Categories: Ernakulam

മാലിന്യ സംസ്കരണ പ്ലാന്റ്‌ നിര്‍മ്മിക്കണം: എഡ്രാക്‌

Published by

കൊച്ചി: ബ്രഹ്മപുരത്ത്‌ നിലവിലുള്ള മാലിന്യസംസ്ക്കരണ പ്ലാന്റ്‌ നിര്‍മ്മാണത്തിലെ അപാകതമൂലം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിട്ട്‌ മാസങ്ങളേറെയായി. വികസനക്കുതിപ്പിന്‌ തയ്യാറായിക്കൊണ്ടിരിക്കുന്ന കൊച്ചിയില്‍ മാലിന്യത്തിന്റെ അളവ്‌ അനുദിനം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മൂലം സാധാരണ ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നു. ഈ പശ്ചാത്തലത്തില്‍ കാര്യക്ഷമമായി മാലിന്യസംസ്ക്കരണം സാധ്യമാക്കുന്ന കോയമ്പത്തൂര്‍ മാതൃകയില്‍ ബ്രഹ്മപുരത്ത്‌ പുതിയ മാലിന്യ സംസ്ക്കരണ പ്ലാന്റ്‌ സ്ഥാപിക്കണമെന്ന്‌ എറണാകുളം ജില്ലാ റെസിഡന്റ്സ്‌ അസോസിയേഷന്‍ അപക്സ്‌ കൗണ്‍സില്‍ (എഡ്രാക്‌) ജില്ലാ യോഗം അധികാരികളോട്‌ ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‌ പരിസരശുചിത്വം അത്യാവശ്യമാണെന്ന്‌ യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി ജില്ലയിലെ റെസിഡന്റ്സ്‌ അസോസിയേഷനുകള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച്‌ അടുത്ത ഒരു മാസക്കാലം ആരോഗ്യബോധവല്‍ക്കരണ പരിപാടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന്‌ യോഗം തീരുമാനിച്ചു.

എഡ്രാക്‌ പ്രസിഡന്റ്‌ പി. രംഗദാസപ്രഭു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അജിത്കുമാര്‍, സെക്രട്ടറിമാരായ ഡി.ജി. സുരേഷ്‌, എം.ടി. വര്‍ഗ്ഗീസ്‌, കെ.എ. ഉണ്ണിത്താന്‍, എന്‍. രാധാകൃഷ്ണപിള്ള, ജോസ്‌ ആന്റണി, പി. സുബ്രഹ്മണ്യന്‍, വൈസ്‌ പ്രസിഡന്റ്‌ അബ്ദുള്‍ റഷീദ്‌ ഹാജി, വി.കെ. ശശിധരന്‍, എന്‍. സുകുമാരന്‍, ട്രഷറര്‍ ടി.എസ്‌. മാധവന്‍, വി.കെ. പ്രകാശന്‍, പി. പത്മരാജന്‍, വി. ഷീല എന്നിവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by