സാന്റിയാഗോ: ചിലിയിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ സമവായം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ചിലിയന്‍ വിദ്യാര്‍ത്ഥികള്‍ സെനറ്റ് യോഗം തടസ്സപ്പെടുത്തി. വരുംവര്‍ഷത്തെ ബജറ്റിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയും മറ്റുനിയമനിര്മാതാക്കളും ചര്‍ച്ച നടത്തുന്നതിനിടയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ കടന്നു ചെന്നത്. സമവായം ഉണ്ടാക്കാനുള്ള ഒരു ബില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പു കിട്ടിയതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുപോയത്. ഹാളിലേക്ക് ഇരച്ചുകയറിയ ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ ഒരു മേശപ്പുറത്തു കയറിനിന്നു.
ഈ നടപടി വീക്ഷിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം കെട്ടിടത്തില്‍ തങ്ങി പുറത്തുനിന്ന് ഇനിയും പ്രകടനക്കാര്‍ അകത്തേക്കു കടക്കാതിരിക്കാന്‍ പോലീസ് പുറത്തെ വാതിലുകള്‍ അടച്ചിട്ടു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സൗജന്യ വിദ്യാഭ്യാസവും ഉടന്‍ സമവായവും ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സെനറ്റ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി ഫെലിപ് ബുള്നെസ്സ് കെട്ടിടത്തില്‍നിന്ന് വേഗത്തില്‍ പുറത്തേക്കുപോയി. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികള്‍ നാണയങ്ങള്‍ വലിച്ചെറിഞ്ഞു. സെനറ്റ് പ്രസിഡന്റ് ഗെയിദോ ഗിരാദി പ്രകടനക്കാരോട് സംസാരിക്കുകയും അവരെ പോലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയും ചെയ്യുകയില്ലെന്നുമറിയിച്ചു.
ആറുമാസമായി ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം തുടരുകയാണ്. ചിലിയിലെ വിദ്യാഭ്യാസ അസമത്വത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ നിയന്ത്രണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്വകാര്യ സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമായി പണം ചെലവിടുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് പഠനത്തിനായി അനുവദിക്കുന്ന തുക കുറവാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നാല് ബില്യണ്‍ ഡോളര്‍ അധികം വിലയിരുത്തുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ അറിയിച്ചു. കൂടാതെ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതിനുള്ള നിയമം പാസ്സാക്കാനും അദ്ദേഹം തയ്യാറായി. എന്നാല്‍ സൗജന്യവിദ്യാഭ്യാസവും വിദ്യാഭ്യാസം മുഴുവന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലാകണമെന്നതും പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: