Categories: India

ദിഗ്‌വിജയിന്റെ പ്രസ്താവന അസംബന്ധം: കേജ്‌രിവാള്‍

Published by

ന്യൂദല്‍ഹി: ഹസാരെ രാഷ്‌ട്രപതിയാകാന്‍ പരിശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗിന്റെ പ്രസ്താവന അങ്ങേയറ്റം അസംബന്ധമാണെന്ന്‌ ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.ഹരിയാനയിലെ ഹിസാര്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായി ഹസാരെസംഘം നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഗുണകരമാകുന്നതിന്‌ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷകക്ഷികള്‍ ഹസാരെയെ മുഖംമൂടിയായി ഉപയോഗിക്കുകയാണെന്നുമുള്ള ദിഗ്‌വിജയ്‌ സിംഗിന്റെ കത്തിനോട്‌ പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍.

ഹിസാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ കക്ഷിക്കായല്ല പ്രചാരണം നടത്തുന്നതെന്നും ലോക്പാല്‍ ബില്‍ നടപ്പാക്കാമെന്ന്‌ കേന്ദ്രം ഉറപ്പ്‌ നല്‍കുന്ന പക്ഷം കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ മടി കാണിക്കുന്ന കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യരുതെന്നാണ്‌ ഹസാരെ സംഘം ഹിസാറിലെ വോട്ടര്‍മാരോട്‌ അഭ്യര്‍ഥിക്കുന്നത്‌. കിരണ്‍ ബേദി, മനീഷ്‌ സിസോഡിയ, അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരടങ്ങുന്ന ഹസാരെ സംഘമാണ്‌ ഹിസാറില്‍ പ്രചാരണം നടത്തുന്നത്‌. ഇവരില്‍ അരവിന്ദ്‌ കേജ്‌രിവാളിന്റെ ജന്മദേശമാണ്‌ ഹിസാര്‍. കോണ്‍ഗ്രസിനെതിരായി ഹസാരെ സംഘം പ്രചാരണം തുടങ്ങിയ സാഹചര്യത്തിലാണ്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ ദിഗ്‌വിജയ്‌ സിംഗ,്‌ ഹസാരേയ്‌ക്ക്‌ കത്തെഴുതിയത്‌.

കോണ്‍ഗ്രസ്‌ വിരുദ്ധ ശക്തികള്‍ മുഖം മൂടിയായി ഹസാരെസംഘത്തെ ഉപയോഗിക്കുകയാണെന്ന്‌ സിംഗ്‌ കത്തില്‍ ആരോപിക്കുന്നു. ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പിലാണ്‌ ഹസാരെയെന്നും, ഹസാരെ സംഘത്തിലെ സുഖലോലുപരായ അംഗങ്ങളുടെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക്‌ അദ്ദേഹം ബലിയാടാവുകയാണെന്നും ദിഗ്‌വിജയ്‌ സിംഗ്‌ ഹസാരേക്കയച്ച കത്ത്‌ പറയുന്നു. ഹസാരെ സംഘത്തിലെ സുഖലോലുപരായ അംഗങ്ങള്‍ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക്‌ വേണ്ടി ഹസാരെയെ ചൂഷണം ചെയ്യുകയാണെന്നും. ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാണ്‌ അദ്ദേഹമെന്നുമൊക്കെയാണ്‌ കത്തിലെ മറ്റ്‌ ആരോപണങ്ങള്‍്‌. അടിക്കടി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്ന സിംഗിനെ ഭ്രാന്താശുപത്രിയിലാക്കണമെന്ന്‌ ഹസാരെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by