ചെന്നൈ: ജനങ്ങളുടെ ഭീതി അവസാനിപ്പിക്കാതെ കേന്ദ്രം കൂടംകുളം പദ്ധതിയുമായി മുന്നേറരുതെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭിപ്രായം കൂടംകുളത്ത് ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയാവുന്നു. തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര പാനലിലേക്കുള്ള വിദഗ്ദ്ധ സമിതി അംഗങ്ങളുടെ പേര് ഇതുവരെ നല്‍കിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണ സ്വാമിയുടെ അഭിപ്രായം തെറ്റിദ്ധാരണാജനകമാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി. കൂടംകുളം പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഒരു പ്രസ്താവനയില്‍ അവര്‍ അറിയിച്ചു. ജനങ്ങളുടെ ഭീതി പൂര്‍ണ്ണമായും ഒഴിവാക്കാതെ പദ്ധതിയുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോകരുതെന്നാണ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനമെന്ന് ജയലളിത വെളിപ്പെടുത്തി. ഇത് കേന്ദ്രസര്‍ക്കാര്‍ ചെയ്യാത്തതിനാലാണ് ആണവനിലയത്തിനെതിരെ പ്രാദേശികവാസികള്‍ സമരം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യക്കോ മാത്രം ഇതിന്റെ സുരക്ഷാകാര്യങ്ങളെക്കുറിച്ച് അറിവുണ്ടായാല്‍ പോര ഇത് ബോധ്യപ്പെടുത്തി പ്രാദേശികവാസികളുടെ ഭയം ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തവും കേന്ദ്രത്തിനുണ്ട്. തനിക്കെഴുതിയ കത്തുകള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തിയശേഷം മാത്രം അയക്കുന്ന പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ നടപടിയെ അവര്‍ അപലപിച്ചു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഇത്തരം അനുഭവം രണ്ടു പ്രാവശ്യം തനിക്കുണ്ടായതായി ജയലളിത കുറ്റപ്പെടുത്തി. മൂന്നാം പ്രാവശ്യവും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയാകുന്ന തനിക്ക് മറ്റൊരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ജയലളിത അറിയിച്ചു. 2011 ഒക്ടോബര്‍ 4ന് പ്രധാനമന്ത്രി തനിക്കയച്ച കത്ത് ഒക്ടോബര്‍ 7ന് മാധ്യമങ്ങള്‍ക്ക് നല്കി. എന്നാല്‍ ഒക്ടോബര്‍ 10ന് അപേക്ഷിച്ചതിനുശേഷം മാത്രമാണ് സംസ്ഥാനത്തിന് കത്ത് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഇതുപോലെ ഒക്ടോബര്‍ 12ന് പ്രധാനമന്ത്രി കത്തയച്ചതായി പത്രവാര്ത്തകളുണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല.
1000 മെഗാവാട്ട് ശേഷിയുള്ള 2 റിയാക്ടറുകളാണ് കൂടംകുളം ആണവനിലയത്തിനുള്ളത്. ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐഎല്‍) ആഭിമുഖ്യത്തില്‍ റഷ്യന്‍ സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ് കൂടംകുളം പദ്ധതിയില്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: