കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ സ്വത്ത് വിവരം സമയത്ത് സമര്‍പ്പിക്കാത്തതിനാല്‍ അയോഗ്യരാക്കപ്പെടാന്‍ സാധ്യത. ഇത് യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമാകുന്നതിന് കാരണമാകും. യുഡിഎഫിലെ മൂന്നുപേരും ഒരു സിപിഎം കൗണ്‍സിലര്‍ക്കുമാണ് കൗണ്‍സില്‍ സ്ഥാനം നഷ്ടമാകുന്നതിന് ഇടയാകുന്നത്.
1994 ലെ കേരളാ മുനിസിപ്പാലിറ്റി ആക്ട് 143(എ) പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സില്‍ അംഗങ്ങള്‍ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെയുള്ള സ്വത്ത് വിവരം നഗരസഭകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കില്‍ 191(ടി) ആക്ട്പ്രകാരം കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെടും.
നഗരസഭയിലെ കൗണ്‍സിലര്‍മാരായ ടി.കെ.സുരേഷ് (വാര്‍ഡ്-16), ടി.പി.പൗലോസ് (വാര്‍ഡ്-19), എം.ജി.സേതുമാധവന് (വാര്‍ഡ്-25), എസ്.മധുസൂദനന് (വാര്‍ഡ്-35) എന്നിവരാണ് സ്വത്തുവിവരം നല്‍കാത്തത്.
49 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 26 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ രണ്ടുപേര്‍ സ്വതന്ത്രരാണ്. ബിജെപിക്ക് ഒരംഗമുണ്ട്. യുഡിഎഫിലെ മൂന്നുപേര്‍ക്ക് അയോഗ്യത വന്നാല്‍ ഭരണം നഷ്ടമാകും. കൗണ്‍സിലര്‍മാര്‍ അയോഗ്യരായാല്‍ ഈ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
സമയത്ത് സ്വത്തുവിവരം നല്‍കാത്ത കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: