ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍ കണ്ടെത്തിയ സ്ഫോടക വസ്തു ശേഖരം എത്തിച്ചതു പാക് ഭീകരസംഘടന ലഷ്കര്‍- ഇ- തൊയ്ബയെന്നു റിപ്പോര്‍ട്ട്. സിഖ് വിഘടനവാദി സംഘടന ബബര് ഖല്‍സയ്ക്കു വേണ്ടി കശ്മീരില്‍ നിന്നാണ് ഇവയെത്തിച്ചത്.
ഡല്‍ഹിയില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് അറിയിച്ചു. അംബാലയിലെയും പരിസര പ്രദേശങ്ങളിലെയും ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് പ്രത്യേക സെല്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
സ്ഫോടക വസ്തുക്കള്‍ അംബാലയില്‍ വച്ചു ബബര് ഖല്‍സയ്ക്കു കൈമാറാനായിരുന്നു ശ്രമം. ദല്‍ഹി സ്ഫോടനം ആസൂത്രണം ചെയ്തതു ബബര് ഖല്സയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തോടെ ലഷ്കറുമായി ബബര് ഖല്‍സയ്ക്ക് അടുത്ത ബന്ധമുണ്ടെന്നു കരുതുന്നതായും ഈ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
അംബാലയിലെ കാന്റ് റെയില്വേസ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. അഞ്ചു കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ആര്.ഡി.എക്സ്, ഡിറ്റണോനേറ്റര്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: