ന്യൂദല്‍ഹി: തദ്ദേശീയരുടേയും തമിഴ്നാട് സര്‍ക്കാരിന്റേയും ഭയാശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് കൂടംകുളം ആണവപദ്ധതി പരിശോധിക്കാന്‍ ഒരു പതിനഞ്ചംഗ കമ്മറ്റിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആണവവികിരണ സുരക്ഷ, റിയാക്ടര്‍ സുരക്ഷ, ക്യാന്‍സര്‍ പഠനം, ഫിഷറീസ്, ആണവ അവശിഷ്ട നിര്‍മാര്‍ജ്ജനം എന്നീ രംഗത്തെ വിദഗ്ദ്ധരാണ് കമ്മറ്റിയിലുണ്ടാവുക. ഈ കമ്മറ്റി അംഗങ്ങള്‍ കൂടംകുളത്തെ പ്രാദേശിക ജനങ്ങളുമായി ആശയവിനിമയം നടത്തും.
ജപ്പാനിലെ ഫുക്കഷിമ അണക്കെട്ടിലുണ്ടായ ആണവദുരന്തത്തെത്തുടര്‍ന്ന് ആണവനിലയങ്ങളോട് ലോകവ്യാപകമായി ജനങ്ങളില്‍ ഭീതി ഉയര്‍ത്തിയിരുന്നു. റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന കൂടംകുളം പദ്ധതി അവസാന ഘട്ടത്തിലാണ്. താനയച്ച കത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കു ലഭിക്കാത്ത സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഇത്തരം കമ്മറ്റി അംഗങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ പ്രദേശത്തെ ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കപ്പെടുമെന്ന് താന്‍ കരുതുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രം പ്രാദേശികജനതയുടെ ആശങ്കകള്‍ അകറ്റാന്‍ നടപടി കൈക്കൊളളണമെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ കൂടംകുളം ആണവനിലയത്തിനുമുന്നില് ദിവസങ്ങളോളം ഉപരോധം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി നാരായണ സ്വാമി ഈ വിഷയത്തില്‍ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്‍ദ്ദേശം തേടുമെന്നും അറിയിച്ചു.
കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയില്‍ പരിസ്ഥിതി, ആണവ, സമുദ്ര രംഗങ്ങളില്നിന്നുള്ളവരാകുമെന്നും മന്ത്രി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: