സ്പെക്ട്രം ഇടപാടില്‍ ലേലം ചെയ്യാതെ ആദ്യം വന്നവര്‍ക്ക് ആദ്യംഎന്ന നിലയില്‍ ലൈസന്‍സ് വിറ്റഴിച്ച് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുകവഴി ടെലികോംമന്ത്രാലയവും ധനമന്ത്രാലയവും ചേര്‍ന്ന് ഖജനാവിന് വരുത്തിവെച്ചത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമായിരുന്നു എന്ന് കണ്ടെത്തിയത് സിഎജി ആയിരുന്നു. ഇപ്പോള്‍ സിഎജി വെളിച്ചത്തുകൊണ്ടുവരുന്നത് കല്‍ക്കരി ഉപയോഗിക്കുന്നതിന് വന്‍കിട താപവൈദ്യുതപദ്ധതികള്ക്കേര്പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഇന്‍ഡസ്ട്രീസിന് അനര്‍ഹമായ അനുമതി നല്കി കല്‍ക്കരി ശേഖരം തീറെഴുതിയതുവഴി ഖജനാവിന് 1.20 ലക്ഷം കോടി രൂപ നഷ്ടം വരുത്തിവെച്ചിരിക്കുന്നതാണ്. റിലയന്‍സ് പവര്‍ ലിമിറ്റഡും വൈദ്യുത മന്ത്രാലയവുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം അടുത്ത കാല്നൂറ്റാണ്ടിലേക്കാണ് റിലയന്‍സ് ഈ കല്ക്കരിഖനികള് സ്വന്തമാക്കുന്നത്. രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കവേ രാജ്യത്തെ ഒരു സുപ്രധാന ഊര്‍ജസ്രോതസ്സായ കല്‍ക്കരി ഖാനികളാണ് അനില്‍ അംബാനിക്ക് തീറെഴുതിയിരിക്കുന്നത്. കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെയും പ്രണബ് മുഖര്‍ജിയുടെയും നേതൃത്വത്തിലുള്ള രണ്ട് മന്ത്രിസഭാ സമിതികളാണ് റിലയന്‍സിന് ഗുണകരമാകുന്ന വിധത്തില്‍ നിബന്ധനകള്‍ അട്ടിമറിച്ച് ഈ അവിഹിത ലാഭത്തിന് കളമൊരുക്കിയത്. ഇതോടെ പ്രണബ് മുഖര്‍ജിയുടെ മിസ്റ്റര്‍ ക്ലീന്‍ പ്രതിഛായയും തകര്‍ന്നു.
മധ്യപ്രദേശിലെ സാസന്‍, ഝാര്‍ഖണ്ഡിലെ തിയ്യ പദ്ധതികള്‍ക്കാണ് കല്‍ക്കരി നയത്തില്‍ മാറ്റം വരുത്തി വന്‍നേട്ടം കൊയ്യാന്‍ രണ്ട് മന്ത്രിമാര്‍ ഒത്താശ ചെയ്തത്. സാസനിലെ പദ്ധതിയില്‍നിന്ന് അടുത്ത 25 വര്‍ഷത്തില്‍ 42,000 കോടി രൂപയുടെ അധിക വരുമാനമാണ് റിലയന്‍സിന് ലഭിക്കുക. തിലയ്യയില്നിന്ന് 78,078 കോടി രൂപയുടെ അധികലാഭവും ലഭിക്കും. 4000 മെഗാവാട്ടിനപ്പുറം ശേഷിയുള്ള വന്‍കിട ഉൗര്ജപദ്ധതികള് ആവശ്യത്തിലധികം കല്‍ക്കരി ഉല്പാദിപ്പിച്ചാല് അത് ആ പദ്ധതികളില്‍ത്തന്നെ ഉപയോഗിക്കണമെന്നാണ് നിബന്ധന. പക്ഷെ റിലയന്‍സിന്റെ സാസന്‍ പദ്ധതി ഉല്പാദിപ്പിക്കുന്ന അധികം കല്‍ക്കരി മറ്റു പദ്ധതികള്‍ക്ക് നല്കാന് അനുമതി നല്കുകവഴി അവര്‍ക്ക് കോടികളുടെ അവിഹിത ലാഭത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഇതോടൊപ്പം പ്രണബ് മുഖര്‍ജി തിലയ്യ താപവൈദ്യുതപദ്ധതിക്ക് പുതുക്കിയ നിബന്ധന ബാധകമാക്കി എന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരു നേട്ടവുമില്ലാത്ത ഈ നിയമലംഘനം വന്‍കിടക്കാരെ സഹായിക്കാനാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു. സാസന്‍ പദ്ധതിയിലെ അധിക കല്‍ക്കരി ലഭിക്കുന്നത് മധ്യപ്രദേശിലെ ചിത്രാംഗിയിലുള്ള പദ്ധതിക്കാണ്. കേരളം പവര്‍കട്ടില്‍ പൊരിയുമ്പോള്‍ ചിത്രാംഗി പദ്ധതിയിലൂടെ റിലയന്‍സ് ഒരു യൂണിറ്റിന് 1.26 രൂപ ലാഭം കൊയ്യും.
അഴിമതിയില്‍നിന്നും അഴിമതിയിലേക്ക് വഴുതിവീണ് പ്രതിഛായ നഷ്ടപ്പെട്ട യുപിഎ സര്‍ക്കാരിനെതിരെ ഘടകകക്ഷികള്‍ പോലും ഇപ്പോള്‍ രംഗത്തിറങ്ങുന്നു. യുപിഎയുടെ പ്രതിഛായ തുടരെത്തുടരെ വന്ന അഴിമതികള്‍ തകര്‍ത്തുവെന്ന് എന്‍സിപിയുടെ ശരദ് പവാറും അംഗീകരിക്കുമ്പോള്‍ തിരിച്ചറിയേണ്ടത് വിഘടിതമായ യുപിഎക്കാണ് പാവ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്നത് എന്ന വസ്തുതയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ടിസ്റ്റ ജലവിഭജനത്തില് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഡിഎംകെ വിഘടിച്ചത് അവരുടെ നേതാക്കള്‍ മന്ത്രിയടക്കം അഴിമതിയില്‍പ്പെട്ട് അഴിക്കുള്ളില്‍ ആയപ്പോഴാണ്. ബിജെപി എന്നും യുപിഎയുടെ വിനാശകരമായ നയങ്ങളുടെ നിശിത വിമര്‍ശകരായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അണ്ണാ ഹസാരെയുടെ സമരവും സത്യഗ്രഹവും ലക്ഷ്യംകണ്ടു എന്ന് സമ്മതിക്കുമ്പോള്‍ തന്റെ സര്‍ക്കാരില്‍ അഴിമതി ഘോഷയാത്ര നടന്നു എന്ന് അംഗീകരിക്കുകയാണല്ലോ. അണ്ണാ ഹസാരെ അഴിമതിയുടെ പ്രത്യാഘാതങ്ങളെപ്പറ്റി ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിച്ചു എന്നും അഴിമതി വികസനത്തെ തടസപ്പെടുത്തുന്നു എന്നും അത് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലയെ തകര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി സമ്മതിക്കുകയാണ്. പക്ഷെ ഇതിനൊരന്ത്യം എവിടെ എന്ന് ജനം ചോദിക്കേണ്ടിവരുന്നത് പിന്നെയും പിന്നെയും വന്‍കിടക്കാര്‍ കോടികള്‍ സ്വായത്തമാക്കുന്ന കോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവരുമ്പോഴാണ്. ഇന്ത്യയില്‍ ദാരിദ്ര്യം വര്ധിച്ചുവരികയാണെന്നുള്ളതും വസ്തുതയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: