ്പാവൂരില്‍ പോപ്പുലര്‍ഫ്രണ്ട് നിയമത്തെ വെല്ലുവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ന്യൂനപക്ഷാവകാശങ്ങളുടെ മറവില്‍ അമിതാനുകൂല്യങ്ങളനുഭവിക്കുന്നവരുടെ പുതിയ അഭ്യാസമുഖം…. “കാഫിറിന്റെ കാണിക്കപ്പണം ചെലവാക്കി ഗുരുവായൂര്‍ ദേവസ്വം ഹജ്ജ് ക്ലാസ് നടത്താന്‍ പോകുന്നെന്നാ ഒടുവില്‍ കേട്ടത്. ഗുരുവായൂരപ്പനെ തൊഴുത് കാണിക്കിയിട്ടുപോയവരായിരിക്കുമല്ലോ പുല്ലുമേട്ടില്‍ മരിച്ചത്. ആ ഹിന്ദുക്കളുടെ ദരിദ്രകുടുംബങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ പത്ത് പൈസ ധനസഹായം ചെയ്യാത്ത തെണ്ടികളാണ് ഹജ്ജുണ്ടാക്കാന്‍ പോണത്….!” വായനാനുഭവത്തില്‍നിന്നല്ല, മറിച്ച് ജീവിതാനുഭവങ്ങളില്‍നിന്നുള്ള ചന്ദ്രശേഖരന്‍ നായരുടെ പൊട്ടിത്തെറി!
ഞാന്‍ യാത്ര ചോദിച്ചു. നേരം നന്നേ ഇരുട്ടി. ആല്‍വിളക്ക് കരിന്തിരി കത്തുന്നു. ഇലഞ്ഞിമരത്തിന്റെ ശിഖിരങ്ങളില്‍ ഇരുട്ടിന്റെ സന്തതികളായി തലതിരിഞ്ഞ വവ്വാലുകള്‍ തൂങ്ങിയാടി ബഹളം വയ്‌ക്കുന്നു. വീട്ടില്‍ ചെല്ലുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു. വിഷണ്ണമായ മുഖങ്ങള്‍ മനസ്സില്‍നിന്ന് മായുന്നില്ല. ഒരാശ്വാസത്തിനുവേണ്ടി ‘ജന്മഭൂമി’ കയ്യിലെടുത്തു. കണ്ണില്‍പ്പെട്ടതേ ആര്‍.പ്രദീപിന്റെ ലേഖനം. കപടാഭിമുഖം നടത്തിയ അവാര്‍ഡ് സാഹിത്യകാരന്‍ തുഞ്ചന്‍ പറമ്പിലെ നിലവിളക്കൂതിയ കെ.പി.രാമനുണ്ണിയുടെ വാക്കുകള്‍- “ഇവിടെ മുസ്ലീങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്”!
ആ വരി ഞാന്‍ വലിച്ചുകീറിയെടുത്തു; പിന്നെ മുറ്റത്തിട്ടു ചവിട്ടിക്കൂട്ടി, മതിവരാഞ്ഞ് അതിലേക്ക് സര്‍വശക്തിയുമെടുത്ത് കാര്‍ക്കിച്ച് തുപ്പി- ഒരു നിസ്സഹായന്റെ ആത്മരോഷം….
വാസുദേവന്‍പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: