വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിന് സമീപം കപ്പല്‍ വെള്ളത്തിനടിയിലുള്ള പാറയിലിടിച്ച് എണ്ണ ചോരുന്ന സംഭവത്തില്‍ ചില ഗൗരവതരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍.കെ പ്രസ്താവിച്ചു. ലൈബീരിയന്‍ കപ്പലായ റാണയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സമുദ്രത്തില്‍ എണ്ണ പടര്‍ന്നുകഴിഞ്ഞു. കരയില്‍നിന്ന് 12 നോട്ടിക്കല്‍ മെയില്‍ അകലെയുള്ള കപ്പലില്‍നിന്ന് 2000 ടണ്‍ എണ്ണ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവിടെ ശക്തിയായ കാറ്റും കോളും ഇന്നുമുതല്‍ ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കപ്പല്‍ പിളര്‍ന്നാല്‍ അതിലുള്ള 1700 ടണ്‍ ഇന്ധനം തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും സീലുകളുടെയും പെന്‍ഗ്വിനുകളുടെയും മറ്റ് പല പക്ഷികളുടെയും ആവാസകേന്ദ്രമായ ഈ പ്രദേശത്തെ സമുദ്രത്തെ മലിനമാക്കും. ബുധനാഴ്ച കപ്പല്‍ പാറയില്‍ തട്ടിയതിനുശേഷം ന്യൂസിലാന്റിലെ വിനോദകേന്ദ്രമായ ബേ ഓഫ് പ്ലെന്റിയിലേക്ക് ഏതാണ്ട് 20 മുതല്‍ 30 വരെ ടണ്‍ എണ്ണ വ്യാപിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കപ്പലിന് അപകടം സംഭവിച്ച സ്ഥലം ഒരു ഹെലിക്കോപ്ടറില്‍ നിരീക്ഷിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി അപകടത്തെക്കുറിച്ച് രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നതായി അറിയിച്ചു. സംഭവസ്ഥലത്ത് എണ്ണ ചോരുന്നത് നിയന്ത്രിക്കാന്‍ നാല് നാവിക കപ്പലുകളും രണ്ട് ബാര്‍ജുകളും ശ്രമിക്കുകയാണ്. ബാര്‍ജുകള്‍ സമുദ്രത്തില്‍ കലര്‍ന്ന എണ്ണ വടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചതായി വാര്‍ത്താലേഖകര്‍ അറിയിച്ചു.
എണ്ണ ചോരുന്ന റാണ എന്ന കപ്പലിനടുത്ത് മറ്റൊരു കപ്പല്‍ നിര്‍ത്തി അതിലേക്ക് എണ്ണ പകരാനും ശ്രമങ്ങള്‍ നടക്കുകയാണ്. ഒരു കപ്പല്‍ ഉറച്ചിരിക്കുകയും അതിനടുത്ത കപ്പല്‍ തിരമാലകളിലായിരിക്കുകയും ചെയ്യുന്നത് ഈ പ്രക്രിയയെ ശ്രമകരമാക്കുന്നു. ന്യൂസിലാന്റ് കടല്‍ തീരങ്ങളില്‍ അടിയാന് സാധ്യതയുള്ള എണ്ണയുടെ അളവ് പരമാവധി കുറക്കുക എന്ന അടിസ്ഥാനത്തിലാണ് ശ്രമങ്ങള്‍ തുടരുന്നത്. എണ്ണച്ചോര്‍ച്ച തടയാന്‍ കഴിയുമോ എന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ അറിയാനാകുമെന്ന് വാര്‍ത്താലേഖകര്‍ അറിയിച്ചു. ഇതിനിടെ പരിസ്ഥിതിവകുപ്പ് രണ്ട് രക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിച്ച് എണ്ണയില്‍ കുതിര്‍ന്ന പക്ഷികളെയും മൃഗങ്ങളെയും രക്ഷിക്കാനുള്ള നടപടികളാരംഭിച്ചു. രണ്ട് നീല പെന്‍ഗ്വിനുകളടക്കം എട്ട് എണ്ണയില്‍ കുതിര്‍ന്ന പക്ഷികളെ ടേമൗങ്കയിലുള്ള കേന്ദ്രത്തിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജലഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്ധന എണ്ണയില്‍ വിഷാംശമുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: