നാം കണ്ടുകൊണ്ടിരിക്കുന്ന ഊര്ജരൂപങ്ങള്ക്കെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. താപോര്‍ജം, വൈദ്യുതോര്‍ജം, സ്ഥാനികോര്‍ജം തുടങ്ങി പലതരത്തില്‍ ഊര്‍ജം കാണപ്പെടുന്നു. ഒരു യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഊര്‍ജം ഉണ്ടാകുന്നുള്ളൂ. യന്ത്രം പ്രവര്‍ത്തിക്കാതായാല്‍ അത് ഇല്ലാതാകുന്നു. ഒരു വിളക്കുകത്തിക്കുമ്പോള് പ്രകാശം അനുഭവപ്പെടും. അത് കെട്ടുപോയാല്‍ പ്രകാശമായി പ്രവര്‍ത്തിച്ച ഊര്‍ജം അപ്രത്യക്ഷമാകുന്നു. ഇതാണ് കാര്യം. കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ഒരു ഇലക്ട്രിക് ലൈനിലൂടെ വരുന്ന വൈദ്യുതോര്‍ജം ബള്‍ബിനുള്ളിലെ കമ്പിച്ചുരുളിലൂടെ കടന്നുപോകുമ്പോള്‍ പ്രകാശോര്ജമായിമാറുന്നു എന്നു നാം താഴ്ന്ന ക്ലാസുകളിലെ പ്രാഥമിക ശാസ്ത്ര പഠനങ്ങളില്‍ മനസ്സിലാക്കിയിട്ടുള്ളകാര്യമാണ്. ഇതുപോലും നാം പലപ്പോഴും മറന്നുപോകുന്നു. ഊര്‍ജത്തിന്റെ നാശമല്ല ഊര്ജരൂപങ്ങളുടെ അന്യോന്യമുള്ള മാറ്റമാണ് സംഭവിക്കുന്നത്. ഇതാണ് പ്രകൃതിയിലെ സകല പ്രക്രിയകള്‍ക്കും കാരണമായി ഭവിക്കുന്നത്. ഈ മാറ്റമാകട്ടെ ഊര്ജത്തേയോ, ഊര്‍ജത്തിന്റെ ഏക ശ്രോതസ്സായ സൂര്യനേയോ ബാധിക്കുന്നില്ല. അതുകൊണ്ടാണ് പ്രകൃതിയുടെ ഭാഗമായല്ല അതിനതീതമായ ചൈതന്യമായി നാം സൂര്യനെകാണുന്നതും ഉള്‍ക്കൊള്ളുന്നതും.
ഊര്ജരൂപങ്ങളുടെ പരസ്പരബന്ധത്തെപ്പറ്റി പഠിക്കുന്ന തെര്മോഡയനാമിക്സ് പ്രകൃതിയിലെ ഊര്‍ജത്തിന്റെ ഗുണഗണങ്ങളെപ്പറ്റി വിശദമായി വിശകലനം ചെയ്യുന്നു. തെര്മ്മോഡയനാമിക്സിനെക്കുറിച്ച് മനസ്സിലാക്കിയാല്‍ സൗരോര്‍ജത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാവും. 1940ല്‍ മേയര്‍ എന്നറിയപ്പെടുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ് തെര്‍മ്മോ ഡയനാമിക്സിന്റെ ആദ്യ നിയമം ആവിഷ്ക്കരിച്ചത്. പ്രപഞ്ചത്തില്‍ ഊര്‍ജ്ജം സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന അടിസ്ഥാനഊര്ജസംരക്ഷണ നിയമം തന്നെയാണത്. വിവധ ഊര്‍ജരൂപങ്ങള്‍ പരസ്പരം മാറുന്നുണ്ടെങ്കിലും അവയുടെ ആകെത്തുകയില്‍ മാറ്റം വരാത്തതുകൊണ്ട് പ്രപഞ്ചത്തില്‍ ഊര്ജനാശം എന്ന ഒന്ന് സംഭവിക്കുന്നില്ല. ഉദാഹരണത്തിന് ജലവൈദ്യുത നിലയം എടുക്കുക. ഇവിടെ ജലം അണകെട്ടി നിര്‍ത്തിയിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഉയര്‍ന്ന് നില്ക്കുന്നതുകൊണ്ട് ഇതിന് സ്ഥാനികോര്‍ജ്ജം ലഭിക്കുന്നു. ജലത്തെ തുറന്നു വിടുമ്പോള്‍ സ്ഥാനികോര്‍ജം ഗതികോര്‍ജമായി മാറുന്നു. ഗതികോര്‍ജം നേടിയ ജലം ഒരു ടര്‍ബൈനില്‍ തട്ടി യാന്ത്രികോര്‍ജവും ജനറേറ്ററില്‍ വച്ച് വൈദ്യുതോര്ജവുമായി മാറുന്നു. ഇവിടെ പുതിയ ഊര്‍ജം സൃഷ്ടിക്കുന്നില്ലല്ലോ? ശൂന്യതയില്‍ നിന്ന് ഒരു ഊര്ജാസ്ഥിത്വം സൃഷ്ടിക്കാന്‍ ഒരു എഞ്ചിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഊര്‍ജത്തിന്റെ മഹാസ്രോതസ്സായ സൂര്യനില്‍ അനവധി ഊര്‍ജരൂപങ്ങള്‍ ഉണ്ടാകാം. അവ സദാ മാറിക്കൊണ്ടിരിക്കുകയാണ്. അവയില്‍ ചിലത് പ്രകാശരശ്മികളായി ഭൂമിയേയും സകല ജീവജാലങ്ങളേയും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. നമുക്കെങ്ങനെയാണ് അരൂപമായ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നില്‍ നന്ദിയും കൃതാര്‍ത്ഥതയും പുലര്ത്തതെ ജീവിക്കാന്‍ കഴിയുക. അവിടെയാണ് സൂര്യയോഗിന്റെ പ്രസക്തി.
ഡോ. സൂര്യാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: