തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുവെന്ന ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ ഇത് പരിശോധിക്കുമെന്നും രണ്ടാഴ്ച കൂടുമ്പോള്‍ ജയിലുകളില്‍ സായുധ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
നിയമസഭയില്‍ സി.പി.എമ്മിലെ രാജു എബ്രഹാം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 120ഓളം മൊബൈല്‍ ഫോണുകളില്‍ നിന്നായി മൂവായിരത്തി അഞ്ഞൂറോളം കോളുകള്‍ ജയിലില്‍ നിന്നും വിളിച്ചതായി രാജു എബ്രഹാം പറഞ്ഞു. അന്താരാഷ്ട്ര കോളുകള്‍ക്കായി സാറ്റലൈറ്റ് ഫോണുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അമേരിക്ക, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നമ്മുടെ ജയിലുകളില്‍ നിന്ന് കോള്‍ പോയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ഭീകരരുമായി നിരന്തരം തടവു പുള്ളികള്‍ ബന്ധപ്പെടുന്നുണ്ട്. ദല്‍ഹി സ്ഫോടനത്തിന്റെ സൂത്രധാരന്‍ മലയാളീയാണെന്ന വെളിപ്പെടുത്തല്‍ ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ അതീവ ഗൊരവമുള്ളതാക്കുന്നുവെന്നും രാജു എബ്രഹാം പറഞ്ഞു.
മറുപടി പറഞ്ഞ മുഖ്യമന്ത്രി രാജു എബ്രഹാമിന്റെ ആരോപണത്തോട് പൂര്‍ണ്ണമായും യോജിച്ചു. അങ്ങനെയാണെങ്കില്‍ ഇത് സര്‍ക്കാരിന്റെ വീഴ്ച അല്ലേയെന്ന് സ്പീക്കര്‍ സംശയം പ്രകടിപ്പിച്ചു. സത്യം തുറന്നു പറയുന്നത് തന്റെ ദൗര്‍ബല്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജയിലുകളില്‍ നിന്ന് റെയ്ഡ് നടത്തി പിടിച്ചെടുത്ത മൊബെയില്‍ ഫോണുകളുടെ സിംകാര്‍ഡ് ഹൈടെക് പൊലീസ് വിശകലനം ചെയ്തപ്പോഴാണ് അന്താരാഷ്ട്ര കോളുകളെ കുറിച്ച് മനസ്സിലായത്. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ദേഹപരിശോധന നേരത്തെ നടത്താന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ അവിടെ വന്ന് നിരാഹാരം ഇരിക്കുകയും തുടര്‍ന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കല്‍ പുറത്തുകൊണ്ടുപോയി തിരിച്ചുകൊണ്ടുവന്ന തടവുകാരനെ ദേഹപരിശോധന നടത്തിയപ്പോള്‍ അയാള്‍ മുണ്ടുരിഞ്ഞുനിന്ന് നഗ്നനായി പ്രതിഷേധിച്ചു. അന്ന് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താണ് പ്രശ്നം അവസാനിപ്പിച്ചത്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ ദേഹപരിശോധന നടത്തിയപ്പോള്‍ സഭയിലെ ഒരു എം.എല്‍.എ വന്ന് നിരാഹാരം ഇരുന്നുവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ജയിലുകളില്‍ ഗുരുതരാവസ്ഥ ഉണ്ടാകാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ സര്‍ക്കാര്‍ കര്‍ശനമായി ഇതിനെ കാണുന്നുവെന്നും എ.ഡി.ജി.പി ശുപാര്‍ശ ചെയ്തതുപോലെ ജയിലുകളില്‍ രണ്ടാഴ്ചയ്ക്കൊരിക്കല്‍ റെയ്ഡ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പ്രതിപക്ഷത്തിന്റെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: