തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണ്ണതാഴികക്കുടം പെയിന്റടിച്ച് അശുദ്ധമാക്കിയ സംഭവത്തില്‍ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ശുദ്ധിക്രിയകള്‍ ഇന്ന് വൈകിട്ട് ആരംഭിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. സ്വര്‍ണ്ണതാഴികക്കുടം അശുദ്ധമാക്കി ദേവീ ചൈതന്യത്തിന് മങ്ങലേല്‍പ്പിച്ച സംഭവത്തില്‍ കൊച്ചി ദേവസ്വം അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങളും വിവിധ സംഘടനാ പ്രവര്‍ത്തകരും ദേവസ്വം അസി. കമ്മീഷണര്‍ വിദ്യാസാഗറിന്റെ ഓഫീസില്‍ ശനിയാഴ്ച ഉച്ചയോടെ സമരം തുടങ്ങിയതാണ് ഞായറാഴ്ച തന്നെ ശുദ്ധിക്രിയകള്‍ ആരംഭിക്കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്.
ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടുമായി ദേവസ്വം അധികൃതര്‍ കൂടിയാലോചിച്ചശേഷമാണ് ഞായറാഴ്ച ശുദ്ധിക്രിയകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ചടങ്ങുകള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കും.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ക്ഷേത്രത്തിലെ മുഖ്യതാഴികക്കുടത്തില് പെയിന്റ് പണിക്കാര് ചെമ്പുനിറമുള്ള പെയിന്റടിച്ചത്. ഇതോടെ കാഴ്ചയില്‍ സ്വര്ണതാഴികക്കുടമല്ലാതായി. ഭക്തജനങ്ങളാണ് ഇതാദ്യം കണ്ടത്. പവിത്രമായി കരുതുന്ന താഴികക്കുടം അശുദ്ധമാക്കിയത് ഭക്തജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഇതോടെ പൂശിയ പെയിന്റ് തുടച്ചുകളയാനും ശ്രമിച്ചു. ക്ഷേത്രം നട അടക്കുന്നതിനും പുണ്യാഹം നടത്തുന്നതിനും ഇത് ഇടയാക്കി.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ തികഞ്ഞ അനാസ്ഥയും നിരുത്തരവാദപരമായ സമീപനവുമാണ് സ്വര്ണ്ണതാഴികക്കുടത്തില് പെയിന്റടിക്കാന്‍ ഇടയാക്കിയത്. അതേസമയം, കുറ്റം ക്ഷേത്രോപദേശകസമിതിയുടെ മേല്‍കെട്ടിവെച്ച് കൈകഴുകുവാന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: