കൊച്ചി: ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് ആര്‍എസ്എസ്. വീണ്ടും ഇന്ത്യ ആക്രമിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ചൈന നടത്തുന്നത്. അതിനെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍ രാഷ്ട്രം കൈക്കൊള്ളേണ്ടതുണ്ടെന്ന് ഖോരക്പൂരില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിയുടെ പ്രമേയം വിശദീകരിച്ച് ക്ഷേത്രീയ കാര്യവാഹ് എ.ആര്. മോഹനന് ഇന്നലെ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിവിരുദ്ധ പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആര്‍എസ്എസ് തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും അഴിമതിവിരുദ്ധ പ്രചരണം സംഘടിപ്പിക്കും. ലോക്പാല്‍ ബില്ലുകൊണ്ട് മാത്രം അഴിമതി തടയാന്‍ കഴിയുമെന്ന് കരുതുന്നില്ല. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പലഘടകങ്ങളുണ്ട്. അഴിമതി ഇല്ലാത്ത സമൂഹത്തിന് സംശുദ്ധമായ രാഷ്ട്രീയ ജീവിതവും വ്യവസ്ഥാപരിവര്‍ത്തനവും ആവശ്യമാണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ ആര്‍എസ്എസ് പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന് ക്ഷേത്രീയകാര്യവാഹ് ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തി. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ആര് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നത് ആര്‍എസ്എസിന്റെ കടമയായാണ്.
കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുത്തിട്ടുള്ള വര്‍ഗ്ഗീയ കലാപവിരുദ്ധബില്ല് രാഷ്ട്രവിരുദ്ധ ബില്ലാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ വിഭജിക്കുകയും സംഘര്‍ഷം വിളിച്ചുവരുത്തുവാനും മാത്രമേ ബില്ല് ഉപകരിക്കൂ. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഈ ബില്ലുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ബില്ലിനെതിരെ നവംബര്‍ 20 മുതല്‍ രാജ്യമാകമാനം പ്രചാരണം സംഘടിപ്പിക്കും. വീടുവീടാന്തരം കയറി ഇറങ്ങി ബില്ല് പാസ്സായാല്‍ ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. എംപിമാരെ നേരില്‍ക്കണ്ട് നിവേദനം നല്‍കുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് ജനകീയ കൂട്ടായ്മയിലൂടെ ബില്ലിനെതിരെ ജനമുന്നേറ്റം സംഘടിപ്പിക്കുകയും ചെയ്യും. ഇന്നത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ സൂക്ഷ്മമായ വിലയിരുത്തലും മാറ്റങ്ങളും ആവശ്യമാണെന്ന് എ.ആര്. മോഹനന് ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു. മൂല്യങ്ങള്‍ വളര്‍ത്തുന്ന വിദ്യാഭ്യാസ സമ്പ്രദായവും നടപ്പാക്കണം. സത്യസന്ധമായ ജീവിതശൈലിയെ ആദരിക്കുന്ന സമൂഹമാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: