തിരുവനന്തപുരം: കോഴിക്കോട് വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് സൂചന. വെടിവെയ്പ്പ് മനഃപൂര്‍വമല്ലെന്ന് ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളതായും സൂചനയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കു നേരെ അനിവാര്യമായ സാഹചര്യത്തിലാണ് എ.സി.പി വെടിവച്ചതെന്ന് നേരത്തെ ഡി.ജി.പി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു വകുപ്പുതല അന്വേഷണം കൂടി ആകാമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അതിനാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷമായിരിക്കും മറ്റു നടപടികള്‍ ഉണ്ടാകുക.
അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാന്‍ വെടിവയ്പ് വേണ്ടിവന്നുവെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറിയെ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം കോഴിക്കോട്ട് എത്തി പൊലീസുകാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ അടക്കം 27 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു. രാധാകൃഷ്ണപിള്ളയുടെ സുരക്ഷ പരിഗണിച്ച് സ്ഥലം മാറ്റത്തിന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ ശിക്ഷാ നടപടിയെന്ന നിലയിലാകില്ല സ്ഥലമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: