ബെര്‍ലിന്‍: 2.4 ടണ്‍ ഭാരമുള്ള ജര്‍മ്മന്‍ ഉപഗ്രഹം ‘റോസാറ്റ്’ ഈയാഴ്ച ഭൂമിയില്‍ പതിയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2നും 25നും ഇടയിലുള്ള ഏതെങ്കിലുമൊരുദിവസം ഉപഗ്രഹം ഭൂമിയില്‍ പതിയ്‌ക്കുമെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.എന്നാല്‍ എപ്പോള്‍ വീഴുമെന്നോ, എവിടെ വീഴുമെന്നോ ഉള്ള കാര്യം വ്യക്തമല്ലെന്നാണ് ജര്‍മ്മന്‍ സ്പേസ് ഏജന്‍സി അധികൃതരുടെ നിലപാട്.
കാലഹരണപ്പെട്ട അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഭൂമിയില്‍ പതിയ്‌ക്കുമെന്നുള്ള വാര്‍ത്ത ഏറെ ആശങ്കയോടെയാണ് ലോകം നിരീക്ഷിച്ചിരുന്നത്. ഒടുവില്‍ അത് പസഫിക് സമുദ്രത്തില്‍ പതിച്ച് പ്രശ്നം തീര്‍ന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഉപഗ്രഹ മഴ തന്നെയുണ്ടാകാനിടയുണ്ടെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ പേടകം പൊട്ടിച്ചിതറും. വലിയ കഷ്ണങ്ങളോന്നും തന്നെ ഭൂമിയില്‍ പതിയ്‌ക്കാനിടയില്ല. പക്ഷെ ഗ്ലാസ്സുകളും സിറാമിക് കഷ്ണങ്ങളും താഴേക്ക് പതിയ്‌ക്കാനുള്ള സാധ്യതയുണ്ട്. ഉപഗ്രഹം മൂലം ഭൂമിയിലെ ഒരാള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത രണ്ടായിരത്തില്‍ ഒന്നുമാത്രമാണ്. പക്ഷെ നാസയുടെ ഉപഗ്രഹം അപകടമുണ്ടാക്കാനുള്ള സാധ്യത 3200ല്‍ ഒന്നുമാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: