പെരുമ്പാവൂര്‍: കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ ശ്രീനാരായണ ഗുരുദേവന് മുന്നോട്ടുവെച്ച വിദ്യകൊണ്ട് പ്രബുദ്ധരാകുവിന് എന്ന ആശയത്തിന് പ്രാമുഖ്യമേറെയാണെന്ന് കേന്ദ്ര പ്രവാസികാര്യ-വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞു. പെരുമ്പാവൂര്‍ ഐമുറിയില്‍ കുന്നത്തുനാട് എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രമോട്ട് ചെയ്ത ശ്രീനാരായണഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ് പണികഴിപ്പിക്കുന്ന ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളത്തില്‍ അതിന് വേണ്ട പ്രാമുഖ്യം നല്കുവാന് എസ്എന്‍ഡിപി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്നും ശ്രീനാരായണ പ്രസ്ഥാനങ്ങളോട് നീതികേടാണ് കാണിച്ചിട്ടുള്ളത് എന്നും ജനാധിപത്യത്തില്‍ സാമൂഹ്യനീതിയാണ് വേണ്ടതെന്നും ആര്. ശങ്കറിന് ശേഷം സാമൂഹ്യനീതി ലഭിക്കാത്ത പ്രസ്ഥാനമാണ് എസ്എന്‍ഡിപിയെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശിലാസ്ഥാപന കര്‍മ്മത്തില്‍ സൈഗണ്‍ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു, എംഎല്‍എമാരായ സാജുപോള്‍, ജോസ് തെറ്റയില്‍, വി.പി. സജീന്ദ്രന്, കെ.പി. ധനപാലന് എംപി, പി.പി. തങ്കച്ചന്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ്, ഫാ. വര്‍ഗ്ഗീസ് പുലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ബാബു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് പോള്‍ ഉതുപ്പ്, മേരി ഗീതാപൗലോസ്, കുഞ്ഞുമോള്‍ തങ്കപ്പന്, ട്രസ്റ്റ് ഭാരവാഹികളായ എ.ബി. ജയപ്രകാശ്, അഡ്വ. ടി.എ. വിജയന്, എം.കെ. വിശ്വനാഥന്, കെ.കെ. കര്ണ്ണന്, സുരേഷ് ഭരതന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: