തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ അന്വേഷണം ശരിയായ വിധത്തില്‍ നടന്നാല്‍ താന്‍ നല്കിയ നിയമോപദേശം ശരിയെന്ന് വ്യക്തമാകുമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കല്ലട സുകുമാരന്‍ പറഞ്ഞു.
താന്‍ നല്‍കിയതില്‍ നിന്നും വ്യത്യസ്തമായ നിയമോപദേശമാണ് മുന്‍ എ.ജി എം.കെ ദാമോദരന്‍ നല്‍കിയതെന്നും കല്ലട സുകുമാരന്‍ പറഞ്ഞു. ഈ നിയമോപദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന കല്ലട സുകുമാരന്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിയമോപദേശമാണ് നല്‍കിയത്.
എന്നാല്‍ പിന്നീട് എം.കെ ദാമോദരന്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനല്ലെന്ന തരത്തിലുള്ള നിയമോപദേശമാണ് നല്‍കിയത്. എം.കെ ദാമോദരന്‍ കോഴ വാങ്ങി കേസ് അട്ടിമറിച്ചുവെന്ന് റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ദാമോദരനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും തന്നെയും തന്റെ കുടുംബത്തെയും വേട്ടയാടാനുള്ള വി.എസ് അച്യുതാനന്ദന്റെ നീക്കമാണ് ഇതിന് പിന്നിലെന്നുമാണ് ദാമോദരന്‍ പ്രതികരിച്ചത്.
ദാമോദരനെ ചോദ്യം ചെയ്തതിനെക്കുറിച്ച് കല്ലട സുകുമാരന്‍ പ്രതികരിച്ചില്ല. ഐസ്ക്രീം കേസില്‍ സുദീര്‍ഘമായ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ല. ഏഴ് ദിവസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: