പെരുമ്പാവൂരില്‍ ബസ് യാത്രയ്‌ക്കിടെ പണം മോഷ്ടിച്ചതായി ആരോപിച്ചുള്ള സഹയാത്രികരുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു പാലക്കാട് ചിറ്റൂര്‍ സ്വദേശി രഘു മരിക്കാനിടയായ സംഭവം മലയാളികളില്‍ പൊതുവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ബീഹാര്‍ പോലെയുള്ള വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഭൂരിപക്ഷം ജനങ്ങളും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി പത്രത്തിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയയും അറിവു മാത്രമുണ്ടായിരുന്ന മലയാളിക്ക് അത്തരം സംഭവങ്ങള്‍ ഇന്നു കണ്‍മുമ്പില്‍ കാണേണ്ടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നു.
എന്താണിനു കാരണം? വിദ്യാസമ്പന്നതയുടെയും സാമൂഹ്യനവോത്ഥാനത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടെ കേരളം. എന്നാല്‍, സാമൂഹ്യജീവി എന്ന നിലയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട പല ഗുണവിശേഷങ്ങളും മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു എന്നു പറയാതെ വയ്യ.
സ്വാര്‍ത്ഥതയും തന്‍കാര്യം സിന്ദാബാദ് എന്ന മനോഭാവവും ഒരു കൂരക്കു കീഴില്‍ പോലും വ്യക്തികളെ പരസ്പരം ഒറ്റപ്പെട്ടവരാക്കുന്നു. ഇതിന്റെ ഫലമായി സഹവര്‍ത്തിത്വവും മാനുഷിക ചിന്താരീതികളും പിന്തളപ്പെടുകയും അവിടെ മൃഗീയത മുന്നിട്ടു നില്‍ക്കുകയും ചെയ്യും. ഇതിന്റെ മറ്റൊരു പതിപ്പാണു തികഞ്ഞ നിസ്സംഗത. ഒരുവനെ മുന്നിലിട്ടു പരസ്യമായി മൃഗീയ മര്‍ദനത്തിനു വിധേയനാക്കിയാല്‍ പോലും കാഴ്ചക്കാരായി മാറിനില്‍ക്കുന്ന ഒരു സമൂഹത്തിനെ പ്രതികരണശേഷിയുള്ള സമൂഹമെന്ന് എങ്ങനെ വിളിക്കാന്‍ കഴിയും?
നമുക്കു ജീവനുണ്ട് എന്നതിന്റെ തെളിവാണു നമ്മുടെ പ്രതികരണശേഷി. ജീവഛവങ്ങള്‍ക്കും മൃതശരീരങ്ങള്‍ക്കും മാത്രമാണു പ്രതികരണശേഷി ഇല്ലാതാവുന്നത്. ഒരു സമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടമായി എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ആ സമൂഹം ജീവഛവമോ മൃതമോ ആയി എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രക്കുളത്തില്‍ ഒരാളെ എറിഞ്ഞു കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ച ദുഃഖകരമായ ഒന്നായിരുന്നു. അത്തരം സംഭവം കേരളമണ്ണില്‍ ഇനിമേലില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് മൂന്നു കോടിയിലധികം വരുന്ന മലയാളികള്‍ മനസ്സിലെങ്കിലും പ്രതിജ്ഞ എടുത്തതുമാണ്.
പെരുമ്പാവൂരില്‍ രഘുവിന്റെ അനുഭവം പൊതുജനങ്ങളുടെ നിസ്സംഗതയുടെ കൂടി സൃഷ്ടിയാണെന്നു വ്യക്തം. ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു കണ്ടത്, അവിടെ കൂടി നിന്ന താനുള്‍പ്പെടെയുള്ളവര്‍ യുവാവിനെ മര്‍ദിക്കുന്നതു കണ്ട് അതു തടഞ്ഞുവെന്നും എന്നാല്‍, മര്‍ദകരില്‍ ഒരാള്‍ പോലീസുകാരനാണെന്നു പറഞ്ഞതിനെ തുടര്‍ന്നു തടസ്സം പിടിക്കുന്നതില്‍ നിന്നും പിന്‍മാറി എന്നുമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ അസ്വഭാവികതയോ അത്ഭുതമോ നമുക്കു തോന്നുകയില്ല. കാരണം, പോലീസുകാരനായാല്‍ എന്തുമാകാം എന്നത് അംഗീകരിച്ചു കൊടുക്കുന്നതു നമ്മുടെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ശീലമായിപ്പോയി.
ബസിലോ ഓട്ടോയിലോ യാത്രചെയ്തിട്ടും, ഹോട്ടലില്‍ കയറി മൃഷ്ടാന്നഭോജനം നടത്തിയിട്ടും കാശുകൊടുക്കാതെ അതു തങ്ങളുടെ പ്രത്യേക അവകാശമായിത്തന്നെ കരുതി ഇറങ്ങിപ്പോകുന്ന പോലീസുകാരുടെ എണ്ണം നമ്മുടെ കേരളത്തിലും കുറവല്ല. സത്യസന്ധരും സത്സ്വഭാവികളും ഇല്ലെന്നല്ല. എന്നാല്‍, മറിച്ചുള്ളവര്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഈ ഗര്‍വും ധാര്‍ഷ്ട്യവുമാണ് അവരില്‍ ചിലരെയെങ്കിലും സ്വയം തകര്‍ച്ചയിലെത്തിക്കുന്നത്. സ്വന്തം കൃതാനര്‍ത്ഥം.
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് എറണാകുളം എം.ജി റോഡിലൂടെ മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഒന്നരക്കോടിയിലേറെ വിലവരുന്ന തന്റെ ആഡംബരക്കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഏതോ നിസാര ട്രാഫിക് പ്രശ്നത്തിന്റെ പേരില്‍ വഴിയില്‍ നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കാറില്‍ ആഞ്ഞിടിച്ചു. ഇതില്‍ ക്ഷുഭിതനായ സൂപ്പര്‍സ്റ്റാര്‍ വാഹനത്തില്‍ നിന്നിറങ്ങി, “വിയര്‍പ്പൊഴുക്കി കിട്ടിയ കാശുകൊണ്ടു വാങ്ങിച്ചതാടാ, അതു നിനക്കു തല്ലിത്തകര്‍ക്കാനുള്ളതല്ല” എന്ന് ആക്രോശിച്ചു. ഉടനെ ആ പോലീസ് ഉദ്യോഗസ്ഥന്‍, “ആളറിയാതെയാണു സാര്‍, ക്ഷമിക്കണം” എന്നു ക്ഷമാപണവും നടത്തി.
ഒരു സാധാരണക്കാരന് ആ സൂപ്പര്‍സ്റ്റാറിനെപ്പോലെ പ്രതികരിക്കുവാന്‍, ന്യായം തന്റെ ഭാഗത്താണെങ്കില്‍ കൂടി, ആര്‍ജവം ഉണ്ടാവണമെന്നില്ല. ഇത്തരം വസ്തുതകളെല്ലാം പെരുമ്പാവൂര്‍ സംഭവത്തില്‍ നമുക്കു കണ്ടെത്തുവാന്‍ കഴിയും. സംഭവത്തിന്റെ യഥാര്‍ത്ഥവും വ്യക്തവുമായ ചിത്രം വിശദമായ അന്വേഷണത്തില്‍ തെളിയേണ്ടിയിരിക്കുന്നു.
എന്തുതന്നെയായാലും ഒരു വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെട്ടു. അതു കൊടിയ അപരാധം തന്നെയാണ്. രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മയും, ആശ്രയവും അത്താണിയും നഷ്ടപ്പെട്ടവരായി. കൂലിപ്പണിക്കാരിയായ ഒരമ്മയ്‌ക്കു സ്നേഹധനനായ ഒരു പുത്രനെ നഷ്ടമായി. നെരിപ്പോടായി മാറിയ ഇവരുടെ മനസ്സിലെ തീ ഏതു കോടതിക്കാണ്, ഏതു ഭരണകൂടത്തിനാണ് അണയ്‌ക്കാന്‍ കഴിയുക?
ദുരന്തം മറ്റൊരാളുടേതു മാത്രമാകുമ്പോള്‍ നാമെല്ലാവരും കാഴ്ചക്കാര്‍ മാത്രം. നമ്മുടെ സാന്ത്വന വാക്കുകള്‍ക്കും പ്രതിരോധ ശബ്ദങ്ങളും വെറും വിലയില്ലാത്ത ജല്‍പനങ്ങള്‍ മാത്രമാവും. ഈ വസ്തുതയെ ഉള്‍ക്കൊണ്ടു തന്നെ പറയാം, കേരളത്തിന്റെ പ്രബുദ്ധതാവാദത്തിനുമേല്‍ ഒരു കരിനിഴലായി രഘുവിന്റെ അനുഭവം എന്നും നിലനില്‍ക്കും. ഇതേസമയം നാമെല്ലാവരും നമ്മിലേക്കു തന്നെ ഒന്നു തിരിഞ്ഞു നോക്കുക. നാം ഓരോരുത്തരും മനുഷ്യമൃഗമോ പൂര്‍ണ മൃഗമോ ആയി മാറുന്നുണ്ടോ എന്നു നിരീക്ഷിക്കുക.
പ്രിന്‍സ് രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: