നാല് പതിറ്റാണ്ട് ലിബിയയെ അടക്കിവാണ ഏകാധിപതി മുഅമര്‍ ഗദ്ദാഫി വിമതസേനയുടെയും നാറ്റോ സൈന്യത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഒരു പുതുയുഗം ആരംഭിക്കുകയാണ്. സ്വേഛാധിപത്യത്തിനെതിരായ മുല്ലപ്പൂ വിപ്ലവം ടുണീഷ്യയും ഈജിപ്തും കടന്ന് ലിബിയയില്‍ എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. താന്‍ കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഗദ്ദാഫി വാക്ക് പാലിച്ചുവെങ്കിലും തന്റെ ഭരണസിരാ കേന്ദ്രമായ അല്‍ അസിസിയില്‍നിന്നും കിലോമീറ്ററുകള്‍ ദൂരം തുരങ്കംവഴി സഞ്ചരിച്ച് ദേശീയപാതയിലെ മലിനജല പൈപ്പുകളില്‍ ഒന്നില്‍ ഒളിച്ചുകഴിയുമ്പോഴാണ് വിമതസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൊദുവിയന്‍ ഗോത്ര വിഭാഗക്കാരാണ് തങ്ങളുടെ നേതാവിനെ സംരക്ഷിച്ചിരുന്നത്. പിടികൂടുമ്പോള്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ഗദ്ദാഫി ആശുപത്രിയിലേക്ക് പോകുംവഴിയാണത്രെ മരണമടഞ്ഞത്. ഗദ്ദാഫിയെ വെടിവച്ചത് വിമതസൈന്യമോ ഗദ്ദാഫിയുടെ തന്നെ അനുയായികളോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ വേദനാ നിര്‍ഭരമായിരുന്ന ലിബിയന്‍ കാലഘട്ടത്തിന് അന്ത്യമായി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്. ഗദ്ദാഫിയോടൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുതാസിമും കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ മരണം ഇറാഖിലെ സദ്ദാംഹുസൈന്റെ വധത്തെയാണ് അനുസ്മരിപ്പിച്ചത്. നിഷ്ഠുരമായ ഏകാധിപതികള്‍ക്ക് ഒരു പാഠമായി ഗദ്ദാഫിയുടെ അന്ത്യം.
1969 സപ്തംബര്‍ ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ ലിബിയയെ ഇദ്രസ് രാജാവിന്റെ ദുര്‍ഭരണത്തില്‍നിന്നും മാത്രമല്ല ഗദ്ദാഫി മോചിപ്പിച്ചത്, വൈദേശികാധിപത്യത്തില്‍നിന്നും കൂടിയായിരുന്നു. എണ്ണസമ്പന്നമായ ലിബിയയില്‍ ജനങ്ങള്‍ അരാജകത്വവും പട്ടിണിയുമായിരുന്നു അനുഭവിച്ചിരുന്നത്. ഇസ്ലാമിക് സോഷ്യലിസ്റ്റ്, ഇസ്ലാമിക് ക്ഷേമരാഷ്‌ട്രം, ജനകീയ ജനാധിപത്യം മുതലായവ വാഗ്ദാനം ചെയ്ത് രാജഭരണത്തിന് പൂര്‍ണ വിരാമമിട്ട് അധികാരത്തിലേറിയ ഗദ്ദാഫി ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. തന്റെ തത്വസംഹിതയായി ഒരു ഹരിത പുസ്തകംപോലും അദ്ദേഹം പുറത്തിറക്കിയിരുന്നു.
ഗദ്ദാഫിയുടെ പ്രതിഛായ തകര്‍ത്തത് 1988 ല്‍ സ്കോട്ലന്റിലെ ലോക്കര്‍ ബിയില്‍ 270പേരുടെ മരണത്തിനിടയാക്കിയ പാന്‍ ആം ജംബോ ബോബിംഗിന് ശേഷമാണ്. ഗദ്ദാഫിയെ അന്താരാഷ്‌ട്ര ഭീകരനായിഅമേരിക്കയും യൂറോപ്പും മുദ്രകുത്തി ഒപ്പം ഗദ്ദാഫിയുടെ സ്വേഛാധിപത്യ പ്രവണതയും ക്രൂരതകളും ജയിലിലെ തടവുപുള്ളികളുടെ വധവും അദ്ദേഹത്തെ ജനങ്ങളില്‍നിന്നും അകറ്റിത്തുടങ്ങിയിരുന്നു. ഇതിനിടെ തന്റെ മകനെ കിരീടാവകാശിയായി പ്രഖ്യാപിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം തികഞ്ഞ ഏകാധിപതിയായ ഗദ്ദാഫി മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇതോടെയാണ് വിമതവികാരം ലിബിയയില്‍ ഉണര്‍ന്നത്.
ജൂലൈയോടെ ഭൂരിഭാഗം രാജ്യവും വിമത നിയന്ത്രണത്തിലായി. ബെന്‍ഗാസി കേന്ദ്രമാക്കി ദേശീയ പരിവര്‍ത്തന സര്‍ക്കാര്‍ രൂപംകൊണ്ട ട്രിപ്പോളിയില്‍ ആഗസ്റ്റില്‍ പ്രവേശിച്ച വിമതര്‍ ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ അല്‍അസിസിയ പിടിച്ചെടുത്തതോടെയാണ് ഗദ്ദാഫി സിര്‍ത്തില്‍ അഭയം തേടിയെത്തിയത്. ഗദ്ദാഫി തന്റെ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളോടും കുട്ടികളോടും പോലും ദയ കാണിച്ചിരുന്നില്ല. ഇതിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റത്തിന് നാറ്റോ സേനയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു. നാറ്റോ ആണ് ഗദ്ദാഫിയെ ലിബിയയില്‍നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാതെ വിമതര്‍ക്ക് പിടിക്കാന്‍ സൗകര്യമൊരുക്കിയത്. അധികാരം എങ്ങനെ ഒരു ഭരണാധികാരിയെ ജനവിരുദ്ധമാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് മുഅമ്മര്‍ ഗദ്ദാഫി.
ലിബിയയെ ആസൂത്രിത വികസന പാതയിലൂടെ നയിച്ച ഗദ്ദാഫിക്ക് കാലിടറി, സ്വേഛാധിപതിയായി, കുടുംബവാഴ്ച സ്ഥാപിക്കാനുംകൂടി ശ്രമിച്ചപ്പോഴാണ് ജനം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി, പാശ്ചാത്യ ശക്തികള്‍ക്ക് ബദലായി ഐക്യ ആഫ്രിക്ക എന്ന സ്വപ്നംപോലും വച്ചുപുലര്‍ത്തിയ ഗദ്ദാഫി ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചപ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി വിമതര്‍ക്ക് സഹായം നല്‍കിയാണ് ലിബിയയെ മോചിപ്പിച്ചത്. ലിബിയയില്‍ ഇനി എന്ത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അത്ര സമ്പന്നമായ ലിബിയയെ ലക്ഷ്യമിട്ട് വന്‍ ശക്തികള്‍ കേന്ദ്രീകരിക്കുമ്പോള്‍ ദേശീയ പരിവര്‍ത്തന സമിതിക്ക് തങ്ങളുടെ ലക്ഷ്യപ്രാപ്തി സാധ്യമാകുമോ എന്നും ലിബിയയും ഒരു ജനാധിപത്യ സ്വതന്ത്രരാജ്യമായി മാറുമോ എന്നുമാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: