സിര്‍ത്ത്: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ നേതാവ് മുഹമര്‍ ഗദ്ദാഫിയെ നാറ്റോ സേന വകവരുത്തി. സ്വദേശമായ സിര്‍ത്ത് നഗരത്തിന് സമീപം ഒരു ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗദ്ദാഫിക്കുനേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. ഗദ്ദാഫി മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ അല്‍ജസീറാ ചാനലും ഗാര്ഡിയന് പത്രവും പുറത്തുവിട്ടതിനു പിന്നാലെ മരണം വിമത പരിവര്‍ത്തനസേന സ്ഥിരീകരിച്ചു.
ഒട്ടേറെ അനുയായികള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗദ്ദാഫി വധിക്കപ്പെട്ടത്. തലക്കേറ്റ വെടിയാണ് മരണകാരണമെന്ന് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ഉദ്യോഗസ്ഥന് അബ്ദല്‍ മജീദ് ലെഗ്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇരുകാലുകളിലും വെടിയേറ്റ നിലയില്‍ ഗദ്ദാഫിയെ പിടികൂടിയതായി വാര്‍ത്ത വന്നതിനുപിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കപ്പെട്ടു.
ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചക്ക് 12നും ഒരുമണിക്കൂം ഇടയ്ക്കായിരുന്നു ഗദ്ദാഫിയെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ വേണ്ടി വിമത, നാറ്റോ സേനകളുടെ അന്തിമപോരാട്ടം. ഗദ്ദാഫിയെ വകവരുത്തുന്നതും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതുമായ ദൃശ്യങ്ങളും അല്‍ജസീറ ടിവി സംപ്രേഷണം ചെയ്തു. ആക്രമണത്തില്‍ 20ഓളം ഗദ്ദാഫി അനുകൂലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗദ്ദാഫിയുടെ സംഘത്തിന് നേരെ നാറ്റോ യുദ്ധവിമാനങ്ങള്‍ തുരുതുരാ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗദ്ദാഫിയെ പിടികൂടാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ സായുധസേനാ വിഭാഗം തലവന്‍ അബുബക് യൂനുസ് ജാബറും കൊല്ലപ്പെട്ടതായി മജീദ് പറഞ്ഞു. ഗദ്ദാഫിയുടെ മൃതദേഹം മിസ്രത്തിലെത്തിച്ചതായി വിമതസേന അവകാശപ്പെട്ടു. നേരത്തെ അദ്ദേഹത്തിന്റെ മൃതദേഹം ആംബുലന്‍സില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഗദ്ദാഫിയുടെ വക്താവ് മൂസാ ഇബ്രാഹിമിനെ ജീവനോടെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ ഗദ്ദാഫിയുടെ ബന്ധുകൂടിയാണ്. നാറ്റോ ആക്രമണത്തില്‍ ഗദ്ദാഫി സംഘത്തിന്റെ നാല് കാറുകളും തകര്‍ന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വെടിവെക്കരുതെന്ന് ഗദ്ദാഫി അലറിവിളിച്ചതായി പരിവര്‍ത്തന കൗണ്‍സില്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഗദ്ദാഫിയുടെ മരണവാര്‍ത്ത പരന്നതോടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ ആഹ്ലാദ പ്രകടനങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. തോക്കുകളുമേന്തി പ്രകോപനപരമായി തെരുവിലിറങ്ങിയ തീവ്രവാദികള്‍ ആകാശത്തേക്ക് നിറയൊഴിച്ചുകൊണ്ടാണ് ഗദ്ദാഫിയുടെ അന്ത്യം ആഘോഷിച്ചത്. പരിവര്ത്തനസേനയുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം.
ഇതേസമയം, ഗദ്ദാഫിയുടെ മരണവിവരം സ്ഥിരീകരിക്കാന്‍ ആദ്യം അമേരിക്ക തയ്യാറായില്ല. മാധ്യമറിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ബത്ത് ഗോസ്സെലിന് സ്വീകരിച്ചത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പ്രതികരിച്ചില്ല. റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കില്ലെന്ന് പെന്റഗണും വ്യക്തമാക്കി. ബെങ്കാസിയില്‍ പ്രവര്‍ത്തിക്കുന്ന ഗദ്ദാഫി വിരുദ്ധ റേഡിയോ ആയ വോയ്സ് ഓഫ് ഫ്രീ ലിബിയ (വിഒഎഫ്എല്) ലിബിയന്‍ നേതാവിന്റെ ദുരന്തം ആദ്യം പുറത്തുവിട്ട ഏജന്‍സികളില്‍ ഒന്നാണ്.
നാല് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് വിമതസേന ഗദ്ദാഫിയെ അട്ടിമറിച്ചത്. മനുഷ്യവംശത്തിന് നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഗദ്ദാഫിയെ അന്വേഷിച്ചുവരികയായിരുന്നു. 42 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ നിന്ന് ലിബിയ ഇതോടെ അന്തിമ മോചനം നേടിയിരിക്കുന്നതായി ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ചെയര്മാന് മുസ്തഫ അബ്ദുള്‍ ജലീല്‍ അവകാശപ്പെട്ടു.
ഗദ്ദാഫിയുടെ മക്കളില്‍ ഒരാളായ മൊണ്ടാസിമും മറ്റു ചില അനുയായികളും വിമതരുടെ തടവിലാണ്. ഗദ്ദാഫിയുടെ മറ്റൊരു മകനും അനന്തരാവകാശിയുമായി കരുതപ്പെടുന്നയാളുമായ സെയ്ഫ് ഒളിവിലാണെന്ന് പരിവര്‍ത്തന കൗണ്‍സില്‍ കരുതുന്നു. ഇയാള്‍ ലിബിയന്‍ സഹാറയുടെ തെക്കന്‍ മരുഭൂമിയിലെവിടെയോ കഴിയുന്നതായി കരുതപ്പെടുന്നു.
ഗദ്ദാഫിയുടെ മരണത്തിന് തൊട്ടുപിന്നാലെ പരിവര്‍ത്തന കൗണ്‍സില്‍ പോരാളികള്‍ സിര്‍ത്തിലും പരിസരപ്രദേശങ്ങളിലുമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ചുവപ്പും കറുപ്പും പച്ചയും ചേര്‍ന്ന ദേശീയ പതാകകള്‍ ഉയര്‍ത്തി. ഗദ്ദാഫിയുടെ സൈന്യത്തിന് വന്‍നാശം സംഭവിച്ചിട്ടുണ്ടെന്നുംവിമത സേന അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: