കൊച്ചി: ശബരി റെയില്‍വേ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇപ്പോഴത്തെ നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ അര നൂറ്റാണ്ടെങ്കിലും എടുക്കുമെന്ന് കോടതി പരാമര്‍ശം നടത്തി. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ശബരി റെയില്‍പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നിലവിലുള്ള കമ്പോള വിലയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് നിലപാടറിയിക്കാനും ഹൈക്കോടതി റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്കി. നിര്‍ദ്ദിഷ്ട പദ്ധതി കൊല്ലം വരെ നീട്ടുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആക്ഷന്‍ കൗണ്‍സിലാണ് കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍, ജസ്റ്റിസ് പി.എസ് ഗോപിനാഥന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് വര്‍ഷമായി കേരള ജനതയുടെ സ്വപ്നമായി നില്ക്കുന്ന പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്ത് വരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ശബരി റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍, ഫണ്ട് വിനിയോഗം, പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും തുടങ്ങിയ വിവരങ്ങള്‍ സത്യവാങ്മൂലത്തിലൂടെ സമര്‍പ്പിക്കാനും ഹൈക്കോടതി റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: