ന്യൂദല്‍ഹി: വന്‍കിട താപവൈദ്യുത പദ്ധതികളില്‍ കല്‍ക്കരി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യകമ്പനിയായ റിലയന്‍സിന് 1.20 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നതായി കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുടേയും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടേയും നേതൃത്വത്തിലുണ്ടായിരുന്ന രണ്ട് മന്ത്രിസഭാ സമിതികളാണ് റിലയന്‍സിന് ഗുണകരമാകുന്ന വിധത്തില്‍ നിബന്ധനകള്‍ അട്ടിമറിച്ചത്.
റിലയന്‍സിന്റെ കീഴിലുള്ള രണ്ട് അള്‍ട്രാമെഗാ വൈദ്യുത പദ്ധതികളില്‍ ക്രമക്കേടുകള്‍ നടന്നതായാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. മധ്യപ്രദേശിലെ സാസന്‍, ജാര്‍ഖണ്ഡിലെ തിലൈയ എന്നിവിടങ്ങളിലാണ് 4000 മെഗാവാട്ടിന് മേല്‍ ഉത്പാദന ക്ഷമതയുള്ള ഈ പദ്ധതികള്‍ സ്ഥിതിചെയ്യുന്നത്. അള്‍ട്രാമെഗാ നിലയങ്ങള്‍ക്ക് അനുമതി നല്കുമ്പോള് കരാറുകാര്‍ക്ക് ഒരു കല്‍ക്കരി ബ്ലോക്ക് കൂടി അധികമായി നല്‍കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ബ്ലോക്കുകള്‍ അതാത് പദ്ധതികള്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കണമെന്നതായിരുന്നു മുന്‍പുണ്ടായിരുന്ന നിബന്ധന. എന്നാല്‍ റിലയന്‍സിന്റെ സാസന്‍ പദ്ധതിക്ക് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ 2008 ആഗസ്റ്റില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെ അധ്യക്ഷനായ മന്ത്രിസഭാ സമിതി ഈ നിബന്ധന മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു.
അനുവദിക്കപ്പെട്ട ബ്ലോക്കില്‍ അധികംവന്ന കല്‍ക്കരി കരാറുകാരുടെ മറ്റ് പദ്ധതികളില്‍ ഉപയോഗിക്കാമെന്നായിരുന്നു പുതിയ പരിഷ്കാരം. ഇതേത്തുടര്‍ന്ന് മധ്യപ്രദേശിലെ ചിത്രാംഗിയിലുള്ള തങ്ങളുടെ താപവൈദ്യുത നിലയത്തിലേക്ക് 25 വര്‍ഷത്തേക്കുള്ള അധികകല്ക്കരിയാണ് റിലയന്‍സിന് ലഭിച്ചത്. ഈ ഇടപാടിലൂടെ റിലയന്‍സിനുണ്ടായ ലാഭം 42,009 കോടി രൂപയുടേതാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
ഇതോടോപ്പം പ്രണബ് മുഖര്‍ജി നേതൃത്വം നല്കുന്ന മന്ത്രിസഭാ സമിതി റിലയന്‍സിന്റെ കീഴിലുള്ള തിലൈയ താപവൈദ്യുത പദ്ധതിക്കും പുതുക്കിയ നിബന്ധന ബാധകമാക്കി. തിലൈയ പദ്ധതിയില്‍ റിലയന്‍സിന്റെ നേട്ടം 78,079 കോടി രൂപയാണ്. ഊര്‍ജ്ജ പദ്ധതികള്‍ക്കായുള്ള സുപ്രധാന വ്യവസ്ഥ, നിയമം പോലും പരിഗണിക്കാതെയാണ് കേന്ദ്രം മാറ്റിയെഴുതിയതെന്ന് സിഎജി കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് യാതൊരു നേട്ടവമുണ്ടാക്കാത്ത ഇത്തരമൊരു നടപടി വന്‍ കിടക്കാരെ സഹായിക്കാനാണെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മധ്യപ്രദേശിലെ 4000 മെഗാവാട്ട് സാസന്‍ പദ്ധതിയില്‍നിന്നുള്ള അധിക കല്‍ക്കരി റിലയന്‍സ് പവറിന്റെ മറ്റ് പദ്ധതികളിലേക്ക് മാറ്റിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഊര്‍ജമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സാസന്‍ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഖാനികളില്നിന്നുള്ള അധിക കല്‍ക്കരി മധ്യപ്രദേശിലെതന്നെ ചിത്രാംഗിയിലുള്ള മറ്റൊരു പദ്ധതിയിലേക്ക് റിലയന്‍സ് പവര്‍ മാറ്റിയത് വിവാദമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് സിഎജിക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് ഊര്‍ജ സെക്രട്ടറി പി. ഉമാശങ്കര്‍ അറിയിച്ചു.
എന്നാല്‍, അധിക കല്‍ക്കരി ഉപയോഗിക്കാന്‍ മന്ത്രിമാരുടെ ഉന്നതസമിതി അനുമതി നല്‍കിയിട്ടുള്ളതാണെന്നും ഇത് ഖജനാവിന് നഷ്ടം വരുത്തുകയോ കമ്പനിക്ക് അമിതലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും റിലയന്‍സ് പവര്‍ വക്താവ് അവകാശപ്പെട്ടു. 4000 മെഗാവാട്ട് സാസന്‍ അള്‍ട്രാ മെഗാവൈദ്യുത പദ്ധതിക്കു പുറമെ ചിത്രാംഗി ജില്ലയില്‍ മറ്റൊരു പദ്ധതിയും റിലയന്‍സ് പവര്‍ വികസിപ്പിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം, ഝാര്‍ഖണ്ഡിലെ തിലൈയ്യ എന്നിവിടങ്ങളിലും റിലയന്‍സ് പവര്‍ അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ടുകള്‍ നടപ്പാക്കുന്നുണ്ട്. ഇതേസമയം 2ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകള്‍ പുറത്തു കൊണ്ടുവന്ന സിഎജിക്ക് പിന്തുണയുമായി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി രംഗത്തെത്തി. സിഎജി നടത്തിയ എല്ലാ അന്വേഷണങ്ങളും നിയമസാധുതയുള്ളതായി രുന്നുവെന്നും പരിധിവിട്ട യാതൊരു നടപടിയും ഏജന്‍സിയുടെ ഭാഗത്ത്നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രണബ് വ്യക്തമാക്കി. കോമണ്‍ വെല്‍ത്ത്, 2ജി അഴിമതിക്കേസുകളില്‍ സിഎജി നടത്തിയ നിഷ്പക്ഷ്മായ അന്വേഷണങ്ങള്‍ക്കെതിരെ യുപിഎ നേതാക്കള്‍ നിരന്തരം ആക്ഷേപമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖര്‍ജി നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക ക്രമക്കേടുകള്‍ മികച്ച രീതിയില്‍ അന്വേഷിക്കാനുള്ള ചുമതല സിഎജിക്കുണ്ട്, ഭരണഘടനക്ക് വിഘാതമായ ഒന്നും തന്നെ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നതാണ് തന്റെ നിഗമനം. ദല്‍ഹിയില്‍ സാമ്പത്തിക വിദഗ്ധരും പത്രാധിപന്മാരും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണബ്.
സര്‍ക്കാര്‍ വിഭാവനം ചെയ്തതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെന്നും എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ താല്‍ക്കാലിക പ്രതിഭാസം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മൊത്ത വില സൂചിക സുരക്ഷിതമായി നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാരണത്താല്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: