അച്ഛനമ്മമാരോ അദ്ധ്യാപകരോ കുട്ടികളെ ശിക്ഷിക്കുന്നതിന് പിന്നില്‍ അവരുടെ സ്നേഹം മാത്രമാണുള്ളതെങ്കില്‍ക്കൂടിയും ഇന്നത്തെ സമൂഹത്തില്‍ അതിന്റെ പരിണിതഫലം പലപ്പോഴും പൊട്ടിത്തെറിയിലാണ് അവസാനിക്കുക. കാരണം ശിക്ഷണത്തിന്റെ പാര്‍ശ്വഫലമായുണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ അവര്‍ക്ക് അറിയില്ല. എന്നാല്‍ ഗുരുശിഷ്യബന്ധത്തില്‍ ഈ അടിച്ചമര്‍ത്തപ്പെട്ട അമര്‍ഷമെന്ന ഒരു ഘടകമേയില്ല. അവിടെ ശിഷ്യന്റെ മനസ്സ് മുറിപ്പെടാന്‍ തന്നെ ഇടയില്ല. കാരണം ശിഷ്യന് സ്വമേധയാ ഗുരുവിന് വഴങ്ങി ജീവിക്കാന്‍ ഒരുങ്ങിവന്നയാളാണ്. അതുകൊണ്ട് ഗുരുവിന്റെ ശിക്ഷണം തന്റെ നന്മയ്ക്കാണെന്ന ദൃഢമായ ബോധം ശിഷ്യനുണ്ട്. അവിടെ ഗുരുവിനോട് സമര്‍പ്പണമുള്ളതുകൊണ്ട് മനസ്സില്‍ വെറുപ്പും വിദ്വേഷവും അടിഞ്ഞുകൂടുവാന്‍ അവസരമില്ല. ഗുരുവില്‍ നിന്ന് വന്നുചേരുന്നതെന്തും പ്രസാദ ബുദ്ധിയോടെയാണ് ശിഷ്യന് സ്വീകരിക്കുന്നത്. അതുകാരണം ശിക്ഷണം കൊണ്ട് അവന്റെ മനഃപ്രസാദത്തിന് ഒരു മങ്ങലും ഏല്‍ക്കുന്നില്ല. എന്നാല്‍ ശിഷ്യനെ ഗുരുവിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പ്രാപ്തനാക്കുന്നത് സ്വന്തം വിവേകമോ സമര്‍പ്പണമോ മാത്രമല്ല. അതിലുപരി ഗിരുവിന്റെ കരുണയാണ്. അപൂര്‍ണവും വാസനാബദ്ധനുമായ ശിഷ്യനില്‍ പലപ്പോഴും വിവേകത്തെ തട്ടി നീക്കി അഹങ്കാരവും, ക്രോധാദി കിങ്കരന്മാരും തലപൊക്കിയെന്ന് വരാം. അവകാരണം ഗുരുവിന്റെ ശിക്ഷ മനസ്സില്‍ ആഴത്തില്‍ മുറിവേല്പിച്ചെന്നും വരാം. അപ്പോഴൊക്കെ ഗുരുവിന്റെ കരുണ തന്നെയാണ് പ്രധാനമായും ശിഷ്യന് പിടിവള്ളിയാകുന്നത്. ആ കനിവിന്റെ അമൃതലേപനം പുരട്ടിയാല്‍ ഉണങ്ങാത്ത മുറിവേതാണുള്ളത്? ശിഷ്യന്റെ മനസ്സിന്റെ മുറിവുകളില്‍ നിന്നൊലിക്കുന്ന ചലവും പഴുപ്പുമായ ദേഷ്യം, വേദന, വിഷാദം തുടങ്ങിയ പ്രതികൂല ഭാവനകളെ എല്ലാം ഗുരുവിന്റെ കാരുണ്യം നിശേഷം തുടച്ചുനീക്കുന്നു. ശിഷ്യന്റെ ബലഹീനതകള്‍ അറിയുന്ന ആളാണ് ഗുരു. അതുകൊണ്ടദ്ദേഹം അവന്റെ ഉള്ളില്‍ തനിക്കെതിരായി ദേഷ്യമോ എതിര്‍പ്പോ ഉണ്ടായാലും അതെല്ലാം ക്ഷണിക്കുകയും മറക്കുകയും ചെയ്യുന്നു. ഗുരുവിന്റെ കാരുണ്യപൂര്‍ണമായ വാത്സല്യം നിലാവുപോലെ ആവരണം ചെയ്ത് താപത്രയങ്ങളുമകറ്റി ശിഷ്യന് ഉള്ക്കുളിരേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: