Categories: Kerala

ആനന്ദബോസിന്റെ പദവി വിവാദത്തില്‍

Published by

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ അമൂല്യസമ്പത്തിന്റെ മൂല്യനിര്‍ണയം അടുത്തമാസം ഒന്‍പതിനാരംഭിക്കാന്‍ തീരുമാനം. സുപ്രീംകോടതി നിയോഗിച്ച ഉപദേശക, സാങ്കേതിക സമിതികളുടെ സംയുക്തയോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.

ഇതേസമയം വിദഗ്ധസമിതി ചെയര്‍മാന്‍സ്ഥാനത്ത്‌ സി.വി.ആനന്ദബോസ്‌ തുടരുന്നത്‌ വിവാദമായിട്ടുണ്ട്‌. കേന്ദ്രമ്യൂസിയം ഡയറക്ടര്‍ എന്ന നിലയിലാണ്‌ ആനന്ദബോസ്‌ സമിതിയംഗവും ചെയര്‍മാനുമായത്‌. കഴിഞ്ഞ മാസം 20ന്‌ ആനന്ദബോസ്‌ കേന്ദ്രസര്‍വ്വീസില്‍ നിന്നും വിരമിച്ചു. 22ന്‌ കേസ്‌ പരിഗണിച്ച സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. മ്യൂസിയം ഡയറക്ടര്‍ എന്ന പദവി കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊടുക്കുന്നില്ലെങ്കില്‍ കേരള സര്‍ക്കാരിന്‌ ആനന്ദബോസിന്റെ സേവനം ആവശ്യമെങ്കില്‍ ഒരുവര്‍ഷത്തേക്ക്‌ തേടാമെന്ന പരാമര്‍ശം കോടതി നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. അതുകൊണ്ടുതന്നെ ഇന്നലത്തെ യോഗത്തില്‍ ആനന്ദബോസ്‌ പങ്കെടുത്തതും അദ്ധ്യക്ഷപദവിയിലിരുന്നതും ശരിയോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്‌. ആനന്ദബോസ്‌ അപേക്ഷ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാരിന്‌. സുപ്രീംകോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിക്കിട്ടണമെന്നാണ്‌ ആനന്ദബോസിന്റെ നിലപാട്‌.

ശ്രീപത്മനാഭസ്വാമിക്ഷേത്ര മൂല്യനിര്‍ണ്ണയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല എന്ന പരാതിയും ശക്തമാണ്‌. മൂല്യനിര്‍ണ്ണയത്തിനുള്ള പണം ഇതേവരെ അനുവദിച്ചിട്ടില്ല. കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ ഇതിനായി നടപടിയൊന്നും എടുത്തിട്ടില്ല. ശബരിമലയിലെ ഒരുക്കങ്ങളുടെ തിരക്കിലാണെന്ന ന്യായമാണ്‌ ദേവസ്വം വകുപ്പ്‌ പറയുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കാതെ മൂല്യനിര്‍ണ്ണയം സാധ്യമാകില്ല എന്ന വിലയിരുത്തലാണ്‌ ഇന്നലത്തെ യോഗത്തില്‍ ഉണ്ടായത്‌. അതിനാല്‍ അടുത്തമാസം നാലിന്‌ സംയുക്തസമിതിയോഗം ഒന്നുകൂടി ചേര്‍ന്ന്‌ തയ്യാറെടുപ്പുകള്‍ വിലയിരുത്താനും തീരുമാനമായി.

മൂല്യനിര്‍ണയത്തിന്‌ വേണ്ട ആധുനിക യന്ത്രോപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്നും വാങ്ങാന്‍ ആറാഴ്ചവരെ സമയം വേണ്ടിവരും. സര്‍ക്കാരിന്റെയോ കോടതിയുടെയോ ഔദ്യോഗിക നിര്‍ദേശം ലഭിച്ചതിന്‌ ശേഷം മാത്രമെ ഇതിന്‌ ചുമതലപ്പെട്ട കെല്‍ട്രോണിന്‌ സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ. മൂന്നുമാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമിതി കോടതിയില്‍ ഒരുവര്‍ഷം ആവശ്യപ്പെട്ടെങ്കിലും എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നാണ്‌ കോടതി നിര്‍ദേശിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by