കണ്ണൂറ്: ചട്ടവിരുദ്ധമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ ഉപരോധസമരത്തെ പോലീസിനെയും ഹോംഗാര്‍ഡിനെയും ഉപയോഗിച്ച് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്തി ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭമുയര്ത്തിക്കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജ് എന്‍ട്രന്‍സ് പരീക്ഷയില്‍ ൨൦൦൦ല് താഴെ റാങ്കുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ൨൨,൭൦൦-ാമത്തെ റാങ്ക് മാത്രം ലഭിച്ച നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം അനുവദിക്കുകയും രണ്ടാമത് സെമസ്റ്റര്‍ പരീക്ഷയെഴുതിയ ശേഷം അഞ്ചാമത് സെമസ്റ്റര്‍ പരീക്ഷക്ക് അനുമതി നല്‍കുകയും ചെയ്തതിനെതിരെയാണ് എസ്എഫ്ഐ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസും വെടിവെപ്പും കൊണ്ട് ക്രൂരമായി നേരിട്ടത്. പോലീസതിക്രമത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ബിജുവിന് മാരകമായി പരിക്കേറ്റു. പോലീസ് അസി.കമ്മീഷണര്‍ രാധാകൃഷ്ണന്‍പിള്ള വധോദ്ദേശത്തോടെ പ്രവര്‍ത്തകരുടെ നെഞ്ചിന് നേരെ നിറയൊഴിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും പിണറായി പറഞ്ഞു. അസി.കമ്മീഷണര്‍ക്ക് വെടി വെക്കാനുള്ള ഉത്തരവ് ആരുനല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരത്തിലുള്ള സമരത്തെ വെടിവെപ്പ് കൊണ്ട് നേരിടാനുള്ള സര്‍ക്കാരിണ്റ്റെ നീക്കത്തിനെതിരെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും വെടിവെപ്പ് നടത്തിയ പോലീസുദ്യോഗസ്ഥര്‍ സര്വ്വീസിലുണ്ടാകാന് പാടില്ലെന്നും പിണറായി പറഞ്ഞു. തലശ്ശേരിയിലും കല്ല്യാശ്ശേരിയിലും കെ.സുധാകരന് സിപിഎമ്മിന് വേണ്ടി വോട്ട് മറിച്ചുവെന്ന പി.രാമകൃഷ്ണണ്റ്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പ്രശ്നം അവര്‍ തമ്മില്‍ തീര്‍ക്കണമെന്നും തങ്ങളുടെ ചിലവില്‍ വേണ്ടെന്നും പിണറായി മറുപടി പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: