കോയമ്പത്തൂര്‍: എണ്‍പതിലെത്തിയിട്ടും മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മനസ്സിന് മിസെയില്‍ വേഗം. പ്രായത്തിന്റെ അവശതകളൊന്നും മനസ്സിനെ തൊട്ടുതീണ്ടാത്ത കലാമിന് ഇന്നും ചെറുപ്പക്കാരുടെ ചുറുചുറുക്കാണ്. കുട്ടികള്‍ക്കും യുവാക്കള്ക്കുമിടയിലെത്തിയാല് അദ്ദേഹം അവരിലൊരാളാവും. സിനിമാതാരങ്ങളെ അടുത്തുകിട്ടുന്നതുപോലെയാണ് കലാമിന് ചുറ്റും അവര്‍ കൂട്ടംകൂടുന്നത്. കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള കൊഡീസിയ ട്രേഡ് കോംപ്ലക്സില്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ അരങ്ങേറിയത് ഈ ദൃശ്യങ്ങളായിരുന്നു.
“കലാം മാമനെ എനിക്ക് ഏറെയിഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രമെടുക്കാതെ ഈ വേദിവിട്ട് പോകില്ലെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്”-കലാമിനെ കാത്ത് നാല് മണിക്കൂറോളം അച്ഛനൊപ്പം കാത്തുനിന്ന അഞ്ചാംക്ലാസുകാരി അപര്‍ണ പ്രിയയുടെ വാക്കുകളാണിത്. കലാമിനെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും സര്‍വകലാശാലകള്‍, കോളേജുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍നിന്നും 9,100ലേറെ വിദ്യാര്‍ത്ഥികളാണ് കൊഡിസിയ മൈതാനിയില്‍ തടിച്ചുകൂടിയത്.
ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തതിന്റെ ക്ഷീണത്തോടെയാണ് അബ്ദുള്‍ കലാം എത്തിയത്. എന്നാല്‍ കുട്ടികളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതോടെ കലാം ഊര്‍ജസ്വലനായി. ‘ലീഡ് ഇന്ത്യ-2020’ എന്ന തന്റെ സംഘടനയെക്കുറിച്ചും അതിന്റെ കോയമ്പത്തൂര്‍ ഘടകം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. “കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകമെമ്പാടമുള്ള 12 ദശലക്ഷം യുവാക്കളെ ഞാന്‍ നേരില്‍ കാണുകയുണ്ടായി. അവരുടെ കാര്യശേഷി എന്നെ ഇപ്പോഴും വിസ്മയിപ്പിക്കുകയാണ്”- കലാം പറഞ്ഞു.
കുട്ടികളോട് തന്റെ സവിശേഷമായ രീതിയില്‍ ആശയവിനിമയം നടത്തിയ കലാം നിങ്ങളിലെത്രപേര്‍ക്ക് ഡോക്ടറും എഞ്ചിനീയറും ഐഎഎസ് ഓഫീസറുമൊക്കെയാവാന് താല്‍പ്പര്യമുണ്ടെന്ന് ചോദിച്ചു. എത്രപേര്‍ക്ക് നല്ല സംരംഭകരാകാന്‍ ആഗ്രഹമുണ്ടെന്ന കലാമിന്റെ ചോദ്യം കുട്ടികളെ വിസ്മയിപ്പിച്ചു. ഇങ്ങനെ നീണ്ടുപോയ ചോദ്യോത്തരവേളയില്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ഗാന്ധിയന്‍ മൂല്യങ്ങളെക്കുറിച്ചുമുള്ള കലാമിന്റെ കാഴ്ചപ്പാടുകള്‍ എന്താണെന്നറിയാന്‍ വിദ്യാര്‍ത്ഥികള്‍ അതിയായ താല്‍പ്പര്യം പ്രകടിപ്പിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും പ്രേരണാദായകമായ ഉത്തരങ്ങള്‍ നല്കി കലാം അവരെ സന്തോഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: