തൃപ്പൂണിത്തുറ: പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി ചോറ്റാനിക്കരയിലെ ‘അടിയാക്കല്‍’ പാടശേഖരം മാലിന്യക്കൂമ്പാരമായി മാറുന്നു. പ്രദേശത്തെ നിരവധി കര്‍ഷകരുടെ ആശ്രയമായിരുന്ന 60 ഏക്കറോളം വരുന്ന പാടശേഖരം ചോറ്റാനിക്കര ക്ഷേത്രപരിസരങ്ങളിലെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ വര്‍ഷങ്ങളായി തരിശായി കിടക്കുകയാണ്.
ഒട്ടേറെ കാര്‍ഷിക പാടശേഖരങ്ങളുണ്ടായിരുന്ന ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ നാശോന്മുഖമായ പാടശേഖരങ്ങളിലൊന്നാണ് ഇത്. ഏറെക്കാലമായി ഇവിടെ നെല്‍കൃഷി ഇല്ലാതായിട്ട്. കാര്‍ഷിക മേഖലകള്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഭരണം നടത്തിയവര്‍ക്കാര്‍ക്കും താല്പര്യമില്ലാതിരുന്നതും കൃഷി നശിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
മഞ്ഞപ്പിത്ത രോബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഏതാനും വാര്‍ഡുകളില്‍പ്പെട്ടതാണ് അടിയാക്കല്‍ പാടശേഖരം. ചോറ്റാനിക്കരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും എല്ലാവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്നത് അടിയാക്കല്‍ പാടശേഖരങ്ങളിലാണ്. ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങള്‍ക്ക് പുറമെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരും ഇവിടെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കാറുണ്ട്.
വലിയൊരു ഭൂപ്രദേശത്തിന്റെ ജലസ്രോതസ്സുള്‍പ്പെടുന്ന പാടശേഖരത്തിന്റെ സമീപങ്ങളിലെ കിണര്‍ വെള്ളത്തില്‍പ്പോലും കക്കൂസ് മാലിന്യം കലര്‍ന്നിരിക്കുകയാണ്. ചോറ്റാനിക്കരയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം പമ്പ് ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിനടുത്തും കിണറിനടുത്തും മാലിന്യങ്ങള്‍ ഒഴകിയെത്തുന്നു. ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ ഈ പ്രദേശങ്ങളെ അവഗണിക്കുകയാണ്.
ഇരുപ്പുനെല്‍കൃഷി നടത്തിയിരുന്ന ഈ പാടശേഖരം കൃഷിയോഗ്യമാക്കി നെല്ല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നിറവേറ്റപ്പെടാത്ത അവസ്ഥയാണ്. കൃഷി നടത്തിയില്ലെങ്കിലും പാടശേഖരം പകര്‍ച്ച വ്യാധികളുടെ ഉറവിടമാവാതിരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷക സമിതികള്‍ ആവശ്യപ്പെടുന്നത്. ആവശ്യം നേടാന്‍ പ്രക്ഷോഭത്തിനിറങ്ങുന്നതിനും പ്രദേശത്തെ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: