കോഴിക്കോട്: വെസ്തില്‍ ഗവ. എഞ്ചിനീയറിംഗ് കോളജ് മെക്കാനിക്കല്‍ വിഭാഗം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി നിര്‍മ്മല്‍ മാധവിനെ പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാന്‍ തീരുമാനം. നാലാം സെമസ്റ്ററിലേക്കായിരിക്കും പ്രവേശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീമും വിദഗ്ധസമിതിയും സമരസമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ പരിഹാരമായതോടെ രണ്ടു മാസത്തോളമായി അടച്ചിട്ടിരുന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.
മെറിറ്റ് സീറ്റിലാണോ മാനേജ്മെന്റ് സീറ്റിലാണോ നിര്‍മ്മല്‍ മാധവിന്റെ പ്രവേശനമെന്നത് സംബന്ധിച്ച് തീരുമാനമായില്ല. സ്വാശ്രയകോളേജിലെ വിദ്യാര്‍ത്ഥിയായി നിര്‍മ്മല്‍ മാധവിന് ഗവ.കോളേജില്‍ പ്രവേശനം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും വ്യക്തമായ തീരുമാനം കൈക്കൊള്ളാതെ പ്രശ്നം എത്രയും വേഗം തീര്‍ത്ത് കൈകഴുകാനാണ് സര്‍ക്കാരും എസ്എഫ്ഐയും ശ്രമിച്ചത്.
നിര്‍മ്മല്‍ മാധവിന് തുടര്‍പഠനം നിഷേധിക്കുന്ന തരത്തില്‍ ആക്രമണോത്സുക നിലപാട് സ്വീകരിച്ച് സമരം നടത്തി വന്ന എസ്എഫ്ഐ പുതിയ നിര്‍ദ്ദേശം അനുസരിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. നിര്‍മ്മല്‍ മാധവ് വിഷയത്തില്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നും അറിയിച്ചു. ഇതിനിടെ നിര്‍മ്മല്‍ മാധവിനെ കോളേജില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് എംഇഎ കോളേജ്. കോളേജ് മാനേജ്മെന്റുമായി പ്രവേശനക്കാര്യം ആരും ചര്‍ച്ചചെയ്തിട്ടില്ലെന്നും ഇക്കാരണത്താല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നും കോളേജ് സെക്രട്ടറി മമ്മദ് ഫൈസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: