കൊച്ചി: ഭാരതീയ പരമ്പരാഗത സംസ്കൃതിയുടെ വാണിജ്യ-വ്യാപാരവര്ഷം-സംവത് 2068- ബുധനാഴ്ച മുഹൂര്‍ത്ത കച്ചവടത്തോടെ തുടങ്ങും. ഇതിന് മുന്നോടിയായുള്ള ‘ധന് തേരാസ്സ്’ ആഘോഷം ഇന്നാണ്. മുഹൂര്‍ത്ത കച്ചവടത്തിന് മുന്നോടിയായുള്ള ലക്ഷ്മീപൂജക്ക് സ്വര്‍ണം, വെള്ളി പട്ടു വസ്ത്രശേഖരണത്തിനുള്ള ശുഭദിനമാണ് ധന് തേരാസ്സ്. ആഗോളമാന്ദ്യവും വിലവര്‍ധനയും വിപണിത്തളര്ച്ചയും പ്രതിഫലിക്കുന്ന ഘട്ടത്തില്‍ ധന് തേരാസ്സ് വില്പനമുന്നേറ്റം ശരാശരിയിലായിരിക്കുമെന്നാണ് വ്യാപാരകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഉപഭോക്തൃ മേഖലക്കൊപ്പം വ്യാപാര മേഖലയിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനകം 35 ശതമാനം വിലവര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. 2010 നവംബര്‍ 3 നായിരുന്നു ധന് തേരാസ്സ് ദിനം. അന്ന് ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1329 ഡോളര്‍ വിലയായിരുന്നു. മുംബൈയില്‍ തങ്കം 10 ഗ്രാമിന് 19980 രൂപയും കേരളത്തില്‍ സ്വര്‍ണം പവന് 14720 രൂപയുമായിരുന്നു.
എന്നാല്‍ 2011 ലെ ധന് തേരാസ്സ് ദിനത്തില്‍ സ്വര്‍ണവില ആഗോളവിപണിയില്‍ ഔണ്‍സിന് 1640 ഡോളറും മുംബൈയില്‍ തങ്കം 10 ഗ്രാമിന് 26765 രൂപയും സംസ്ഥാനത്ത് പവന് 20,000 രൂപയായും കുതിച്ചുയര്‍ന്നു. 2009 ല്‍നിന്ന് 2010 ലേക്കുള്ള സ്വര്‍ണ വിലക്കയറ്റം 23 ശതമാനമായിരുന്നു.എന്നാല്‍ 2010 ല്‍നിന്ന് 2011 ലേക്കുള്ള വിലവര്‍ധന 35 ശതമാനത്തിലുമേറെയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ധന് തേരാസ്സ് വില്പന വര്‍ധന ശരാശരി 20-40 ശതമാനം വരെയെന്നാണ് വിപണനകേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ സ്വര്‍ണം, വെള്ളി ആവശ്യം അനിവാര്യമായ ധന് തേരാസ്സ് വില്പനയില് ഈവര്‍ഷവും കാര്യമായ തളര്‍ച്ച പ്രതീക്ഷിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
വെള്ളിവിലയിലും സമാനമായ വിലകുതിപ്പാണുണ്ടായിരിക്കുന്നത്. ലക്ഷ്മീപൂജക്ക് സ്വര്‍ണനാണയം സമര്‍പ്പിക്കുന്നവര്‍ വെള്ളിനാണയവും ആഭരണവും ഉപയോഗിക്കുകയും ചെയ്തുവരുന്നുണ്ട്. 2010 ല്‍ വെള്ളിവില കിലോക്ക് 34,000 രൂപയായിരുന്നു. 2011 ല്‍ ഇത് 53,000 രൂപയായാണ് വര്‍ധിച്ചത്. ആഭരണവിപണിയിലുണ്ടായ ഉയര്‍ന്ന ആവശ്യമാണ് വെള്ളിവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വില്പനക്കാര് പറയുന്നു. വെള്ളിവിലയില്‍ ഒരുവര്‍ഷത്തിനകം ശരാശരി 55 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ വിലക്കയറ്റം വെള്ളി വിപണിക്ക് വില്പന കരുത്തേകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണം, വെള്ളി വിപണിക്കൊപ്പം വജ്രാഭരണ വിപണിയും ധന് തേരാസ്സ് ദിനത്തില്‍ സജീവമാകുന്നുണ്ട്. വിവാഹാവശ്യം, പുതു ആഭരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് വജ്രാഭരണ വിപണിയിലും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. പട്ടുവസ്ത്ര വിപണിയാണ് ധന് തേരാസ്സ് വില്പന പ്രതീക്ഷയിലുള്ള മറ്റൊരു വിപണി. പട്ടുനൂലിന്റെ ഇഴകള്‍ ചേര്‍ത്തുള്ള വസ്ത്രം ഐശ്വര്യദായകമാണെന്നുള്ള വിശ്വാസമാണ് ലക്ഷ്മീപൂജാ വേളയില്‍ പട്ടുവസ്ത്രത്തിന്റെ ആവശ്യകത വളര്‍ത്തുന്നത്. ബനാറസ്, കാഞ്ചീപുരം, കാശ്മീര്‍ പട്ടുവസ്ത്രങ്ങളാണ് ഏറെയും വില്പന നടക്കുകയെന്ന് വസ്ത്രവ്യാപാര കേന്ദ്രങ്ങളും പറയുന്നു.
ദീപാവലി ആഘോഷത്തിന്റെ മുഹൂര്ത്തകച്ചവടവും ലക്ഷ്മീപൂജയും ഇന്ത്യയില്‍ സാര്‍വത്രികമാണ്. അതുകൊണ്ടുതന്നെ ധന് തേരാസ്സ് ആഘോഷവും വിപണിയില്‍ ഏറെ ആശയും പ്രതീക്ഷയുമുണര്ത്തുന്നുമുണ്ട്. 2008 ല്‍ സ്വര്‍ണം, വെള്ളി വിപണിയില്‍ 90,000 കോടി രൂപയുടെ വില്പനയാണ് നടന്നതെങ്കില്‍ 2009 ലിത് 1,10,000 കോടി രൂപയുടേതായി വര്‍ധിച്ചു. 2010 ലാകട്ടെ 1,35,000 കോടി രൂപയായും ഉയര്‍ന്നു. 2011 ലെ പ്രതീക്ഷ 1,50,000 കോടി രൂപയാണ്. ആഗോള സാമ്പത്തികമാന്ദ്യ പ്രതിഫലനവും വിലകുതിച്ചുചാട്ടവും ഇതര വിപണി മാന്ദ്യവും ധന് തേരാസ്സ് ആഘോഷത്തിന് മങ്ങലേല്പ്പിക്കുകയില്ലെന്നാണ് വ്യാപാരകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വടക്കേയിന്ത്യയിലെ ആഭരണ-വസ്ത്ര വിപണിയിലുണ്ടാകുന്ന തിരക്ക് ദീപാവലി-ധന്തേരാസ്സ് ആഘോഷത്തിന്റെ ആവേശമാണ് പ്രകടമാക്കുന്നത്. സ്വര്‍ണവില കുതിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണ ഇറക്കുമതിയിലുണ്ടായ തളര്‍ച്ചക്ക് മാറ്റം വന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2010-11 വര്‍ഷം ഇതിനകം സ്വര്‍ണം, വെള്ളി, വജ്ര ഇറക്കുമതിയില്‍ വര്‍ധനവുണ്ടായത് ഇത് പ്രകടമാക്കുന്നുമുണ്ട്. ഒക്ടോബര്‍ 26 ന് ബുധനാഴ്ചയാണ് ദീപാലി മുഹൂര്‍ത്ത കച്ചവടം നടക്കുക. രാവിലെ ലക്ഷ്മീപൂജക്ക് ശേഷം വിപണനകേന്ദ്രങ്ങളിലെത്തുന്ന വ്യാപാരികള്‍ കുറഞ്ഞ തോതിലെങ്കിലും വില്പന-വാങ്ങല്‍ ഇടപാടില്‍ സജീവമാകും. ധന്‍തേരാസ്സില്‍ തുടങ്ങുന്ന ദീപാവലി ആഘോഷം ‘ഭായിദീന് ദീപാവലി’യോടെയാണ് സമാപിക്കുക. ആഘോഷ-വിശ്വാസപ്രമാണങ്ങളുടെ ദിനങ്ങള്‍ നല്കുന്ന വാണിജ്യകേന്ദ്രങ്ങളുടെ പ്രതീക്ഷകളും വില്പനയും വിപണിക്ക് ഉത്സാഹം പകരുകയാണ്. സ്വര്‍ണം, വെള്ളി, വജ്രം എന്നീ ആഭരണവിപണികള്‍ വിലകുതിപ്പിന്റെയും ആഗോളമാന്ദ്യത്തിന്റെയും പ്രതിഫലനത്തില്‍ തളരുമ്പോഴും, വിവാഹം-ജനനം തുടങ്ങി ഇതര ആഘോഷങ്ങളില്‍ അനിവാര്യമായി മാത്രം സ്വര്‍ണം, വെള്ളി, വജ്ര ഉപഭോഗത്തിന് മുതിരുമ്പോഴും ആഘോഷ-ആചാര-വിശ്വാസദിനങ്ങള് പരമാവധി പ്രയോജനപ്പെടുത്തുകയാണ് വിപണനകേന്ദ്രങ്ങളുടെ പുതിയ ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: