ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പൂനെയിലെ സി.ഡബ്ലിയു.പി.ആര്.സി നടത്തിയ പരിശോധന സംബന്ധിച്ച് കേരളം നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. പരിശോധനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് കേരളം പരാതി നല്‍കിയത്.
അള്‍ട്രാ സൗണ്ട് സ്കാനിങ് ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധന സംബന്ധിച്ച് മുന്‍കൂട്ടി വിവരം നല്‍കിയില്ലെന്നായിരുന്നു കേരളത്തിന്റെ പരാതി. പരിശോധനാ വിവരം കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ഉന്നതാധികാര സമിതി കണ്ടെത്തി. കൂടാതെ പരിശോധനയില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പങ്കെടുത്തതായി മനസിലാക്കിയെന്നും ഉന്നതാധികാര സമിതി അംഗം ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു.
പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളം നല്കിയ പദ്ധതി രേഖയില്‍ സമിതി സംതൃപ്തി അറിയിച്ചു. പഴയ അണക്കെട്ട് പൊളിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സമിതി കേരളത്തോട് നിര്‍ദ്ദേശിച്ചു. കൂടാതെ പദ്ധതി രേഖ സംബന്ധിച്ച് ഒക്ടോബര്‍ 28നകം മറുപടി നല്കാന് തമിഴ്നാടിനോടും സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: